Follow Us On

25

November

2024

Monday

സ്‌ട്രെസ്സിന് പ്രതിവിധിയായി മാര്‍പാപ്പ ഒരുക്കുന്ന വിരുന്ന്‌

സ്‌ട്രെസ്സിന് പ്രതിവിധിയായി മാര്‍പാപ്പ ഒരുക്കുന്ന വിരുന്ന്‌

2022 -ല്‍ കാനഡയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ വയോധികനായ ഒരു മനുഷ്യന് അധികൃതര്‍ നിര്‍ദേശിച്ച ‘ചികിത്സ’യായിരുന്നു Maid (Medical Assistance in Dying) അഥവാ ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ. വാര്‍ധക്യത്തിലെത്തിയെങ്കിലും സാമാന്യം നല്ല ആരോഗ്യമുണ്ടായിരുന്ന ആ മനുഷ്യന്‍ ഇതിനെതിരെ പ്രതികരിക്കുകയും ആശുപത്രിയില്‍ നിന്ന് ‘ജീവനും കൊണ്ട് ഓടി’ രക്ഷപെടുകയും ചെയ്തു.

എന്നാല്‍ കാനഡയിലെ പല ആശുപത്രികളിലും ചികിത്സ തേടി എത്തിയ പലരും ഇത്തരത്തിലുള്ള ‘ചികിത്സാ’നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ഇതുവരെ Maid ‘ചികിത്സ’ സ്വീകരിച്ചവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 ജൂണ്‍ 17നാണ് Medical Assistance in Dying അഥവാ ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യക്ക് കാനഡയില്‍ നിയമപ്രാബല്യം ലഭിക്കുന്നത്. 2021 മാര്‍ച്ച് 17ന് മരണകരമായ രോഗമില്ലാത്തവര്‍ക്കും ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുവാന്‍ അനുവാദം നല്‍കുന്ന രീതിയില്‍ ഈ നിയമം ഭേദഗതി ചെയ്തു. കാനഡയില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ആത്മഹത്യ ചെയ്തവരുടെ സംഖ്യ നമ്മെ ഞെട്ടിക്കുന്നതാണ് – 44,958 പേര്‍.

മനുഷ്യജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ അവരുടെ അന്തകരായി മാറുന്ന ഭയാനകമായ അവസ്ഥ. മനുഷ്യനെ കൊല്ലുന്നതില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രികളുടെ നാടായ കാനഡയില്‍ നിന്ന് യുദ്ധം തുടരുന്ന പശ്ചിമേഷ്യയിലേക്ക് എത്തുമ്പോള്‍ അവിടെയും ഉണ്ട് ഹൃദയത്തെ ഉലയ്ക്കുന്ന കൊലപാതകങ്ങളുടെ കണക്കുകള്‍. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിന്റെ മണ്ണില്‍ നടത്തിയ കൂട്ടക്കുരുതിയെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം മൂന്ന് മാസം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 25,000 ത്തിലധികമാണ്. കഴിഞ്ഞ രണ്ട് – മൂന്ന് മാസങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 10,000 ത്തിലേറെ കുട്ടികളുമുണ്ടെന്നുള്ള വസ്തുത ലോകത്തിന്റെ ഉറക്കം കെടുത്തേണ്ടതാണ്. ഇന്ന് നമ്മുടെ ചുറ്റിലും, ലോകമെമ്പാടും അരങ്ങേറുന്ന ഇത്തരം ഭീകരതകളുടെ പശ്ചാത്തലത്തില്‍ വേണം 2025-ല്‍ ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിന് ഒരുക്കമായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതിന്റെ പ്രസക്തി നാം മനസിലാക്കുവാന്‍.

വ്യക്തിജീവിതത്തിലും കുടുംബത്തിലും തൊട്ട് സാമൂഹ്യജീവിതത്തിലും രാഷ്ട്രീയത്തിലും എന്തിനേറെ വിശ്വാസജീവിതത്തില്‍ പോലും ഇന്ന് സംഭവിക്കുന്ന അപഭ്രംശങ്ങള്‍ക്ക് പിന്നില്‍ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിലുണ്ടായ കോട്ടം ഒരു പ്രധാന കാരണമാണ്. ശാസ്ത്രസാങ്കേതിക മേഖലകളില്‍ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചിട്ടും ജീവിതസൗകര്യങ്ങളും സുഭിക്ഷതയും സമ്പത്തും ഒരിക്കലുമില്ലാത്തവിധം വര്‍ധിച്ചിട്ടും മനുഷ്യജീവിതം ഇന്ന് കൂടുതല്‍ പിരിമുറുക്കവും ദുഃഖവും നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ അറിവിലും കഴിവിലും ശക്തിയിലും ആശ്രയിച്ചു മാത്രം ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നുമുള്ള ഏറ്റുപറച്ചിലാണ് 2024 പ്രാര്‍ത്ഥനാവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് പാപ്പ നടത്തിയിരിക്കുന്നത്. ജീവനെതിരായി വര്‍ധിച്ചു വരുന്ന നിലപാടുകളും സമൂഹങ്ങളും മതങ്ങളും തമ്മില്‍ വര്‍ധിച്ചു വരുന്ന ഭിന്നതകളും തത്ഫലമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും മനുഷ്യനും ദൈവവുമായുള്ള ബന്ധം ഉലയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ആ ബന്ധത്തിലുള്ള വിടവ് നികത്തിക്കൊണ്ട് ദൈവസാന്നിധ്യത്തിലേക്ക് തിരിച്ചുവരുന്നതിനും ദൈവസ്വരം ശ്രവിക്കുന്നതിനും ദൈവത്തെ ആരാധിക്കുന്നതിനുമുള്ള അവസരമാണ് ഈ പ്രാര്‍ത്ഥനാവര്‍ഷമെന്ന് പ്രാര്‍ത്ഥനാവര്‍ഷത്തിന് നേതൃത്വം നല്‍കുന്ന സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഈ പ്രാര്‍ത്ഥനാവര്‍ഷം അര്‍ത്ഥപൂര്‍ണമായി ആചരിക്കുന്നതിനും പാപ്പ ഉദ്ദേശിച്ച ഫലം പുറപ്പെടുവിക്കുന്നതിനും ദൈവജനത്തിന്റെ പരിപൂര്‍ണമായ സഹകരണം ആവശ്യമാണ്. പ്രാര്‍ത്ഥനയുടെ മൂല്യം വീണ്ടും കണ്ടെത്തുവാനും അനുദിനപ്രാര്‍ത്ഥനയുടെ പ്രസക്തി മനസിലാക്കുവാനുമുള്ള അവസരമായി പ്രാര്‍ത്ഥനാവര്‍ഷം മാറണം. അതിലുപരിയായി എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പ്രാര്‍ത്ഥന എങ്ങനെ ഫലപ്രദമായി മാറ്റാമെന്നും ഡിജിറ്റല്‍ യുഗത്തിലെ ജനങ്ങളെ പഠിപ്പിക്കുന്നതിനുള്ള സമയമാണിതെന്നും ആര്‍ച്ചുബിഷപ് ഫിസചെല്ലാ പറയുന്നു.

ആഴമായ ആത്മീയതക്ക് വേണ്ടിയുള്ള ഈ കാലഘട്ടത്തിലെ ജനങ്ങളുടെ ദാഹം കണ്ടില്ലെന്ന് നമുക്ക് നടിക്കാനാവില്ല. മനുഷ്യന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാങ്കേതികവിദ്യകള്‍ എത്രമാത്രം കൂടുതലായി ഉപയോഗിക്കപ്പെടുന്നുവോ, അതിനനുസൃതമായോ അതില്‍ കൂടുതലോ തന്റെ അസ്ഥിത്വത്തിന്റെ അടിസ്ഥാനം തേടിയുള്ള ആത്മീയ അന്വേഷണവും മനുഷ്യനില്‍ ശക്തമാകുന്നുണ്ട്. ഈ ദാഹം തിരിച്ചറിഞ്ഞുകൊണ്ട് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന പ്രാര്‍ത്ഥനാവര്‍ഷം, വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ ക്രൈസ്തവ വിശ്വാസികളും, അവരിലൂടെ ലോകം മുഴുവനും ദൈവത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ അത് ഇടയാക്കുമെന്നതില്‍ സംശയമില്ല.

പ്രാര്‍ത്ഥനയിലൂടെ യഥാര്‍ത്ഥമായ ആത്മീയ വിശ്രമം കണ്ടെത്താനുള്ള അവസരം കൂടിയായി പ്രാര്‍ത്ഥനാവര്‍ഷം മാറണമെന്നും ആര്‍ച്ചുബിഷപ് ഫിസിചെല്ലാ പറഞ്ഞുവയ്ക്കുന്നു. വര്‍ധിച്ചുവരുന്ന അനുദിനജീവിതത്തിലെ ‘സ്ട്രെസില്‍’ നിന്ന് കവചം ഒരുക്കുന്ന മരുപ്പച്ചയായി മാറിക്കൊണ്ട് ലോകംമുഴുവനിലും ക്രിസ്തീയ വിശ്വാസവും പ്രത്യാശയും സ്നേഹവും ഉജ്ജീവിപ്പിക്കുവാന്‍ പ്രാര്‍ത്ഥനാവര്‍ഷം ഇടയാകട്ടെ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?