ഭോപ്പാല്‍: ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറില്‍ വന്ന അടിസ്ഥാനരഹിതമായ ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നവംബര്‍ 5 ന് ഗ്വാളിയോര്‍ രൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ പോലീസ് റെയ്ഡ്. ഉദ്യോഗസ്ഥര്‍ ‘അറിയിപ്പില്ലാതെ എത്തി’ ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട പരിശോധന നടത്തുകയായിരുന്നു. അവര്‍ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞതായും 23 സെമിനാരി വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തതായും റെക്ടര്‍ റെക്ടര്‍ ഫാ. ഹര്‍ഷല്‍ അമ്മപറമ്പില്‍ പറഞ്ഞു. മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
ദരിദ്രരായ തദ്ദേശീയ ആണ്‍കുട്ടികളെ സെമിനാരിയില്‍ പ്രവേശിപ്പിക്കുകയും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും കത്തോലിക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തുവെന്ന അടിസ്ഥാനരഹിതമായ വാര്‍ത്ത ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തില്‍ വന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഒരു സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഉള്‍പ്പെട്ട സംഘം സെമിനാരിയില്‍ റെയ്ഡ് നടത്തിയത്. ‘സമ്മതപത്രങ്ങള്‍, മാമോദീസ സര്‍ട്ടിഫിക്കറ്റുകള്‍, ഇടവക ശുപാര്‍ശകള്‍’എന്നിവയുള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളും തങ്ങള്‍ ഹാജരാക്കിയതായി ഫാ. അമ്മപറമ്പില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ‘പൂര്‍ണമായും തെറ്റാണ്’ എന്നും ‘അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍’ പ്രസിദ്ധീകരിച്ചതിന് പ്രസിദ്ധീകരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സെമിനാരി ആലോചിക്കുന്നതായും ഫാ. ഹര്‍ഷല്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ‘തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമാണ്’ എന്ന് രൂപതാ വക്താവ് പ്രതാപ് ടോപ്പോ പറഞ്ഞു. മതേതര ഭാരത്തിന്റെ ഹൃദയത്തില്‍ മുറിവായി മാറിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയ 12 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ ഏഴ് കോടിയിലധികം വരുന്ന ജനസംഖ്യയുടെ 0.3 ശതമാനത്തില്‍ താഴെയാണ് ക്രിസ്ത്യാനികള്‍.
















Leave a Comment
Your email address will not be published. Required fields are marked with *