ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ആദ്യത്തെ മിഷനറി സ്‌കൂള്‍ പാട്ടക്കരാര്‍ പുതുക്കാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജമ്മു ശ്രീനഗര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍ 1905 ല്‍ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സ്‌കൂളിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ആശുപത്രിയുമാണ് പാട്ടക്കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതിനാല്‍ പ്രതിസന്ധിയിലായത്.
ഇവ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 21.25 ഏക്കര്‍ സ്ഥലത്താണ്. ഇതില്‍ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാര്‍ 2018 ല്‍ അവസാനിച്ചു. പുതുക്കാനുള്ള അപേക്ഷ നല്‍കുകയും ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും പാട്ടക്കരാര്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
119 വര്‍ഷം പഴക്കമുള്ള ഈ സ്‌കൂളിന്റെ കാര്യത്തില്‍ തങ്ങള്‍ നിസഹായരായി മാറുകയാണെന്ന് ജമ്മുശ്രീനഗര്‍ രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ ഫാ. ഷൈജു ചാക്കോ പറഞ്ഞു. പാട്ടക്കരാര്‍ പുതുക്കാത്തതിനാല്‍ 2018 നു ശേഷം ബോര്‍ഡ് പരീക്ഷ എഴുതുന്നതിന് ഇവിടത്തെ കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ റജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അതിനും അനുമതി നിഷേധിച്ചതോടെ സ്‌കൂളില്‍ പ്രവേശനം നിര്‍ത്തിവച്ചിരിക്കയാണ്.
4000 വിദ്യാര്‍ഥികളും ആശുപത്രിയിലുള്‍പ്പെടെ 390 ജീവനക്കാരും ഉണ്ട്. 2022 ല്‍ വിദ്യാഭ്യാസ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പാട്ടക്കരാര്‍ പുതുക്കാതെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ സ്‌കൂളുകളും പൂട്ടണമെന്നു വ്യവസ്ഥയുണ്ട്.
വിഷയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെയും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്റെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റിയന്‍ പറഞ്ഞു. 1905 ല്‍ കശ്മീരിലെ മഹാരാജ പ്രതാപ് സിംഗിന്റെ ഭരണകാലത്ത് 19-ാം നൂറ്റാണ്ടില്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്.
ലണ്ടനില്‍ നിന്നുള്ള മില്‍ ഹില്‍ ഫാദേഴ്‌സ് അഥവാ മില്‍ ഹില്‍ മിഷനറിമാരാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. അവര്‍ക്ക് ശേഷം, ഡല്‍ഹി പ്രൊവിന്‍സിലെ ഈശോസഭ കുറച്ചുകാലം മേല്‍നേട്ടം വഹിച്ചശേഷം പിന്നീട് രൂപത ഏറ്റെടുക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *