Follow Us On

24

November

2024

Sunday

കലയുടെ 51 വര്‍ഷങ്ങള്‍

കലയുടെ 51 വര്‍ഷങ്ങള്‍

ബേബി മൂക്കന്‍

കേരളത്തിലെ പ്രമുഖ കലാ-സാംസ്‌ക്കാരിക സംഘടനയായ തൃശൂര്‍ അതിരൂപതയുടെ കലാസദന്‍ 51-ാം വാര്‍ഷികം ആഘോഷിക്കുന്നു. 1972 ഡിസംബര്‍ 30-നാണ് കലാസദന്‍ ആരംഭിച്ചത്. കേരളത്തിലെ കത്തോലിക്കാ രൂപതകളില്‍ ഇദംപ്രഥമായി ആരംഭിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളമാണ്. പ്രഥമ പ്രസിഡന്റ് ദൈവദാസന്‍ ഫാ. കനീസിയൂസ് സിഎംഐ. ആയിരുന്നു. ആരംഭകാലത്തു തന്നെ സംഗീതം, നാടകം, സാഹിത്യം, നൃത്തം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.

കേരളത്തില്‍ ആദ്യമായി ഓഡിയോ-സംഗീത കാസറ്റുകള്‍ക്ക് ആരംഭംകുറിച്ചത് കലാസദനായിരുന്നു. മുപ്പത്തിയഞ്ചോളം കാസറ്റുകളും 2 എല്‍.പി. റെക്കോര്‍ഡുകളും പ്രസിദ്ധീകരിച്ചു. സംഗീതലോകത്തെ എക്കാലത്തെയും മികച്ച ഗായകര്‍ക്ക് ഒട്ടേറെ സംഗീതവേദികള്‍ ഒരുക്കാന്‍ കലാസദന് അവസരമുണ്ടായിട്ടുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഗള്‍ഫ്, മലേഷ്യ, സിഗപൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്. കലാകാരന്മാര്‍ക്ക് വേദികളില്ലാതായ കോവിഡ് കാലഘട്ടത്തില്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പത്തോളം സംഗീതവിരുന്നുകള്‍ ഒരുക്കി കലാകാരന്മാര്‍ക്ക് കരുതലാവാന്‍ കഴിഞ്ഞു. ആരംഭകാലം മുതല്‍ തന്നെ സംഗീതോപകരണ ക്ലാസ് നടത്തി വരുന്നു. ഇടവക ഗായകസംഘങ്ങളെ അതിരൂപതതലത്തില്‍ ഏകോപിപ്പിക്കാന്‍ കലാസദനാണ് നേതൃത്വം നല്‍കിയത്.

പ്രൊഫഷണല്‍ നാടകങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഈ നാടകങ്ങളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത് നിരവധിപ്പേരാണ്. പ്രമുഖ നാടക പ്രവര്‍ത്തകര്‍ കലാസദന്‍ നാടകവിഭാഗത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യവര്‍ഷംതന്നെ അഖില കേരള സാഹിത്യ മത്സരങ്ങള്‍ നടത്തി. ത്രിദിന, ഏകദിന ശില്പശാലകള്‍, വിവിധ സിമ്പോസിയങ്ങള്‍, സാഹിത്യസമ്മേളനങ്ങള്‍ തുടങ്ങിയവയും നടത്തിയിട്ടുണ്ട്. 1976ല്‍ അന്നത്തെ എഴുത്തുകാര്‍ക്കുവേണ്ടി ഏകാങ്കം, ലേഖനങ്ങള്‍, ചെറുകഥ, നോവല്‍ എന്നിവ പ്രസിദ്ധീകരിച്ചു. ആരംഭവര്‍ഷങ്ങളില്‍ വിജയകരമായി അവതരിപ്പിച്ചുകൊണ്ടിരുന്ന നൃത്ത-ബാലെ കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും നൃത്തപരിശീലന ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. ചിത്രകലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചിയ്യാരം ഗലീലിയില്‍ 1993 ല്‍ നടത്തിയ ദ്വിദിന കാര്‍ട്ടൂണ്‍ ശില്‍പശാലയില്‍ ക്ലാസുകള്‍ക്ക് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ്, ആര്‍ട്ടിസ്റ്റ് മോഹനന്‍, എം.ഡി. അജയഘോഷ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. 1992 ല്‍ ആരംഭിച്ച മിമിക്രി വിഭാഗം 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.

2023 നവംബറില്‍ സന്യസ്ത പ്രതിഭകള്‍ക്കായി കലാസദന്‍ ഒരുക്കിയ അഖില കേരള ഗാനാലാപനമത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലേ റീജ്യണല്‍ തീയ്യറ്ററില്‍ അരങ്ങേറി. മത്സരങ്ങള്‍ മാര്‍ ടോണി നീലങ്കാവിലും സമാപനസമ്മേളനം മോണ്‍. ജോസ് വല്ലൂരാനും ഉദ്ഘാടനം ചെയ്തു. 51-ാം വാര്‍ഷികത്തിന്റെ ഭാഗമായി അതിരൂപത മതബോധനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയും പൊതുസമ്മേളനവും അവാര്‍ഡുസമര്‍പ്പണവും നടത്തി. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മോണ്‍. ജോസ് വല്ലൂരാന്‍, ഡോ. ഫ്രാന്‍സിസ് ആളൂര്‍, ഫാ. ജിയോ തെക്കിനിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?