Follow Us On

13

March

2025

Thursday

25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…

25 വര്‍ഷം തടവില്‍ കഴിഞ്ഞ വൈദികന്‍…

തന്റെ 105-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഫാ. ജോസഫ് ഗുവോ ഫുഡ് എസ്‌വിഡി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 2024 ഡിസംബര്‍ 30-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനിംഗില്‍ അന്തരിച്ച അദ്ദേഹത്തിന്റെ മൃതസംസ്‌കാരവേളയില്‍ യാന്‍ഷൗ ബിഷപ് ജോണ്‍ ലു പീസന്‍ ഫാ. ഗുവോയുടെ അസാധാരണമായ വിശ്വസ്തതയെക്കുറിച്ച് ഇപ്രകാരം പറഞ്ഞു,’തന്റെ ജീവിതം പേനയായും സമയത്തെ മഷിയായും ഉപയോഗിച്ച് നിസ്വാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും അത്ഭുതകരമായ കഥ എഴുതുന്നതിന് ജീവിതം മുഴുവന്‍ സമര്‍പ്പിച്ച വൈദികനായിരുന്നു ഫാ. ഗുവോ.’
വൈദികജീവിതത്തിന്റെ 25 വര്‍ഷം തടവില്‍ കഴിഞ്ഞ ഫാ.ഗുവോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കത്തോലിക്ക വിരുദ്ധ നയങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. ചൈനയിലെ ജയിലുകളുടെ ക്രൂരമായ സാഹചര്യങ്ങള്‍ക്ക് നടുവിലും, അഴികള്‍ക്ക് പിന്നിലുള്ള തന്റെ വര്‍ഷങ്ങള്‍ വിശ്വാസത്തില്‍ വളരാനുള്ള അവസരമായി അദ്ദേഹം മാറ്റി. തന്റെ നൂറാം ജന്മദിനത്തില്‍ അദ്ദേഹം ഇപ്രകാരം കുറിച്ചു: ‘എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ജയില്‍ എനിക്ക് ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായി മാറി. ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും ദൈവശുശ്രൂഷയില്‍ തുടരാനും ജയില്‍എനിക്ക് ശക്തി നല്‍കി. ഭൗമിക സമ്പത്ത് ക്ഷണികമാണെന്നും ദൈവത്തിലുള്ള വിശ്വാസം മാത്രമാണ് യഥാര്‍ത്ഥ സമ്പത്തെന്നും ജയിലനുഭവം എന്നെ പഠിപ്പിച്ചു.’

1920 ഫെബ്രുവരി 1-ന് ഷാന്‍ഡോങ്ങില്‍ ജനിച്ച ഗുവോ 13-ാം വയസില്‍ യാന്‍ഷൗവിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1947-ല്‍ സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് സന്യാസസഭയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായി. ജാപ്പനീസ് അധിനിവേശകാലത്ത് ചൈനയില്‍ തന്നെ തുടര്‍ന്ന അദ്ദേഹത്തെ പിന്നീട് തുടര്‍പഠനത്തിനായി മനിലയിലേക്ക് അയച്ചു.
മാവോ സേതുങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണം ഏറ്റെടുത്തതിന്റെ തൊട്ടടുത്ത വര്‍ഷം, മാവോയുടെ സ്വേച്ഛാധിപത്യത്തിന്‍ കീഴില്‍ വര്‍ധിച്ചുവരുന്ന കഠിനമായ അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങള്‍ക്കിടയില്‍ തന്റെ പൗരോഹിത്യ ശുശ്രൂഷ തുടരാന്‍ ഫാ.ഗുവോ ചൈനയിലേക്ക് മടങ്ങി. മറ്റ് പുരോഹിതന്മാരെക്കുറിച്ച് വിവരങ്ങള്‍ ചോര്‍ത്തി നല്‍കണമെന്ന അധികാരികളുടെ ഉത്തരവ് അനുസരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. 1959-ലാണ് ഫാ. ഗുവോയെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. അന്ന് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന് ആരോപണത്തിന്റെ അടിസഥാനത്തില്‍ എട്ടര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 1967-ല്‍, സാംസ്‌കാരിക വിപ്ലവത്തിന്റെ കൊടുമുടിയില്‍, ഫാ.ഗുവോയെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു ‘വിദേശ ചാരന്‍’ എന്ന കുറ്റം ചുമത്തി 12 വര്‍ഷത്തേക്കായിരുന്നു ഇത്തവണ ശിക്ഷ വിധിച്ചത്. 1982-ല്‍ സുവിശേഷവല്‍ക്കരണത്തിന്റെ പേരില്‍ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1980-കളുടെ അവസാനത്തില്‍ ജയില്‍മോചിതനായ ശേഷം, ഫാ. ഗുവോയ്ക്ക് പൗരോഹിത്യശുശ്രൂഷയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ജിനിംഗില്‍ തന്റെ അജപാലന ശുശ്രൂഷ പുനരാരംഭിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു സെമിനാരിയില്‍ വര്‍ഷങ്ങളോളം പഠിപ്പിക്കുകയും 90 വയസിനുശേഷവും അജപാലന ശുശ്രൂഷകള്‍ തുടരുകയും ചെയ്തു.

”പൗരോഹിത്യം ദൈവം നല്‍കിയ ദൈവിക കൃപയാണ്. ലൗകിക ചൈതന്യത്താല്‍ മലിനപ്പെടാതെ പുരോഹിതന്‍ ജനങ്ങളെ സേവിക്കണം. നിങ്ങള്‍ക്കായി ഒന്നും അന്വേഷിക്കാതെ എല്ലാവരെയും സ്‌നേഹിക്കണം. ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും സമീപിക്കാന്‍ യോഗ്യനാകാന്‍ നിങ്ങള്‍ ആദ്യം കുനിഞ്ഞ് മറ്റുള്ളവരുടെ പാദങ്ങള്‍ കഴുകാന്‍ പഠിക്കണം,” ഇതായിരുന്നു പൗരോഹിത്യത്തെക്കുറിച്ചുള്ള ഫാ. ഗുവോയുടെ കാഴ്ചപ്പാട്. ഫാ. ഗുവോയുടെ ആഴമേറിയ വിശ്വാസവും വാക്കുകളും എണ്ണമറ്റ യുവ പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും ഇന്നും പ്രചോദനമേകുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?