Follow Us On

24

November

2024

Sunday

റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍

റവ.ഡോ. മത്തായി കടവില്‍ ഒഐസി പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനാധ്യക്ഷന്‍
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് എഫ്രേം ഭദ്രാസനത്തിന്റെ പുതിയ ഇടയനായി, ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരത്തോടെ, മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ ഒഐസിയെ നിയമിച്ചു. നിയമന പ്രഖ്യാപനം ഒരേ സമയം വത്തിക്കാനിലും  പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലും നടന്നു. പട്ടം കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സുന്നഹദോസ് സെക്രട്ടറി തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിയമന പ്രഖ്യാപനം വായിച്ചു. നിയുക്ത മെത്രാനെ കാതോലിക്കാ ബാവ കുരിശുമാല അണിയിച്ചു. പൂനാ-കട്കി ഭദ്രാസനത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് ഹാരമണിയിച്ചു.
മൂവാറ്റുപുഴ രൂപതയിലെ പൂത്തൃക്ക സെന്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയില്‍ കടവില്‍ മത്തായി- അന്നമ്മ ദമ്പതികളുടെ മകനായി 1963-ലാണ് റവ. ഡോ. മത്തായി കടവില്‍ ഒഐസി ജനിച്ചത്. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം 1979-ല്‍ ബഥനി മിശിഹാനുകരണ സന്യാസ ആശ്രമത്തില്‍ പ്രവേശിച്ചു. പൂനാ പേപ്പല്‍ സെമിനാരിയില്‍ നിന്ന് തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി 1989 ഒക്ടോബര്‍ 9-നു വൈദിക പട്ടം സ്വീകരിച്ചു.  തുടര്‍ന്ന് ലൂവൈനിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ബഥനി സന്യാസ പരിശീലന ശുശ്രൂഷയില്‍ റെക്ടറായും, സെന്റ് മേരീസ് മലങ്കര സെമിനാരി പ്രഫസറായും ബഥനി പബ്ലിക്കേഷന്റെയും മലങ്കര സെമിനാരി പബ്ലിക്കേഷന്റെയും ഡയറക്ടറും എഡിറ്ററായും വിവിധ ഇടവകകളുടെ വികാരിയായും സേവനം അനു ഷ്ഠിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പത്തിലധികം ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ഈടുറ്റ ലേഖനങ്ങളുടെ കര്‍ത്താവുമാണ്. 2009 മുതല്‍ 2015 വരെ ബഥനി നവജ്യോതി പ്രോവിന്‍സിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 മുതല്‍ ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകള്‍ അറിയാവുന്ന ബഹുഭാഷാ പണ്ഢിതന്‍ കൂടിയാണ്  ഡോ. മത്തായി കടവില്‍. പരേതയായ ത്രേസ്യാമ്മ, ഫിലിപ്പ് കടവില്‍, ലോസി, അമ്മിണി, ഗ്രേസി എന്നിവര്‍ സഹോദരങ്ങളാണ്.
നിയുക്ത ബിഷപ്പിന്റെ റമ്പാന്‍പട്ട സ്വീകരണം ജനുവരി ഒമ്പതിന് മൂവാറ്റുപുഴ പൂത്തൃക്ക സെന്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിലും മെത്രാഭിഷേകം ഫെബ്രുവരി 14-ന് പൂനയിലും നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?