കൊച്ചി: എറണാകുളത്തു നടന്ന പൈതൃക വേഷസംഗമം ശ്രദ്ധേയമായി. പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം നഗരത്തിന് വേറിട്ട കാഴ്ചയായി മാറി. കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന ‘പൈതൃകം 2023’ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ കൃപാസനം ധ്യാന കേന്ദം ഡയറക്ടര്‍ ഫാ. വി.പി ജോസഫ് വലിയ വീട്ടില്‍ പൈതൃക ഭാഷണം നടത്തി.
കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ വരാപ്പുഴ അതിരൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എല്‍സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പൈതൃകസംഗമത്തിന് മുന്നോടിയായി എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പരമ്പരാഗത വേഷത്തില്‍ അണിനിരന്നു. പൈതൃക ക്രിസ്ത്യന്‍ കലാ രൂപങ്ങളായ ചവിട്ടുനാടകവും മാര്‍ഗംകളിയും പരിചമുട്ടുകളിയും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. പഴമയുടെ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാ പരിപാടികളും ഇതിനോടനുബന്നിച്ച് സംഘടിപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *