Follow Us On

20

September

2024

Friday

കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പുചെയ്യാന്‍ പഠിപ്പിച്ച വൈദികന്‍ ഓര്‍മയായി

കമ്പ്യൂട്ടറില്‍  മലയാളം ടൈപ്പുചെയ്യാന്‍ പഠിപ്പിച്ച വൈദികന്‍ ഓര്‍മയായി
തൃശൂര്‍: കമ്പ്യൂട്ടറിലെ ഇംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്താല്‍ മലയാളം അക്ഷരങ്ങള്‍ കിട്ടുന്ന സംവിധാനം മലയാളികളെ പഠിപ്പിച്ച  ഫാ. ജോര്‍ജ് പ്ലാശേരി (80) സിഎംഐ ഓര്‍മയായി. അദ്ദേഹം രൂപപ്പെടുത്തിയ പ്ലാശേരി ഫോണ്ടായിരുന്നു അതിന്റെ പിന്നില്‍. 1990 പകുതിയോടുകൂടി രൂപംകൊണ്ട് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതിക വിപ്ലവത്തിലേക്കു മലയാളഭാഷയെ കൈപിടിച്ചുകയറ്റിയ മലയാളം കമ്പ്യൂട്ടര്‍ അക്ഷരങ്ങളുടെ പിതാവാണ് ഫാ. ജോര്‍ജ് പ്ലാശേരി സിഎംഐ.
 1988-ല്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ സഭ ഫാ. പ്ലാശേരിയെ അമേരിക്കയ്ക്ക് അയച്ചു. അമേരിക്കയില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നപ്പോള്‍ കണ്ടത് അത്ഭുത ലോകം. കുട്ടികള്‍ വരെ കംപ്യൂട്ടറില്‍ അതിവേഗം കാര്യങ്ങള്‍ ചെയ്യുന്നു.  മലയാളത്തോടുള്ള സ്‌നേഹമാണ് ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ഭാഷയെ മലയാളത്തിലേക്ക് മാറ്റാന്‍ പ്രചോദനമായത്. അവിടെവച്ച് ഇംഗ്ലിഷ്‌ഫോണ്ട് നിര്‍മിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ഇംഗ്ലിഷിലെ എ ഉണ്ടാക്കാമെങ്കില്‍ അതേ മാതൃകയില്‍ മലയാളത്തിലെ ‘അ’ ഉണ്ടാക്കാന്‍ കഴിയില്ലേ എന്ന ചോദ്യം അച്ചന്റെ മനസില്‍ ഉയര്‍ന്നു.  മലയാള അക്ഷരമാലയില്‍ ആരും കണ്ടത്തിയിട്ടില്ലാത്ത ഒരു പ്രത്യേകത അച്ചന്‍ മനസിലാക്കിയത് അന്നാണ്. റ എന്ന അക്ഷരംകൂട്ടിച്ചേര്‍ത്താല്‍ മലയാളത്തിലെ മുക്കാല്‍പങ്ക് അക്ഷരവുമുണ്ടാക്കാം.
അങ്ങനെ പ്ലാശേരി ഫോണ്ട് റ -യില്‍ പിറന്നു.  എംവൈഎം പ്ലാശേരി എന്നാണ് ആദ്യം ഫോണ്ടിനിട്ട പേര്. ഫോണ്ട് രൂപീകരിച്ചു കഴിഞ്ഞു ഫാ. പ്ലാശേരി ആദ്യം ചെയ്ത ഫോണ്ട് ഉപയോഗിച്ചു ടൈപ്പ് ചെയ്തു തയാറാക്കിയ ക്രിസ്മസ് ആശംസ പതിച്ച കാര്‍ഡ് സഭയുടെ പ്രൊവിന്‍ഷ്യലിന് അമേരിക്കയില്‍ നിന്ന് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ ആദ്യത്തെ മലയാളം കമ്പ്യൂട്ടര്‍ ഫോണ്ടില്‍ എഴുതിയ സന്ദേശം അമേരിക്കയില്‍നിന്നു കേരളത്തിലെത്തി. അമേരിക്കയിലെ മലയാളി സുഹൃത്തുക്കളെ പലരെയും ഈ ഫോണ്ട് പരിചയപ്പെടുത്തി അച്ചന്‍. അതിലൊരു സുഹൃത്ത് ഈ ഫോണ്ട് ഇന്റര്‍നെറ്റില്‍ ഇട്ടു. പലരും പകര്‍ത്തി ഉപയോഗിക്കുകയും ചെയ്തു.
1997ല്‍ അമേരിക്കയില്‍നിന്നു മടങ്ങുമ്പോള്‍ ഒരു മലയാളി പ്രഫസര്‍ക്ക് ഈ ഫോണ്ട് അമേരിക്കയില്‍ ഉപയോഗിക്കാനുള്ള അവകാശം സൗജന്യമായി നല്‍കി. നാട്ടില്‍ തിരിച്ചെത്തിയ അച്ചനെ സഭ നിയോഗിച്ചതു തമിഴ്‌നാട്ടിലായിരുന്നു.  തമിഴ്‌നാട്ടില്‍ കോളജില്‍ പഠിപ്പിക്കുമ്പോള്‍ തമിഴ് ഫോണ്ടും തയാറാക്കി. പിന്നീട് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ജോലിക്ക് എത്തിയപ്പോള്‍ ഹിന്ദി ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു. ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനു വലിയ തുക കൊടുക്കേണ്ടിവരുന്നു. മൂന്നു മാസം കൊണ്ടു ഹിന്ദി ഫോണ്ടും ഉണ്ടാക്കി.
തൃശൂര്‍ ദേവമാതാ പ്രൊവിന്‍സ് അംഗമായ ഫാ. പ്ലാശേരി 1974 ഡിസംബര്‍ 28 ന് പൗരോഹിത്യം സ്വീകരിച്ചു. കൊച്ചി സര്‍വകലാശാലയില്‍നിന്ന് എംഎസ്സിയും കാലിക്കട്ട് സര്‍വകലാശാലയില്‍നിന്ന് എംഫിലും നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഫിസിക്സ് അധ്യാപകനായിരുന്നു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ സെന്റ് മേരീസ് ഇടവകയില്‍ പത്തുവര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് കോയമ്പത്തൂര്‍ സായ്ബാബ കോളനിയിലും ദേവമാതാ പ്രവിശ്യയിലെ എല്‍ത്തുരുത്ത് ആശ്രമത്തിലും പ്രവര്‍ത്തിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദൈവാലയ സെമിത്തേരിയില്‍ ഇന്ന് (9/2/24) ഉച്ചകഴിഞ്ഞ് 2.30നാണ് സംസ്‌കാരം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?