കോട്ടയം: സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബര്‍ 2 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കര്‍ഷക രക്ഷാവാരം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
വന്യജീവികള്‍ വനാതിര്‍ത്തിക്കുള്ളില്‍ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങുന്ന വന്യജീവി കളെ സംരക്ഷിക്കുവാന്‍ വനംവകുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ നഷ്ട പ്പെടുമ്പോള്‍ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകരുതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകരക്ഷാ പ്രതിജ്ഞയാണ് വേണ്ടതെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
കര്‍ഷക രക്ഷാവാരത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4 മുതല്‍ 10 വരെ സംസ്ഥാനത്തെ 14 ജില്ലകളിലും രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക രക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കര്‍ഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 4ന് കോട്ടയത്ത് നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *