Follow Us On

22

November

2024

Friday

ജനുവരി 04: വിശുദ്ധ എലിസബെത്ത് ആന്‍സെറ്റണ്‍

1774 ആഗസ്റ്റ്‌ 28ന് ന്യുയോര്‍ക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആന്‍ എലിസബെത്ത് സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പല്‍ സഭാ വിശ്വാസ രീതിയിലായിരുന്നു അവള്‍ വളര്‍ന്ന്‍ വന്നത്, നല്ല വിദ്യാഭ്യാസവും അവള്‍ക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവള്‍ പാവങ്ങളോട് കരുണയുള്ളവളായിരുന്നു.

1794-ല്‍ അവള്‍ വില്ല്യം സെറ്റണ്‍ എന്നയാളെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ അവര്‍ക്ക് 5 മക്കളുണ്ടായി. വില്ല്യമിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന്‍ അവരുടെ സമ്പത്തെല്ലാം ക്ഷയിക്കുകയും, അവര്‍ 1803-ല്‍ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോര്‍ണോ എന്ന ഇറ്റലിക്കാരന്‍റെ അടുക്കലേക്ക് പോയി. അവര്‍ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോള്‍ വില്ല്യം മരിച്ചു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ 6 മാസത്തിനു ശേഷം വിശുദ്ധ എലിസബെത്ത് ആന്‍ ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവള്‍ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് അവളുടെ, എപ്പിസ്കോപ്പല്‍ സഭയില്‍പ്പെട്ട കൂട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും 1805 മാര്‍ച്ച് 4ന് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാള്‍ട്ടിമോറിലെ സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍, ആ നഗരത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങുവാന്‍ ക്ഷണിക്കുകയുണ്ടായി. അങ്ങനെ സ്ഥാപിക്കപ്പെട്ട സ്കൂള്‍ വളര്‍ന്ന് വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടുകൂടി സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ എലിസബെത്തിനും, അവളുടെ സഹായികള്‍ക്കും സ്യന്യാസ ജീവിതം അനുവദിച്ചു, കൂടാതെ സന്യാസ വൃതവും, ആശ്രമ വസ്ത്രങ്ങളും അനുവദിച്ചു.

1809-ല്‍ വിശുദ്ധ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്‌സ്ബര്‍ഗിലേക്ക് മാറി, അവിടെ അവര്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ‘കരുണയുടെ സഹോദരിമാര്‍’ (Sisters of Charity) എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നു. എന്നിരുന്നാലും പാവങ്ങള്‍ക്ക്, പ്രത്യേകിച്ച് നീഗ്രോ വംശജര്‍ക്ക്‌ വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവള്‍ ഉപേക്ഷിച്ചിരുന്നില്ല. പൊതു വിഷയങ്ങള്‍ക്ക്‌ പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂള്‍ – American Parochial School സമ്പ്രദായത്തിനു അടിത്തറയിട്ടത് വിശുദ്ധയാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും, സ്കൂളുകളില്‍ ഉപയോഗിക്കുവാനായി ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക്‌ സിറ്റിയിലും, ഫിലാഡെല്‍ഫിയായിലും ധാരാളം അനാഥാലയങ്ങളും വിശുദ്ധ സ്ഥാപിച്ചു.

1821 ജനുവരി 4ന് എമ്മിറ്റ്‌സ്ബര്‍ഗില്‍ വച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. 1963-ല്‍ ജോണ്‍ ഇരുപത്തി മുന്നാമന്‍ പാപ്പാ അവളെ വിശുദ്ധ പദവിക്കായി നാമനിര്‍ദ്ദേശം ചെയ്യുകയും, 1975-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ എലിസബെത്ത് ആന്‍സെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?