ബാങ്കോക്ക്: പുതുതായി മിസ് യുണിവേഴ്‌സായി കിരീടമണിഞ്ഞ ഫാത്തിമ ബോഷ്, നിറകണ്ണുകളോടെ ആദ്യം ചെയ്തത് കുരിശടയാളം വരച്ച ശേഷം മുകളിലേക്ക് വിരള്‍ ചൂണ്ടി തനിക്ക് വിജയം നല്‍കിയ ദൈവത്തെ ഏറ്റുപറയുകയായിരുന്നു. ഒരു പിങ്ക് ജപമാലയും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും പരിശുദ്ധ കന്യകാമറിയത്തിന്റെ ഫ്രെയിം ചെയ്ത മറ്റൊരു ചിത്രവുമായി മിസ് യുണിവേഴ്‌സിന്റെ വേദിയായ തായ്‌ലെന്‍ഡിലെത്തിയ ബോഷ് വേദിയിലും ജീവിത്തിലും എന്നും യേശുവിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ്.
കിരീടധാരണത്തിനു ശേഷമുള്ള ഫാത്തിമ ബോഷിന്റെ ആദ്യ ഔദ്യോഗിക പ്രസ്താവനയും ദൈവവിശ്വാസത്തിന്റെ ശക്തമായ ഒരു സാക്ഷ്യമായിരുന്നു. കിരിടിധാരണത്തിന് ശേഷമുള്ള പോസ്റ്റില്‍ ബോഷ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്രകാരം കുറിച്ചു – ‘വിവ ക്രിസ്‌തോ റേ’ ( ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ ).
സെപ്റ്റംബറില്‍ മിസ് യൂണിവേഴ്‌സ് മെക്‌സിക്കോയായി കിരീടം ധരിച്ചപ്പോഴും ദൈവത്തിന് മഹത്വം നല്‍കി ബോഷ് ശ്രദ്ധ നേടിയിരുന്നു. സ്ത്രീകളുടെ അന്തസും മാന്യതയും ഉയിര്‍ത്തിപ്പിടിച്ചുകൊണ്ട് മിസ് യുണിവേഴ്‌സ് വേദിയില്‍ നടത്തിയ ഒരു പ്രതിഷേധ വാക്ക്ഔട്ടോടെ ആരംഭിച്ച ബോഷിന്റെ പോരാട്ടം ഈ വിജയത്തെ അനന്യമാക്കുന്നു. നവംബര്‍ തുടക്കത്തില്‍, മിസ് യൂണിവേഴ്‌സ് തായ്ലന്‍ഡിന്റെയും മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെയും ഡയറക്ടര്‍ നവത് ഇറ്റ്‌സരാഗ്രിസില്‍, മത്സരത്തിന് മുമ്പുള്ള ചടങ്ങിനിടെ സഹമത്സരാര്‍ത്ഥികളുടെ മുന്നില്‍വെച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നായിരുന്നു ബോഷിന്റെ വാക്ക്ഔട്ട്.
ബോഷിനെ ബുദ്ധിയില്ലാത്തവള്‍ എന്ന് വിളിക്കുകയും പ്രതിഷേധിച്ചാല്‍ അയോഗ്യയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ ഫാത്തിമ ബോഷ് പറഞ്ഞ മറുപടിയിലും ക്രിസ്തീയമായ ധീരത പ്രകടമായിരുന്നു.’ എന്റെ അഭിപ്രായം പറയാന്‍ ഞാന്‍ ഭയപ്പെടുന്നില്ല. എനിക്ക് ഒരു ലക്ഷ്യമുണ്ട്. നമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മേക്കപ്പ് ചെയ്യാനും, സ്‌റ്റൈല്‍ ചെയ്യാനും, വസ്ത്രങ്ങള്‍ മാറ്റാനും ഉള്ള ഒരു പാവയല്ല ഞാന്‍. എല്ലാ സ്ത്രീകള്‍ക്കും, എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്താനും, എന്റെ രാജ്യത്തോട് ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധയാണെന്ന് പറയാനുമാണ് ഞാന്‍ ഇവിടെ വന്നത്,’ എന്നതായിരുന്നു ആ ഭിഷണിക്കുള്ള ബോഷിന്റെ മറുപടി. മിസ് യൂണിവേഴ്‌സ് സംഘാടകര്‍ പിന്നീട് നവാത്തിന്റെ അഭിപ്രായങ്ങളെ അപലപിക്കുകയും, അദ്ദേഹം ബോഷിനോട് ക്ഷമാപണം നടത്തുകയും ചെയ്തു.
















Leave a Comment
Your email address will not be published. Required fields are marked with *