Follow Us On

25

November

2025

Tuesday

വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍

വിശ്വാസവീരന്മാരുടെ ചുടുനിണം വീണ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാന്‍
ഭുവനേശ്വര്‍ (ഒഡീഷ): വിശ്വാസവീരന്മാരുടെ നാടായ കാണ്ടമാലില്‍ നിന്നും ഒരു സഹായ മെത്രാനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ വിശ്വാസികള്‍. ലിയോ പതിനാലാമന്‍ മാര്‍പാപ്പ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂ പതയുടെ സഹായ മെത്രാനായി ഫാ. രബീന്ദ്ര കുമാര്‍ റാണ സിങിനെ നിയമിച്ചപ്പോള്‍ വിശ്വാസികള്‍ ദൈവത്തിന് നന്ദിപറഞ്ഞു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൈസ്തവ വേട്ടയായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കാണ്ടമാല്‍ കലാപം. കാണ്ടമാല്‍ കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലാണ്.
ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നത്. 2008-ല്‍ നടന്ന കാണ്ടമാല്‍ കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 5,600 വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. കന്യാസ്ത്രീ അടക്കമുള്ള സ്ത്രീകള്‍ പീഡനത്തിനിരയായി. ആയിരക്കണക്കിന് ആളുകള്‍ക്ക് മര്‍ദ്ദനമേറ്റു. ഏതാണ്ട് 56,000 ആളുകള്‍ക്ക് നാടുവിടേണ്ടതായിവന്നിരുന്നു. വനാന്തരങ്ങളില്‍ ഒളിച്ചിരുന്നാണ് അനേകര്‍ ജീവന്‍ രക്ഷിച്ചത്.
ഈ പവിത്രമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിയുക്ത ബിഷപ് തയ്യാറെടുക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളെയെല്ലാം ക്ഷണിക്കുകയാണെന്ന് കട്ടക്ക്- ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബര്‍വ പറഞ്ഞു.
ഒഡീഷയിലെ കാണ്ടമാല്‍ ജില്ലയിലെ കസബാസ ഗ്രാമത്തില്‍ ജനാസിന്റെയും ഹെലീന റാണസിങിന്റെയും ഏഴ് മക്കളില്‍ മൂത്തമകനായി 1972 ജൂലൈ 9 നാണ് ഫാ. രബീന്ദ്ര കുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ നാല് സഹോദരിമാരില്‍ മൂന്ന് പേര്‍ കന്യാസ്ത്രീകളാണ്. 2001 ഏപ്രില്‍ 18ന് കാണ്ടമാലിലെ ഡാരിംഗ്ബാഡി ഇടവകയില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
കാണ്ടമാലില്‍നിന്നും ക്രൈസ്തവ വിശ്വാസത്തെ പടിയിറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കലാപം ആസൂത്രണം ചെയ്യപ്പെട്ടത്. എന്നാല്‍, സമര്‍പ്പിത ജീവിതത്തിലേക്ക് ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകുന്നത് കാണ്ടമാലിലാണ്. ഒപ്പം ക്രിസ്തീയ വിശ്വാസം അതിവേഗം വളരുന്ന പ്രദേശമായി കാണ്ടമാല്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?