ബ്രസീലിയ: ‘കാലാവസ്ഥാ പ്രതിസന്ധിയുടെ മാനുഷിക മുഖം’ കാണാതെ പോകരുതെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മാറ്റിവച്ചുകൊണ്ട് ആഗോളതാപനിലയുടെ വര്‍ധനവ്മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ പരിമിതപ്പെടുത്തണമെന്നും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ഉത്തരവാദിത്വം, നീതി, സമത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വാക്കുകളെയും ചിന്തകളെയും തിരഞ്ഞെടുപ്പുകളും പ്രവര്‍ത്തനങ്ങളുമാക്കി മാറ്റേണ്ടത് ശാശ്വത സമാധാനം കൈവരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു. സിഒപി30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്കായി ആമസോണ്‍ മഴക്കാടുകളുടെ സമീപത്തുള്ള ബ്രസീലിലെ ബെലെമില്‍ ഒത്തുകൂടിയ ലോക നേതാക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
പരസ്പരമുള്ള ഉത്തരവാദിത്വവും ഭാവി തലമുറകളോടുള്ള ഉത്തരവാദിത്വവും മനസില്‍ സൂക്ഷിച്ചുകൊണ്ട് നടത്തുന്ന ഈ സമ്മേളനം പ്രതീക്ഷയുടെ അടയാളമായി മാറണണമെന്നും 140-ലധികം രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പാപ്പ വ്യക്തമാക്കി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചത്.
സിഒപി30 ഔദ്യോഗികമായി നവംബര്‍ 10 ന് ആരംഭിക്കുകയും നവംബര്‍ 21 ന് അവസാനിക്കുകയും ചെയ്യും. ആമസോണിന്റെ പശ്ചാത്തലത്തില്‍, രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വാര്‍ഷിക സമ്മേളനം 190-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 50,000 പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കും.
















Leave a Comment
Your email address will not be published. Required fields are marked with *