Follow Us On

15

December

2025

Monday

ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു

ലിയോ 14 -ാമന്‍ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം-‘വിശ്വാസത്തിന്റെ ഐക്യത്തില്‍’ പ്രസിദ്ധീകരിച്ചു
വത്തിക്കാന്‍ സിറ്റി:   പ്രഥമ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്‍ യൂണിറ്റേറ്റ് ഫിഡെയ്’ (വിശ്വാസത്തിന്റെ ഐക്യത്തില്‍) എന്ന അപ്പസ്‌തോലിക ലേഖനം ലിയോ 14-ാമന്‍ പാപ്പ പ്രസിദ്ധീകരിച്ചു. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി, ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തിലാണ് പന്ത്രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.
നിഖ്യാ നഗരത്തില്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റൈന്‍ ഒന്നാമന്‍  ചക്രവര്‍ത്തിയാണ് ഒന്നാം നിഖ്യാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാപ്പ തുര്‍ക്കിയിലേക്ക് നടത്തുന്ന യാത്രയില്‍ അങ്കാറ, ഇസ്താംബൂള്‍ എന്നീ നഗരങ്ങള്‍ക്കൊപ്പം ഒരിക്കല്‍ നിഖ്യാ എന്നറിയപ്പെട്ടിരുന്ന ഇസ്നിക്കും സന്ദര്‍ശിക്കുന്നുണ്ട്. ദൈവശാസ്ത്രപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഏകീകൃതമായ ക്രിസ്തീയ വിശ്വാസ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നതിനുമാണ് എക്യുമെനിക്കല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. ഈ കൗണ്‍സിലിലൂടെ ക്രിസ്തുവിന്റെ ദൈവത്വത്തെ സ്ഥിരീകരിക്കുകയും നിഖ്യ വിശ്വാസപ്രമാണം രൂപപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ സഭയുടെ തുടക്കം മുതല്‍ പ്രഖ്യാപിക്കപ്പെട്ട വിശ്വാസത്തിന്റെ ഐക്യത്തില്‍, ക്രിസ്ത്യാനികള്‍ ഐക്യത്തോടെ നടക്കാനും, സ്‌നേഹത്തോടെയും സന്തോഷത്തോടെയും തങ്ങള്‍ക്ക് ലഭിച്ച സമ്മാനം കാത്തുസൂക്ഷിക്കാനും കൈമാറാനും പാപ്പ അപ്പസ്‌തോലിക ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു. നൂറ്റാണ്ടുകളായി, നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ ഈ ഏറ്റുപറച്ചില്‍ ക്രൈസ്തവരുടെ പൊതു പൈതൃകമാണെന്ന് പാപ്പ അപ്പസ്‌തോലിക ലേഖനത്തില്‍ അടിയവരയിടുന്നു.
നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനെ പ്രമേയമായി സ്വീകരിച്ചിരിക്കുന്ന ഈ ജൂബിലി വര്‍ഷത്തില്‍ ഒന്നാം നിഖ്യാ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷിക നാം ആഘോഷിക്കുന്നത് ‘ദൈവികമായ യാദൃശ്ചികത’ ആണെന്നും പാപ്പ പറഞ്ഞു. ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് എ.ഡി. 325-ലെ കൗണ്‍സിലിന്റെ പ്രഖ്യാപനം ക്രിസ്തീയ വിശ്വാസത്തിന്റെ കാതലാണ്. ഇന്നും, എല്ലാ ഞായറാഴ്ചയും ജിവ്യബലികളില്‍  നിഖ്യ വിശ്വാസപ്രമാണമാണ് ഏറ്റുചൊല്ലുന്നത്. ദുഷ്‌കരമായ ഈ കാലഘട്ടത്തില്‍ ‘ഈ വിശ്വാസപ്രമാണം നമുക്ക് പ്രത്യാശ നല്‍കുന്നു.’ നിഖ്യാ കൗണ്‍സിലിന്റെ എക്യുമെനിക്കല്‍ മൂല്യം ഇന്നും പ്രസക്തമാണ്.
ഓര്‍ത്തഡോക്‌സ്, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുമായും നവോത്ഥാനത്തിന്റെ ഫലമായി രൂപപ്പെട്ട സഭാ സമൂഹങ്ങളുമായും പൂര്‍ണമായ  ഐക്യം ഇതുവരെ സാധ്യമായിട്ടില്ലെങ്കിലും,  ഒരേ ജ്ഞാനസ്‌നാനത്തിലും നിഖ്യ വിശ്വാസപ്രമാണത്തിലും അധിഷ്ഠിതമായി നടത്തുന്ന എക്യുമെനിക്കല്‍ സംഭാഷണങ്ങള്‍ മറ്റ് സഭകളിലെയും സഭാ സമൂഹങ്ങളിലെയും അംഗങ്ങളെ യേശുക്രിസ്തുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരായി അംഗീകരിക്കാനും, ലോകമെമ്പാടുമുള്ള ക്രിസ്തു ശിഷ്യന്മാരുടെ ഏക സാര്‍വത്രിക സമൂഹത്തെ വീണ്ടും കണ്ടെത്താനും ഇടയാക്കിയതാക്കി പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?