Follow Us On

26

November

2024

Tuesday

കാണ്ടമാലിലെ 35 രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി

കാണ്ടമാലിലെ 35 രക്തസാക്ഷികളുടെ  നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി

ഭൂവനേശ്വര്‍ (ഒഡീഷ): പീഡനങ്ങളുടെ നടുവില്‍ ക്രൈസ്തവ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, മരണത്തിനുപോലും ദൈവസ്‌നേഹത്തില്‍നിന്നും വേര്‍പ്പെടുത്താന്‍ കഴിയില്ല എന്ന് ജീവിതംകൊണ്ട് തെളിയിച്ച് രക്തസാക്ഷികളായി മാറിയ കാണ്ടമാലിലെ 35 വിശ്വാസവീരന്മാരുടെ നാമകരണ നടപടി കള്‍ ആരംഭിക്കാന്‍ വത്തിക്കാന്റെ അനുമതി. സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ പീഡനമായിരുന്നു 2008-ല്‍ നടന്ന കാണ്ടമാല്‍ കലാപം. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തില്‍ നിയമസംവിധാനങ്ങള്‍ കലാപകാരികള്‍ക്കൊപ്പമായിരുന്നു. കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 6,000-ത്തിലധികം വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ക്ക് മര്‍ദ്ദനമേറ്റു. ഏതാണ്ട് 56,000 ആളുകള്‍ക്ക് നാടുവിടേണ്ടതായി വന്നിരുന്നു. വനാന്തരങ്ങളില്‍ ഒളിച്ചിരുന്നാണ് അനേകര്‍ ജീവന്‍ രക്ഷിച്ചത്. തുടര്‍ന്ന് മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു ക്രൈസ്തവര്‍.

കാണ്ടമാലില്‍ രക്തസാക്ഷികളായ 24 പുരുഷന്‍മാരുടെയും 11 സ്ത്രീകളുടെയും നാമകരണനടപടികള്‍ ആരംഭിക്കാനാണ് വത്തിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേലി, കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവയ്ക്ക് കൈമാറിയ കത്തുപ്രകാരമാണ് കാണ്ടമാലിലെ രക്തസാക്ഷികളായ ദൈവദാസന്‍ കണ്ടേശ്വര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും നാമകരണ നടപടികള്‍ക്ക്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്റ്'(നോ ഒബ്ജക്ഷന്‍) ലഭ്യമായത്. കട്ടക്ക് -ഭുവനേശ്വര്‍ അതിരൂപതക്കും, ഒഡീഷയിലെ സഭക്കും സഭയ്ക്കാകമാനവും ഇത് ചരിത്രമുഹൂര്‍ത്തമാണെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോ ണ്‍ ബറുവ പ്രതികരിച്ചു. കാണ്ടമാല്‍ രക്തസാക്ഷികളായ ദൈവദാസന്‍ കണ്ടേശ്വര്‍ ഡിഗാളിന്റെയും കൂട്ടാളികളുടെയും ജീവിതത്തെക്കുറിച്ചും വിശുദ്ധിയെക്കുറിച്ചും പുണ്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിന് ദൈവശാസ്ത്രപരമായോ ധാര്‍മികമായോ തടസങ്ങളില്ല എന്നാണ് വത്തിക്കാന്‍ ഈ ‘നിഹില്‍ ഒബ്സ്റ്റാറ്റിലൂടെ’ വ്യക്തമാക്കുന്നത്. ഈ 35 രക്തസാക്ഷികളുടെയും നാമകരണനടപടികള്‍ ആരംഭിക്കുന്നതിനുള്ള അനുമതി തേടി മെയ് 31-ന് ആര്‍ച്ചുബിഷപ് ബറുവ വത്തിക്കാന് കത്തയച്ചിരുന്നു. ബംഗളൂരുവില്‍ നടന്ന സിസിബിഐ സമ്മേളനവും ആര്‍ച്ചുബിഷപ് ബറുവയുടെ നിര്‍ദേശത്തെ പിന്തുണച്ചുകൊണ്ട് വത്തിക്കാന് ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. കാണ്ടമാലിലെ രക്തസാക്ഷികളുടെ ജീവിതം ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് മുഴവന്‍ പ്രചോദനം നല്‍കുന്നതാണെന്നും മരണത്തിന്റെ മുമ്പിലും അടിപതറാതിരുന്ന വിശ്വാസത്തിലൂടെ നമ്മുടെ ആത്മീയ യാത്രയില്‍ മായാത്ത മുദ്രപതിപ്പിച്ചവരാണവരെന്നും ആര്‍ച്ചുബിഷപ് ബറുവ പറഞ്ഞു.

ഹൈന്ദവ നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി 2008 ഓഗസ്റ്റ് 23-ന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘപരിവാര്‍സംഘടനകളുടെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണപരമ്പരയാണ് കാണ്ടമാല്‍ കലാപം. സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തെങ്കിലും ക്രിസ്തീയ വിശ്വാസത്തെ ഒഡീഷയുടെ മണ്ണില്‍ ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി കൊടിയ പീഡനങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. കലാപബാധിതരോട് കരുണയില്ലാത്ത സമീപനമായിരുന്നു സംസ്ഥാന ഗവണ്‍മെന്റ് പുലര്‍ത്തിയത്. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് സുപ്രീംകോടതി ഇടപെടേണ്ടിവന്നു. രാജ്യത്തിന്റെ ഉന്നത നീതിപീഠം വിധിച്ച നഷ്ടപരിഹാരം നല്‍കാതെ വര്‍ഷങ്ങളോളം വൈകിപ്പിക്കുകയും ചെയ്തിരുന്നു.
ക്രിസ്തീയ വിശ്വാസം കാണ്ടമാലില്‍ മാത്രമല്ല, ഒഡീഷയില്‍നിന്നുതന്നെ അപ്രത്യക്ഷമാകുമെന്നായിരുന്നു കലാപകാരികളുടെ കണക്കുകൂട്ടല്‍. പക്ഷേ, കാണ്ടമാലില്‍ ക്രൈസ്തവവിശ്വാസം കൂടുതല്‍ കരുത്താര്‍ജിച്ചതിന്റെ കഥകളാണ് ആ ദേശത്തിന് പറയാനുള്ളത്. ക്രൈസ്തവ വിശ്വാസത്തെ പീഡനങ്ങള്‍ക്കൊണ്ട് തകര്‍ക്കാ ന്‍ ശ്രമിച്ചവര്‍ക്ക് കാണ്ടമാല്‍ മറുപടി ന ല്‍കുന്നത് വിശ്വാസത്തിന്റെ ഗാഥകള്‍ ഉയര്‍ത്തിയാണ്. ഒഡീഷയില്‍ സമര്‍പ്പിത ജീവിതത്തിലേക്ക് ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ കാണ്ടമാലില്‍നിന്നാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?