Follow Us On

11

December

2024

Wednesday

ക്ലേശങ്ങള്‍ സഭയ്ക്ക് നല്ലതാണ്‌

ക്ലേശങ്ങള്‍ സഭയ്ക്ക്  നല്ലതാണ്‌

രഞ്ജിത്ത് ലോറന്‍സ്

20 വയസുള്ള വൃദ്ധരെയും 80 വയസുള്ള ചെറുപ്പക്കാരെയും കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് ഡോ. സുകുമാര്‍ അഴീക്കോടാണ്. പാലാ രൂപതയുടെ എമരിറ്റസ് മെത്രാനായ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ഈ മാനദണ്ഡമനുസരിച്ച് ചെറുപ്പക്കാരനാണ്. കാരണം 97-ാം വയസിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രൂപതക്കും സഭയ്ക്കും സമൂഹത്തിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കി അദ്ദേഹം ജീവിതം സാര്‍ത്ഥകമായി മാറ്റുന്നു. മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന പള്ളിക്കാപ്പറമ്പില്‍ പിതാവിന്റെ സാന്നിധ്യവും സാമീപ്യവും രൂപതക്കും സഭക്കും നല്‍കുന്ന പ്രോത്സാഹനം ചെറുതല്ല. മൂന്ന് പതിറ്റാണ്ടോളം മെത്രാനെന്ന നിലയില്‍ പാലാ രൂപതയുടെയും അതിലൂടെ കേരളസഭയുടെയും വളര്‍ച്ചയ്ക്ക് ചുക്കാന്‍പിടിച്ച മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സണ്‍ഡേ ശാലോമിന് നല്‍കിയ പ്രത്യേക അഭിമുഖം.

? മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാനുള്ള അവസരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തികള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. 97-ാം വയസിലും സംതൃപ്തി നിറഞ്ഞ മുഖഭാവം എപ്പോഴും കാത്തുസൂക്ഷിക്കുന്ന പിതാവിന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്താമോ

ഞാന്‍ ഗ്രാമപ്രദേശത്ത് ജനിച്ച മനുഷ്യനാണ്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണരീതികള്‍ ഇല്ല. അമ്മ ഇങ്ങനെ പറയുമായിരുന്നു – ‘അവന് പുരമാങ്ങ തിന്നാലെ തൃപ്തിയാവുകയുള്ളൂ’ എന്ന്. സാമാന്യം നല്ല ആരോഗ്യമുണ്ടായിരുന്നു.”You are 90 now. but your organs are only 45′ (പ്രായം തൊണ്ണൂറ് ഉണ്ടെങ്കിലും ശരീരത്തിലെ അവയവങ്ങള്‍ക്ക് ഇപ്പോഴും 45 വയസിന്റെ ചെറുപ്പമാണ്) എന്നായിരുന്നു കുറച്ചുകാലം മുമ്പ് രാജഗിരി ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്.

മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായിട്ട് കാണുന്നു. ബംഗളൂരു അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മത്തിയാസ് മെത്രാനാണ് അത്തരത്തില്‍ ഇന്ത്യയില്‍ മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിച്ച ഒരു മെത്രാന്‍. കേരളത്തില്‍ തൂങ്കുഴി പിതാവിനും എനിക്കുമാണ് ആ ഭാഗ്യം ലഭിച്ചത്. അടുത്തകാലം വരെ സാമാന്യം നല്ല ആരോഗ്യമുണ്ടായിരുന്നു. ഇപ്പോള്‍ നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. അടുത്തകാലത്തായി സ്വരത്തിന് ചെറിയ പ്രശ്‌നമുണ്ട്. എല്ലാറ്റിലും ഉപരിയായി ലഭിച്ച അനുഗ്രങ്ങളെല്ലാം ദൈവത്തിന്റെ പരിപാലനയായി മനസിലാക്കുന്നു.

? വളരെ അസാധാരണമായ വിധത്തിലാണ് പിതാവിന് ദൈവവിളി ലഭിച്ചത്. ആ സംഭവങ്ങള്‍ വിവരിക്കാമോ

പലരും ചെറുപ്പത്തില്‍ ഇവന്‍ അച്ചനാകുമെന്നൊക്കെ പറയുമായിരുന്നു. അത്തരത്തിലൊരു അനുഭവം പറയാം. ചങ്ങനാശേരി എസ്ബി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിച്ചുകൊണ്ടിരുന്ന കാലം. ഒരു ദിവസം കരിക്ക് വെട്ടി കൈ മുറിഞ്ഞ്, ആ പരിക്കുമായാണ് കോളേജിലെത്തിയത്. അന്ന് കുര്യാസച്ചനായിരുന്നു എസ്ബി കോളജിലെ വാര്‍ഡന്‍. ജോസഫെ, കൈക്ക് എന്ത് പറ്റി എന്ന് അച്ചന്‍ ചോദിച്ചു. കരിക്ക് വെട്ടിയതാണെന്ന് അച്ചനോട് മറുപടി പറഞ്ഞു. കൈവിരല്‍ മുറിഞ്ഞുപോയിരുന്നെങ്കില്‍ അച്ചനാകാന്‍ പറ്റാതെ വരുമായിരുന്നല്ലോ എന്നായിരുന്നു അച്ചന്റെ മറുപടി. വൈദികന്‍ വിരലുകള്‍ കൊണ്ട് ഓസ്തി എടുത്ത് സ്ഥാപനവചനങ്ങള്‍ ചൊല്ലണമെന്നത് അന്ന് നിര്‍ബന്ധമായിരുന്നു. അതാണ് അച്ചന്‍ അങ്ങനെ പറയാന്‍ കാരണം. എങ്കിലും പുരോഹിതനാകുന്നതിനെക്കുറിച്ച് അതുവരെ ചിന്തിച്ചിട്ടില്ലാതിരുന്ന എന്നോട് എന്തിനാണ് അച്ചന്‍ അങ്ങനെ പറഞ്ഞതെന്ന് അന്ന് എനിക്ക് മനസിലായില്ല.

ഇന്റര്‍മീഡിയറ്റിന് ശേഷം തൃശനാപ്പള്ളിയിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ ചേര്‍ന്ന് ഡിഗ്രി ഒന്നാം സ്ഥാനത്തോടെ പാസായി. അന്ന് ദൈവവിളിയുമായി ബന്ധപ്പെട്ട് നാല് ദിവസത്തെ ധ്യാനം കൂടിയെങ്കിലും അതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ സാധിച്ചില്ല. പിന്നെ മദ്രാസിലെ ലയോള കോളേജിലാണ് തുടര്‍വിദ്യാഭ്യാസം നടത്തിയത്. അവിടുത്തെ പഠനം പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഒരു വൈദികന്‍ ഉടന്‍ തന്നെ സെമിനാരിയില്‍ ചേരണമെന്നും അല്ലെങ്കില്‍ ദൈവവിളി നഷ്ടപ്പെടുമെന്നും പറഞ്ഞു. അങ്ങനെ അന്ന് സെമിനാരിയില്‍ ചേരുകയായിരുന്നു.
സെമിനാരിയില്‍ ചേര്‍ന്ന എനിക്ക് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടതായി വരുകയോ ദൈവവിളിയെക്കുറിച്ച് സംശയം തോന്നുകയോ ചെയ്തിട്ടില്ല.

തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം വിസ്മയാവഹമായ വഴികളിലൂടെ നടത്തുകയായിരുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. പൗലോസിനെ കുതിരപ്പുറത്തുനിന്ന് തള്ളിയിട്ടുകൊണ്ട് വിളിച്ച യേശു പത്രോസിനോട് എന്നെ അനുഗമിക്കുക എന്നാണ് ആവശ്യപ്പെട്ടത്. ദൈവം എങ്ങനെയാണ് ഒരു മനുഷ്യനെ വിളിക്കുന്നതെന്നോ ഏത് വിധത്തിലാണ് നയിക്കുന്നതെന്നോ നമുക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കുകയില്ല. ഒരു തരത്തിലും ആഗ്രഹമില്ലാത്ത കാര്യങ്ങളിലൂടെ ദൈവം ചിലപ്പോള്‍ നമ്മെ നടത്തും. ദൈവത്തിന്റെ പരിപാലനയാണത്.

? കുടുംബത്തില്‍ നിന്ന് ലഭിച്ച പരിശീലനം പിതാവിന്റെ ദൈവവിളിയിലും തുടുര്‍ന്നുള്ള ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടോ

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനാണ് എനിക്ക് മാമ്മോദീസാ നല്‍കിയത്. അമ്മവീട് രാമപുരത്താണ്. അമ്മയുടെ ബന്ധുവായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. വീട്ടില്‍ കുടുംബപ്രാര്‍ത്ഥന നിര്‍ബന്ധമായിരുന്നു. എന്റെ ഗ്രാന്റ്ഫാദറായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. കുരിശുമണിയടിച്ചാല്‍ പ്രാര്‍ത്ഥന ആരംഭിക്കും. ഒരുമണിക്കൂറോളം പ്രാര്‍ത്ഥന നീളും. വണക്കമാസം ചൊല്ലുന്ന മാര്‍ച്ച്, മെയ് മാസങ്ങളിലൊക്കെ ധാരാളം പ്രാര്‍ത്ഥനകള്‍ ചൊല്ലാനുണ്ടാകും. സകല വിശുദ്ധരുടെയും ലുത്തിനിയ ഒക്കെ നീണ്ടുപോകും. ഇനി വിശുദ്ധന്‍മാര്‍ ആരുമില്ലേയെന്ന് ഞങ്ങള്‍ തമാശയായി ചോദിച്ചിരുന്നു. ലുത്തിനിയ എന്ന് കേട്ടാല്‍ അപ്പോഴേക്കും കര്‍ത്താവേ അനുഗ്രഹിക്കണമേ എന്ന് ചൊല്ലി തുടങ്ങിയിരിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും അന്ന് കുടുംബത്തില്‍ നിന്ന് ലഭിച്ച ആ പരിശീലനം ജീവിതത്തില്‍ വലിയ ഇംപാക്റ്റ് ഉണ്ടാക്കി. പ്രാര്‍ത്ഥന ഒരു ശീലമായി കുടുംബത്തില്‍ നിന്ന് ലഭിച്ചതിനാല്‍ ഇന്നും പ്രാര്‍ത്ഥന ചൊല്ലാതെ കിടക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ കുടുംബപ്രാര്‍ത്ഥന നിര്‍ബന്ധമായും നടത്തണമെന്ന് ഞാന്‍ എപ്പോഴും നിഷ്‌കര്‍ഷ പുലര്‍ത്താറുണ്ട്. കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വലിയ താല്‍പ്പര്യമൊന്നും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും എല്ലാവരെയും വിളിച്ചുകൊണ്ടുവന്നിരുത്തി കുടുംബപ്രാര്‍ത്ഥന ചൊല്ലുന്നതിലൂടെ കുട്ടികളിലും ആ നല്ല ശീലം രൂപപ്പെടും. ചെറുപ്പത്തില്‍ പ്രാര്‍ത്ഥനയുടെ ഈ ശീലം കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് എത്ര പരിശ്രമിച്ചാലും അത് നല്‍കാന്‍ സാധിക്കില്ല. കുടുംബങ്ങളില്‍ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതെല്ലാം പ്രാര്‍ത്ഥന വഴിയായിട്ടാണ് പരിഹരിക്കപ്പെടേണ്ടത്. പാലാ രൂപതയില്‍ ഇത്രയധികം ദൈവവിളി ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഇവിടുത്തെ കുടുംബങ്ങളില്‍ മുടക്കം കൂടാതെ നടക്കുന്ന പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ട്.

? 2004-ല്‍ 77 -ാമത്തെ വയസിലാണ് പാലാ രൂപതയുടെ മെത്രാന്‍ സ്ഥാനത്ത് നിന്ന് പിതാവ് വിരമിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ പാലാ രൂപതയുടെ മെത്രാനെന്ന നിലയില്‍ നിര്‍വഹിച്ച അജപാലനദൗത്യത്തെ പിതാവ് എങ്ങനെയാണ് വിലയിരുത്തുന്നത്

വടവാതൂര്‍ മേജര്‍ സെമിനാരി റെക്ടറായിരിക്കെയാണ് പാലാ രൂപതയുടെ സഹായമെത്രാനായുള്ള നിയമനം ലഭിക്കുന്നത്. അജപാലനമേഖലയില്‍ പരിചയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും അതിന് ഒഴിവുകഴിവ് നല്‍കാതെ ആ ദൗത്യം ഭരമേല്‍പ്പിക്കുകയായിരുന്നു.
പാലാ രൂപത ഭൂവിസ്തൃതിയില്‍ ഒരു ചെറിയ രൂപതയാണ്. അജപാലന സന്ദര്‍ശനത്തിനായി പോകുമ്പോള്‍ കാറില്‍ കയറി അരയില്‍ കെട്ട് കെട്ടുമ്പോഴേക്കും രൂപതയുടെ അതിര്‍ത്തി കഴിയുമെന്ന് തമാശ പറയാറുണ്ട്. വലിയ വിശ്വാസമുള്ളവരാണ് രൂപതയിലെ ജനങ്ങള്‍. അതുകൊണ്ട് തന്നെയാണ് ധാരാളം ദൈവവിളികള്‍ ഇവിടെ ഉണ്ടായിട്ടുള്ളതും. നല്‍കിയ നിര്‍ദേശങ്ങളെല്ലാം സന്തോഷത്തോടെ സ്വീകരിക്കാന്‍ എല്ലാവരും സന്നദ്ധരായിരുന്നു.

പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നല്ല. അവയെ എങ്ങനെയാണ് നാം സ്വീകരിക്കുന്നതെന്നതാണല്ലോ പ്രധാനം. തെറ്റിദ്ധാരണകള്‍ ഉണ്ടായപ്പോള്‍ അതൊന്നും വലിയ പ്രശ്‌നങ്ങളായി കണക്കാക്കിയില്ല. ലിറ്റര്‍ജിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തര്‍ക്കങ്ങളെല്ലാം വലിയ വിഷമമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ഞാന്‍ എന്നും സഭയോടും പരിശുദ്ധ പിതാവിനോടും വിശ്വസ്തത പുലര്‍ത്തി. പരിശുദ്ധ സിംഹാസനം എന്തുപറഞ്ഞാലും അത് സ്വീകരിച്ചു. ഇഷ്ടപ്പെടാത്ത കാര്യങ്ങളാണെങ്കിലും അനുസരിച്ചു.

? വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ചും അധ്യാപക നിയമനത്തിന്റെയും വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്റെയും കാര്യത്തില്‍ ക്രൈസ്തവികമായ ധാര്‍മികതയും നീതിബോധവും കാത്തുസൂക്ഷിക്കുവാന്‍ പിതാവും പാലാ രൂപതയും എന്നും ശ്രദ്ധിച്ചിരുന്നു. ഈ നീതിനിഷ്ഠ പാലാ രൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായിട്ടുണ്ടോ

വിദ്യാഭ്യാസം ബിസിനസല്ല. വിദ്യാഭ്യാസം വിശുദ്ധ കര്‍മമാണ്. കുട്ടികള്‍ക്ക് കണക്കും ഭൂമിശാസ്ത്രവുമൊക്കെ പറഞ്ഞുകൊടുക്കുക മാത്രമല്ല, നല്ല വ്യക്തിത്വമുള്ളവരാക്കി അവരെ രൂപപ്പെടുത്തുന്ന പ്രക്രിയകൂടിയാണ് അവിടെ നടക്കുന്നത്. “Education is what remains, after one has forgotten what one has learned in school” എന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞിരിക്കുന്നത്. നമ്മള്‍ സ്‌കൂളില്‍ പഠിച്ചതെല്ലാം മറന്നുകഴിഞ്ഞ് അവശേഷിക്കുന്നതെന്തോ അതാണ് വിദ്യാഭ്യാസം. അത് നമ്മുടെ സ്വഭാവമാണ്.

പാലാ രൂപതയുടെ കീഴില്‍ 41 ഹൈസ്‌കൂളുകളാണുള്ളത്. 14 ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍. എട്ടോളം കോളേജുകള്‍. ഇവിടുത്തെ അപ്പോയിന്റുമെന്റുകള്‍ക്ക് രൂപത പണം മേടിക്കാറില്ല. ധാരാളം പണം ഉണ്ടായതുകൊണ്ടല്ല അത്. വലിയ കടബാധ്യത ഉണ്ട്. എങ്കിലും ഇത്തരത്തില്‍ പണം മേടിക്കുന്നത് ദൈവത്തിന് നിരക്കുന്നതല്ല എന്ന ബോധ്യമുള്ളതിനാല്‍ ഒരിടത്തും അപ്പോയിന്റ്‌മെന്റിനും അഡ്മിഷനും രൂപത പണം മേടിക്കുന്നില്ല. +2 തുടങ്ങിയ കാലത്തൊക്കെ പണം കണ്ടെത്താന്‍ പ്രയാസമുണ്ടായിരുന്നു. എന്നാല്‍ അപ്പോയിന്റ്‌മെന്റിന് പണം മേടിക്കാതെ മുമ്പോട്ട് പോകാനാവില്ലെങ്കില്‍ +2 വേണ്ടെന്ന് വയ്ക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. കാരണം വിദ്യാഭ്യാസം ദൈവികപ്രവൃത്തിയാണ്. വിശുദ്ധമാണ്. അത് അലങ്കോലപ്പെടുത്തരുത്.

ബുദ്ധിമുട്ടുകളുണ്ടെങ്കിലും ധാര്‍മികത കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. വലിയ കോളേജ് ഉണ്ടെന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല. മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നവര്‍ അത് പാലിക്കാതിരുന്നാല്‍, ഞണ്ട് പുറകോട്ട് നടന്നിട്ട് കുഞ്ഞുങ്ങളോട് മുമ്പോട്ട് നടക്കാന്‍ പറയുന്നത് പോലാവും. അതുകൊണ്ട് ഷെഡ് കെട്ടി കോളേജ് നടത്തിയാലും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
” Modern man listens more willingly to witnesses than to teachers, and if he does listen to teachers, it is because they are witnesses.” (അധ്യാപകരെക്കാള്‍ കൂടുതലായി മാതൃക കാണിച്ചുതരുന്നവരെയാണ് ആധുനിക മനുഷ്യന്‍ കേള്‍ക്കാന്‍ തയാറാകുന്നത്. അവന്‍ അധ്യാപകരെ കേള്‍ക്കാന്‍ തയാറാകുന്നുണ്ടെങ്കില്‍ അത് അവര്‍ നല്ല മാതൃക നല്‍കുന്നതുകൊണ്ടാണ്) എന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. നന്നായിട്ട് പഠിപ്പിക്കുന്നതിനൊപ്പം നല്ല മാതൃക കാണിക്കുവാനും നമുക്ക് കടമയുണ്ട്.

? അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാന്‍ കോട്ടയത്ത് വന്നപ്പോഴും അതിന് ശേഷവും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി പിതാവ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാമോ

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നുള്ളവരെ വലിയ കാര്യമായിരുന്നു. നല്ല കറുത്ത കണ്ണുള്ളവരാണല്ലോ കേരളീയര്‍. യൂറോപ്യന്‍സ് (രഹസ്യമായി പറഞ്ഞാല്‍) കുറച്ച് പൂച്ചക്കണ്ണുള്ളവരാണ്. ഒരിക്കല്‍ അദ്‌ലിമിന സന്ദര്‍ശനത്തിന് ചെന്നപ്പോള്‍ കേരളത്തില്‍ നിന്നു ള്ളവര്‍ പൊതുദര്‍ശനപരിപാടിയില്‍ വന്ന് നില്‍ക്കുന്നത് കാണുന്നത് വലിയ സന്തോഷമാണെന്ന് പാപ്പാ പറയുകയുണ്ടായി. ഏത് ജനക്കൂട്ടത്തിനിടയിലും ഇന്ത്യാക്കാരുടെ കറുത്ത കണ്ണുകള്‍ പാപ്പ ശ്രദ്ധിക്കും. ഇന്ത്യാക്കാരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ സീറോ മലബാറാണോ എന്ന് പാപ്പ ചോദിക്കുമായിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് വരുന്ന സമയത്ത് മാര്‍പാപ്പയുമായി വ്യക്തിപരമായി വലിയ പരിചയമുണ്ടായിരുന്നില്ല. അന്ന് കോട്ടയം അരമനയിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. വെടിയുണ്ട കൊണ്ടതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഭക്ഷണം അധികം കഴിക്കാന്‍ പാപ്പക്ക് സാധിക്കുമായിരുന്നില്ല. എല്ലാവരും ഭക്ഷണം കഴിക്കുന്നതിനിടെ കുറച്ച് റെസ്റ്റ് എടുക്കണം എന്ന് പറഞ്ഞ് പാപ്പ എഴുന്നേറ്റു. എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നിരുന്നത് രണ്ട് കര്‍ദിനാള്‍മാരായിരുന്നു. നിങ്ങള്‍ക്ക് റെസ്റ്റ് എടുക്കേണ്ടേ എന്ന് ഞാന്‍ അവരോട് ചോദിച്ചു. വേണ്ട, പാപ്പ പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറങ്ങാം എന്നായിരുന്നു അവരുടെ നര്‍മത്തില്‍ ചാലിച്ച മറുപടി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഫലിതപ്രിയനായിരുന്നു. ഒരിക്കല്‍ പടിയറ പിതാവ് പാപ്പായെ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞ കഥ ഇങ്ങനെയായിരുന്നു. ഒരധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചു- ”പൂച്ചയുടെ വാല് പിടിച്ച് വലിക്കുന്നത് ഏത് കല്‍പ്പനയുടെ ലംഘനമാണെന്ന് അറിയാമോ? അമ്പരന്നിരുന്ന വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ പറഞ്ഞത്രെ – ‘ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പിരിക്കാതിരിക്കട്ടെ.’ ഇത് കേട്ട് പാപ്പ പൊട്ടിച്ചിരിച്ചു.
ഒന്‍പത് വയസുള്ളപ്പോഴാണ് പാപ്പയുടെ അമ്മ മരിക്കുന്നത്. 12 വയസുള്ളപ്പോള്‍ ചേട്ടന്‍ മരിച്ചു. ജര്‍മന്‍ അധിനിവേശനകാലത്ത് ഒരു ദിവസം പാപ്പ ജോലി കഴിഞ്ഞു വന്നപ്പോള്‍ അപ്പന്‍ മരിച്ചുകിടക്കുകയാണ്. 1944-ല്‍ വാര്‍സോ വിപ്ലവസമയത്ത് ജര്‍മനിയുടെ രഹസ്യപ്പോലീസായ ‘ഗെസ്താപ്പോയുടെ’ കരങ്ങളില്‍ പെടാതെ പില്‍ക്കാലത്ത് സഭയെ നയിക്കേണ്ട പാപ്പയെ ദൈവം സംരക്ഷിച്ചത് അത്ഭുതാവഹമായ സംഭവമായിരുന്നു. കഷ്ടപ്പാടുകളും വേദനകളുമൊന്നും ശാശ്വതമല്ല, അതിലൂടെയെല്ലാം നാം ദൈവത്തിലേക്ക് അടുക്കുകയാണെന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു പാപ്പയുടെ ചെറുപ്പകാലം.

? കേരളസഭ നേരിടുന്ന വെല്ലുവിളികളെ പിതാവ് എങ്ങനെയാണ് നോക്കി കാണുന്നത്

കേരളസഭ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ സഭക്ക് നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ”ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.”(ഫിലി. 1:29) എന്ന് പൗലോസ് ശ്ലീഹാ ഓര്‍മിപ്പിക്കുന്നുണ്ട്. ഇത് നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ചെറിയൊരു ബുദ്ധിമുട്ടാണ്. നാം ദൈവത്തോട് എല്ലാ കാര്യങ്ങളിലും വിശ്വസ്തതയുള്ളവരായി നിലകൊള്ളണം. തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ മാറും.

കേരളത്തില്‍ ഇന്ന് ചെറിയ കാര്യങ്ങളില്‍ പോലും സഭ ആക്രമിക്കപ്പെടുന്നതിനാല്‍ നാം വളരെ വിജിലന്റാണ്. ഇത് നല്ലതാണ്. എനിക്ക് ഇപ്പോള്‍ കൂടുതല്‍ പ്രത്യാശയുണ്ട്. ശക്തമായ എതിര്‍പ്പുള്ളതുകൊണ്ടാണ് നാം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇന്നത്തെക്കാളും മെച്ചപ്പെട്ട ഭാവിയാണ് ഞാന്‍ സഭക്ക് കാണുന്നത്. സഭ വളരുന്നത് അംഗസംഖ്യയിലല്ല വിശ്വാസത്തിലാണ് എന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ ഓര്‍മിപ്പിക്കുന്നു. വിശ്വാസത്തില്‍ നാം ആഴപ്പെടണം. നമ്മുടെ വേദന സഭക്ക് വേണ്ടി നല്‍കണം. ഞാന്‍ പാലാ രൂപതക്ക് വേണ്ടി സഹിക്കുന്നതില്‍ കാര്യമൊന്നുമില്ല. പാലാ രൂപത വളര്‍ന്നാല്‍ എനിക്കല്ലേ അതില്‍ അഭിമാനമുള്ളത്. അതല്ല. നമ്മുടെ സഹനങ്ങള്‍ സഭക്ക് വേണ്ടിയുള്ളതായി മാറണം.

കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരത്ത് പളളിക്കാപറമ്പില്‍ ദേവസ്യ, കത്രി ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമനായി 1927 ഏപ്രില്‍ പത്താം തിയതി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ജനിച്ചു. 1958 നവംബര്‍ 23-ന് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. 1973 ഓഗസ്റ്റ് 15-ാം തിയതി കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ കൈവയ്പ് വഴി പാലാ രൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
ഏറെ സൗഹൃദത്തോട എല്ലാവരോടും ഇടപെട്ടുകൊണ്ടും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെയും രൂപതയെ നയിച്ച മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ് മൂന്ന് പതിറ്റാണ്ടോളോളം പാലാ രൂപതയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചു. 2004-ല്‍ 77-ാമത്തെ വയസില്‍ പാലാ രൂപതയുടെ മെത്രാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചു. മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന തന്റെ ‘ഹൃദയത്തിനിണങ്ങിയ’ ഈ ഇടയനിലൂടെ രൂപതയ്ക്കും സമൂഹത്തിനും ദൈവം ഇന്നും ധാരാളം കൃപകള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?