ഗുവാഹത്തി: ഖാര്‍ഗുലിയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിബിഐ) രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഫാ. വി.എം. തോമസിന്റെ ആത്മകഥയായ ‘ബില്‍ഡിംഗ് ഡ്രീംസ് – ഷേപ്പിംഗ് ലൈവ്‌സ്’ പ്രകാശനം ചെയ്തു.
അസമിലെ അഡ്വക്കേറ്റ് ജനറലും ബിസിസിഐ സെക്രട്ടറിയുമായ ദേവജിത് സൈകിയയുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനാണ് ഔദ്യോഗികമായി പ്രകാശനകര്‍മം നിര്‍വഹിച്ചത്. ഡോണ്‍ ബോസ്‌കോയിലെ ജീവക്കാര്‍, വൈദികര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.
അസാം ഡോണ്‍ ബോസ്‌കോ യൂണിവേഴ്‌സിറ്റിയുടെ മുന്‍ ചാന്‍സലറും ഹാര്‍വാഡ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഫാ. തോമസ് 1993-ല്‍ ഖാര്‍ഗുലി കുന്നിലേക്ക് ആദ്യമായി നടത്തിയ യാത്ര അനുസ്മരിച്ചു. അന്ന് ആ സ്ഥലം കാട്ടു പുല്ലും പാറകളും മാത്രമായിരുന്നു. ആ നിശബ്ദതയില്‍, അദ്ദേഹത്തിന്റെ കാതുകളില്‍ ഒരു സ്വരം മുഴങ്ങി: ‘വടക്കുകിഴക്കന്‍ മേഖലയിലെ യുവാക്കള്‍ക്കായി ഇവിടെ ഒരു വിളക്കുമാടം പണിയുക.’ ആ സ്വരം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴികാട്ടിയായി മാറി.
ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പോരാട്ടങ്ങളും, ജലക്ഷാമം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളും 2000-ല്‍ മുഖ്യമന്ത്രി പ്രഫുല്ല കൃഷ്ണ മഹന്ത ശിലാസ്ഥാപനം നടത്തിയതും, 2004-ല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തതും, സലേഷ്യന്‍സിന്റെ റെക്ടര്‍ മേജര്‍ ഫാ. പാസ്‌ക്വല്‍ ചാവേസ് സമര്‍പ്പണം നടത്തുന്നതുമടക്കം ഡോണ്‍ ബോസ്‌കോ സര്‍വകലാശാലയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളിലൂടെയുള്ള യാത്രകൂടെയാണീ പുസ്തകം.
വിദ്യാഭ്യാസ ഭരണം, ആസൂത്രണം, സാമൂഹിക നയം എന്നിവയില്‍ ഹാര്‍വാഡില്‍ പരിശീലനം നേടിയെങ്കിലും, ബ്രഹ്‌മപുത്രയുടെ തീരത്താണ് യഥാര്‍ത്ഥ നേതൃത്വപരിശീലനം ലഭിച്ചതെന്ന് ഫാ. തോമസ് പറയുന്നു. യഥാര്‍ത്ഥ നേതൃത്വം ശക്തിയല്ല. അത് ടീം വര്‍ക്കുകളും സേവനവും പ്രവൃത്തിയിലുള്ള സ്‌നേഹമാണെന്നും ഫാ. തോമസ് അടിവരയിടുന്നു. തന്നോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന പ്രവര്‍ത്തിച്ച മറ്റ് മാര്‍ഗദര്‍ശികളെയും, ജീവനക്കാര്‍, ഗുണഭോക്താക്കള്‍ എന്നിവരെയും സഹപ്രവര്‍ത്തകര്‍ എന്നതിലുപരി സഹസ്ഥാപകര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *