തിരുവനന്തപുരം: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ് എന്ന സിനിമ നവംബര്‍ 17-ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍ ചിത്രത്തിന്റെ മലയാളം പതിപ്പ് പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ പ്രിവ്യു ഷോ ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോ. എം. സൂസപാക്യം, മോണ്‍. യൂജിന്‍ എച്ച്. പെരേര, ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍, ഫാ. തിയോഡേഷ്യസ് ഡിക്രൂസ് അടക്കമുള്ളവര്‍ പ്രിവ്യു ഷോ കാണുന്നതിനായി എത്തിയിരുന്നു. തിരുവനന്തപുരം അതിരൂപതാ മീഡിയാ കമ്മീഷനാണ് പ്രിവ്യു ഷോ സംഘടിപ്പിച്ചത്.
1995 ഫെബ്രുവരി 25-ന് ഇന്‍ഡോറിലെ നേച്ചമ്പൂര്‍ മലയിടുക്കില്‍ വധിക്കപ്പെട്ട വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന സിനിമ ഷെയ്‌സണ്‍ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റര്‍ റാണി മരിയയായി ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്. പ്രിവ്യൂ ഷോകളില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയാണ് ‘ഫെയ്‌സ് ഓഫ് ദ ഫേസ്‌ലെസ്’ നവംബര്‍ 17-ന് കേരളത്തില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *