Follow Us On

21

November

2024

Thursday

ഉരിയാടുന്ന പയ്യന്‍

ഉരിയാടുന്ന പയ്യന്‍

ഫാ. മാത്യു ആശാരിപറമ്പില്‍

ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ജയസൂര്യ നായകനായി അരങ്ങേറ്റം നടത്തിയ ചലച്ചിത്രമായിരുന്നു ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍.’ സംസാരിക്കാനാവാത്ത ഒരു പെണ്ണിനെ സ്‌നേഹിച്ച് അവള്‍ക്കുവേണ്ടി എന്തും ത്യജിക്കുവാന്‍ തയാറാവുന്ന ഊമയായ യുവാവിനെ സിനിമയില്‍ അവതരിപ്പിച്ച് ജയസൂര്യ ജീവിതത്തില്‍ ഗദ്ഗതങ്ങളാല്‍ വാക്കുകള്‍ മുറിഞ്ഞുപോയ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഉരിയാടിയതിന് അഭിനന്ദിക്കുവാനാണ് ഈ കുറിപ്പ്.

കര്‍ഷകരുടെ നിലവിളികളിലേക്കും നൊമ്പരങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുവാനായി അദ്ദേഹം മന്ത്രിമാരെ ഇരുത്തി പൊതുവേദിയില്‍ പറഞ്ഞ പ്രസംഗം ഗംഭീരമാണ്, ഉദാത്തമാണ്. കര്‍ഷകന്റെ അധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടെന്നും അവനെ പരിഗണിക്കണമെന്നും അവന്റെ ദയനീയാവസ്ഥയെ ചൂഷണം ചെയ്യരുതെന്നുമുള്ള സന്ദേശം വലിയ അലയൊലികള്‍ സമൂഹത്തില്‍ സൃഷ്ടിച്ചു. രാഷ്ട്രീയക്കാര്‍ അവരുടെ രാഷ്ട്രീയക്കണ്ണടകള്‍വച്ച് അവരുടെ ഭാഗം ന്യായീകരിക്കുവാന്‍ ശ്രമിച്ചു. സര്‍ക്കാരിന് കൊടുത്ത നെല്ലിന്റെ വില കിട്ടാതെ കര്‍ഷകര്‍ വിലപിക്കുകയാണെന്നും ഗതികെട്ടാല്‍ ആത്മഹത്യയിലേക്ക് നയിക്കുമെന്നുമുള്ള മുന്നറിയിപ്പ് ഫലിച്ചതിന്റെ വിലാപവുമായിട്ടാണ് ഒരു കര്‍ഷക ആത്മഹത്യകൂടി കഴിഞ്ഞദിവസം കേരളത്തില്‍ സംഭവിച്ചത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് പ്രസാദ് തന്റെ സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ഓഡിയോ കേട്ടപ്പോള്‍ ശരിക്കും ചങ്കുതകര്‍ന്നു.

‘ഞാന്‍ പരാജയപ്പെട്ടുപോയി’ എന്ന് പല പ്രാവശ്യം വിലാപത്തോടെ ഏറ്റുപറയുന്നത് അനേകം കര്‍ഷകരുടെ മനസിന്റെ മുറുമുറുപ്പാണ്.ആരാണ് പരാജയപ്പെടുന്നത്… നന്മയും ഹൃദയവിശുദ്ധിയും ആത്മാര്‍ത്ഥതയും…
ആരാണ് പരാജയപ്പെടുത്തിയത്? ഇന്നത്തെ സമൂഹത്തിന്റെ വികലമായ വീക്ഷണങ്ങളും വികൃതമായ സംവിധാനങ്ങളും. ഈ നിലവിളി കേള്‍ക്കുന്ന ഏതെങ്കിലും യുവാവ് അല്ലെങ്കില്‍ കുട്ടികള്‍ കൃഷിരംഗത്തേക്ക് കടന്നുവരുമോ
എന്ന് ജയസൂര്യ ചോദിച്ചത് തകരുന്ന കേരളത്തിന്റെ ലക്ഷണമായിത്തീര്‍ന്നിരിക്കുന്നു.

‘ചതികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ എന്ന വടക്കന്‍ വീരഗാഥയിലെ പ്രകമ്പനമായ ഡയലോഗ് പോലെയാണ് കര്‍ഷകന്‍. എല്ലാവരുംകൂടി അവനെ തോല്‍പ്പിക്കുകയാണ്. പിടിച്ചുനില്‍ക്കാനാവാതെ സ്വന്തം വാള്‍തുമ്പില്‍ വീണുമരിക്കുന്ന പടയാളിപോലെ അവന്‍ ദുരിതങ്ങള്‍ക്ക് മുമ്പില്‍ മരണത്തെ പുല്‍കുന്നു.

ഒരുകാലത്ത് ജയ്ജവാന്‍, ജയ്കിസാന്‍ എന്നാണ് ഭാരതം മുദ്രാവാക്യം മുഴക്കിയത്. ഇന്ന് ജവാന് മഹത്വവും വരുമാനവും ഉണ്ട് (തീര്‍ത്തും ആവശ്യമാണ്). എന്നാല്‍ കര്‍ഷകന്‍ ആര്‍ക്കും വേണ്ടാത്തവനായി വലിച്ചെറിയപ്പെടുന്നു. ദുഃഖത്തിന്റെയും ദുരിതത്തിന്റെയും നൂല്‍പാലത്തിലൂടെ നടക്കുന്നവന് ആരും സിന്ദാബാദ് വിളിച്ചില്ലെങ്കിലും അവന്റെ അധ്വാനത്തെയും അഭിമാനബോധത്തെയും അംഗീകരിക്കുകയെങ്കിലും വേണമല്ലോ. പാവപ്പെട്ട ഈ കര്‍ഷകന്റെ പാദങ്ങള്‍ ചേറില്‍ ഇറങ്ങുന്നതുകൊണ്ടാണ് നമുക്ക് ചോറില്‍ കൈവയ്ക്കാന്‍ കഴിയുന്നത് എന്ന് മമ്മുക്ക (സിനിമാനടന്‍ മമ്മൂട്ടി) ഒരു അവാര്‍ഡുവിതരണവേദിയില്‍ പറഞ്ഞതാണ് ഈ വര്‍ഷം കര്‍ഷകര്‍ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

ജീവിതത്തിന്റെ ഉയര്‍ന്ന നിലയില്‍ വ്യാപരിക്കുകയും തികച്ചും വ്യത്യസ്തമായ കര്‍മപഥത്തിലായിരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് ഈ ബോധ്യം മനസില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ മഹത്വത്തിന്റെ പൊന്‍തൂവല്‍. പക്ഷേ സര്‍ക്കാരിനോ കൃഷി ഓഫീസര്‍മാര്‍ക്കോ ഈ ബോധ്യം ഉണ്ടോ? ഊണ്‍മേശയില്‍ സമൃദ്ധമായി കഴിക്കുവാന്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കിത്തരുന്ന കര്‍ഷകനെ കേള്‍ക്കാനും അവന്റെ നൊമ്പരങ്ങള്‍ ലഘൂകരിക്കാനും അവനെ സഹായിക്കുവാനും പ്രാപ്തമല്ല ഇന്നത്തെ ഉദ്യോഗസ്ഥരും നിയമസംവിധാനങ്ങളും. ഡല്‍ഹിയില്‍ തണുപ്പും ചൂടും സഹിച്ച് ഒരു വര്‍ഷത്തോളം സമരം ചെയ്തതിനുശേഷമാണ് കര്‍ഷകരെ കേള്‍ക്കാന്‍ അധികാരികള്‍ തയാറായത് എന്നത് അധികാരികളുടെ മനോഭാവത്തെ സൂചിപ്പിക്കുന്നു.

ഇതേ അവസരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സമരം ചെയ്തിരുന്നതെങ്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ എത്ര വേഗത്തില്‍ സംഘടിപ്പിക്കപ്പെടും? ശമ്പള വര്‍ധനവിനും ആനുകൂല്യങ്ങള്‍ക്കും പെന്‍ഷനുംവേണ്ടി സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ എത്രയോ പെട്ടെന്നാണ് കാര്യങ്ങള്‍ സാധിച്ചെടുക്കുന്നത്. സമൂഹത്തിന്റെ പത്തുശതമാനത്തില്‍ താഴെയുള്ള ഈ ഉദ്യോഗസ്ഥവൃന്ദം സുഭിക്ഷമായും സുന്ദരമായും ആര്‍ഭാടമായും ജീവിക്കുമ്പോഴാണ് ജീവിക്കാന്‍ മാര്‍ഗമില്ലാതെ ആയിരക്കണക്കിന് കര്‍ഷകര്‍ ഈ നാട്ടില്‍ ആത്മഹത്യ ചെയ്യുന്നത്. (ശമ്പളവര്‍ധനവിനുവേണ്ടി ആരെങ്കിലും ഉദ്യോഗസ്ഥരോ ജീവനക്കാരോ പ്രക്ഷോഭത്തിനിറങ്ങിയാല്‍ കണ്ണീരോടും നിലവിളികളുമായി അവരെ പ്രതിരോധിക്കുന്ന, തല്ലിയോടിക്കുന്ന കര്‍ഷകരുടെ വന്‍ പ്രതിഷേധറാലി ഞാന്‍ സ്വപ്‌നം കാണുന്നു.) കര്‍ഷകരുടെ ദൈന്യം കാണാത്ത അധികാരികളുടെ കണ്ണും കാതും ശ്രദ്ധയും തല്‍ക്കാലത്തേക്ക് എങ്കിലും കര്‍ഷകരിലേക്ക് തിരിക്കുവാന്‍ ഇടയാക്കിയ ജയസൂര്യ ഉരിയാടാ പയ്യനല്ല, ഉശിരുള്ള ആണ്‍കുട്ടിയാണ്.

കേരളത്തില്‍ ഇന്ന് ദുഃഖവും പരാതികളുമില്ലാത്തവര്‍ ആരുമില്ല എന്ന അവസ്ഥയാണ്. ഏത് തൊഴില്‍വിഭാഗത്തിനും അസംതൃപ്തിയും അസ്വസ്ഥതകളുമാണ്. സ്വര്‍ണക്കടക്കാരനും കരിങ്കല്‍ ക്വാറി മുതലാളിയും ബാര്‍ ഉടമയുമെല്ലാം പരാതി പറയുന്നു. ഏറ്റവും താഴെ അംഗന്‍വാടി ടീച്ചറും ലോട്ടറി വില്‍ക്കുന്നവനും ഉച്ചക്കഞ്ഞിത്തൊഴിലാളിചേച്ചിമാരുംവരെ അസ്വസ്ഥരായിരിക്കുന്നു. എന്തുപറ്റി കുറച്ച് നാളുകളായി നമ്മുടെ കേരളത്തിന്? ഈ ഗണത്തിന്റെ ഏറ്റവും ഗതികെട്ടവനായി കര്‍ഷകരും മാറിയിരിക്കുന്നു. കൃഷികൊണ്ട് ഒരു പ്രയോജനവുമില്ല എന്ന തെറ്റായ അവബോധത്താല്‍ എല്ലാ കൃഷിപ്പണികളില്‍നിന്നും യുവജനങ്ങളും കുട്ടികളും പിന്‍മാറുന്നു. നാടുവിട്ട് അന്യരാജ്യങ്ങളില്‍ പാത്രം കഴുകിയാലും ഇവിടെ മണ്ണ് തൊടാന്‍ പുതുതലമുറ തയാറാകാത്തത്, ചങ്കുപൊട്ടി കരയുന്ന, കടംകയറി മുടിഞ്ഞ, പ്രതീക്ഷകള്‍ തകര്‍ന്ന, കര്‍ഷകരായ തന്റെ അച്ഛന്റെയും അമ്മയുടെയും ചേട്ടന്മാരുടെയും കണ്ണീരും നിലവിളിയും കാണുന്നതുകൊണ്ടാണ്.

ഇവിടെ ഏത് ഇരുപതുവയസുകാരനാണ് റബര്‍ വെട്ടാന്‍ അറിയുന്നത്? നെല്‍പ്പാടത്ത് ഞാറു നടാന്‍ അറിയുന്ന ഏതെങ്കിലും ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഉണ്ടോ? വാഴ നടാനും കപ്പ നടാനും പച്ചക്കറിക്ക് വെള്ളമൊഴിക്കുവാനും ഇവര്‍ക്ക് അറിയാമോ?
ഏലം, ഇഞ്ചി, മഞ്ഞള്‍, മുളക്, ഗ്രാമ്പു, കാപ്പി, തേയില തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ എങ്ങനെ വിളയുന്നുവെന്ന് ഏതെങ്കിലും യുവജനങ്ങള്‍ക്ക് അറിയാമോ? അവരെ മുതിര്‍ന്നവര്‍ പരിശീലിപ്പിച്ചിട്ടുണ്ടോ?

മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുംവേണ്ടി സ്‌കൂളുകളില്‍ കൃഷിപ്പണി ചെയ്യുന്നതല്ലാതെ, കാര്‍ഷികവൃത്തി പുതുതലമുറയ്ക്ക് അന്യമായിത്തീര്‍ന്നിരിക്കുന്നു. നല്ലതൊന്നും ഇവിടെ ഇല്ലാതായാല്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷം നിറഞ്ഞ ആഹാരസാധനങ്ങളും പച്ചക്കറികളും ഇവിടേക്ക് ഒഴുകിയെത്തും. ഇവിടെ എന്തിനാണ് കൃഷിയെന്ന് ഒരു മന്ത്രിതന്നെ ചോദിക്കുകയും ചെയ്തു.

ഈ വിഷം തിന്ന് കൂടുതല്‍ രോഗികള്‍ ഉണ്ടാകുമ്പോള്‍ ആശുപത്രികള്‍ക്കുമാത്രമേ ലാഭമുള്ളൂ എന്ന് നാം തിരിച്ചറിയാന്‍ വൈകുന്നു. വിഷരഹിതമായ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്ന നെല്‍കര്‍ഷകര്‍ കൊടുത്ത നെല്ലിന്റെ വിലക്കുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നു. ദൂരെയെവിടെയോ ഉള്ള ഹമാസിനുവേണ്ടി പ്രകടനങ്ങള്‍ നടത്താനുള്ള വ്യഗ്രതയില്‍, കടംകയറി മുടിഞ്ഞു ആത്മഹത്യയിലേക്ക് നടന്നുനീങ്ങുന്ന കര്‍ഷകന്റെ വിലാപം രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും കേള്‍ക്കുന്നില്ലല്ലോ ദൈവമേ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?