തൃശൂര്‍: 100 വൈദികരും 100 സിസ്‌റേഴ്‌സും മറ്റു ഗായകരും ചേര്‍ന്ന് ആലപിക്കുന്ന ‘സര്‍വ്വേശ’ സംഗീത ആല്‍ബം അണിയറയില്‍ ഒരുങ്ങുന്നു. സര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥന പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയില്‍ ഒരു അന്തര്‍ദേശീയ സംഗീത ശില്പമായി മാറുകയാണ്.
പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനും ‘പാടും പാതിരി’ എന്ന അപരനാമത്തില്‍ പ്രസിദ്ധനുമായ കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ സംഗീത ആല്‍ബത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് പ്രസിദ്ധ വയലിനിസ്റ്റും ദക്ഷിണേന്ത്യയിലേക്കു ലഭിച്ച ഗ്രാമി അവാര്‍ഡുകളില്‍ നിറ സാന്നിധ്യവുമായിരുന്ന മനോജ് ജോര്‍ജ് ആണ്.
മാര്‍ ഇവാനിയോസ് കോളേജിലെ മുന്‍ സംസ്‌കൃത പ്രഫസറും സംസ്‌കൃത പണ്ഡിതനുമായിരുന്ന പ്രഫ. പി.സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് മനോഹരമായ ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ച്യാത്യ സംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട് ഈ ആത്മീയ സംഗീത ആല്‍ബത്തിന്.
സംഗീത ശില്പത്തിന്റെ ഒന്നാം ഭാഗത്തിന്റെ റെക്കോര്‍ഡിങ് തൃശൂര്‍ ചേതന സ്റ്റുഡിയോയിലും രണ്ടാം ഭാഗ റെക്കോര്‍ഡിംഗ് എറണാകുളത്തെ സിഎസി സ്റ്റുഡിയോയിലും നടന്നു. മൂന്നാംഭാഗ റെക്കോര്‍ഡിംഗ് (വെസ്റ്റേണ്‍ ഓര്‍ക്കസ്ട്ര) അമേരിക്കയിലെ ലോസാഞ്ചലസിലെ പ്രസിദ്ധമായ വില്ലജ് സ്റ്റുഡിയോയില്‍ നടക്കും.
മികച്ച റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍മാരായ സജി ആര്‍. നായര്‍, കൃഷ്ണചന്ദ്രന്‍, നിഖില്‍ എന്നിവരാണ് ഇതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എറണാകുളം, എളംകുളം ലിറ്റില്‍ ഫ്‌ലവര്‍ ദൈവാലയത്തില്‍ നടന്ന ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് വളാഞ്ചേരിയും സംഘവു മാണ്. രൂപത്തിലും ഭാവത്തിലും ഭക്തിസാന്ദ്രതയും നവീനത്വവും തുളുമ്പുന്ന ഈ സംഗീത ശില്പം ആസ്വാദകരെ ദിവ്യ അനുഭൂതിയുടെ പുത്തന്‍ലോകത്തേക്കു നയിക്കും.
തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സംഗീത ആവിഷ്‌കാരമായാണ് ഫാ. പൂവത്തിങ്കല്‍ ഇതിനെ കാണുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *