ജയ്‌സ് കോഴിമണ്ണില്‍
തിരുവല്ല: ബഥനി മിശിഹാനുകരണ സന്യാസ സമൂഹം മുന്‍ പ്രൊക്കുറേറ്റര്‍ ജനറലും കോട്ടൂര്‍ ബഥനി ആശ്രമാംഗവുമായ റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒഐസിയുടെ നവതി-പൗരോഹിത്യവജ്ര ജൂബിലി ഓഗസ്റ്റ് അഞ്ചിന് മാതൃ ഇടവകയായ കല്ലൂപ്പാറ കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ ആഘോഷിക്കും. രാവിലെ 8.45-ന് കൃതജ്ഞതാബലി, 11 മണിക്ക് പൊതുസമ്മേളനം ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.
ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ഡോ. എബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാത്യു റ്റി. തോമസ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. നവതി-പൗരോഹിത്യ വജ്രജൂബിലി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാനവും നടക്കും.
കല്ലൂപ്പാറ തങ്ങളത്തില്‍ ഇടിക്കുള-അന്നമ്മ ദമ്പതികളുടെ ഇളയമകനായി 1933 ജൂലൈ 21-നാണ് ഫാ. ഇഗ്നേഷ്യസ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തില്‍ അംഗമായി. പൂനാ പേപ്പല്‍ സെമിനാരിയില്‍നിന്ന് വൈദികപരിശീലനം പൂര്‍ത്തിയാക്കി. എക്യുമെനിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും പാസ്റ്ററല്‍ തിയോളജിയില്‍ ഡിപ്ലോമയും നേടി.
പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈ വാലയത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ചു. ദീര്‍ഘകാലം കുമ്പഴ ഇടവക വികാരിയായിരുന്നു. മൈലപ്രാ മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥാപകനാണ്. ഓള്‍ കേരളാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. തിരുവനന്തപുരം അതിരൂപതയില്‍ മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സംഘാടകന്‍, റാന്നി-പെരുനാട്-തിരുവനന്തപുരം മാര്‍ ഈവാനിയോസ് തീര്‍ത്ഥാടന പദയാത്രയുടെ തുടക്കക്കാരന്‍, പത്തനംതിട്ട ജില്ലാ രൂപീകരണത്തിലെ മുന്നണി നേതാവ്, ബാഹ്യകേരള മലങ്കര കത്തോലിക്കാ യുവജന-അല്മായ കണ്‍വെന്‍ഷനുകളുടെ ആരംഭകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പൂന, മുംബൈ, അമേരിക്ക എന്നിവിടങ്ങളില്‍ മലങ്കര കത്തോലിക്കാ മിഷനുകള്‍ക്ക് നേതൃത്വം നല്‍കി. പുതിയ ദൈവാലയങ്ങള്‍ പണി കഴിപ്പിച്ചു. മലങ്കര കാത്തലിക് അസോസിയേഷന്‍ തിരുവല്ല അതിരൂപതാ വൈദിക ഉപദേഷ്ടാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1997-ല്‍ കല്ലൂപ്പാറ കേന്ദ്രമാക്കി ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ രൂപീകരിച്ചപ്പോള്‍ പ്രഥമ പ്രസിഡന്റായി.
കാലം ചെയ്ത തിരുവനന്തപുരം ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ്, ഫാ. ഇഗ്നേഷ്യസിന്റെ മുതിര്‍ന്ന സഹോദരനാണ്. അന്നമ്മ ചെറിയാന്‍ പുഷ്പപുരമാണ് ഇളയ സഹോദരി. പരേതരായ റ്റി.ഇ. ഫിലിപ്പോസ്, റ്റി.ഇ. ജോണ്‍, മറിയാമ്മ ഫ്രാന്‍സിസ് കോഴിമണ്ണില്‍, റ്റി.ഇ. മത്തായി, റ്റി.ഇ. കുര്യാക്കോസ്, സിസ്റ്റര്‍ മക്രീനാ എസ്‌ഐസി എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
Leave a Comment
Your email address will not be published. Required fields are marked with *