Follow Us On

21

November

2024

Thursday

നേതൃപൂജ അനിവാര്യമോ?

നേതൃപൂജ അനിവാര്യമോ?

കെ.ജെ. മാത്യു
മാനേജിംഗ് എഡിറ്റര്‍

ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയ കഥാകാരനുമായ എം.ടി വാസുദേവന്‍ നായര്‍ ഒരു പ്രഭാഷണത്തില്‍ യഥാര്‍ത്ഥ നേതൃശൈലിയെക്കുറിച്ചും ഇക്കാലത്ത് അതിനുണ്ടായ അപചയത്തെക്കുറിച്ചും ഓര്‍മപ്പെടുത്തുകയുണ്ടായി. വികാരങ്ങളാല്‍ നയിക്കപ്പെടുന്ന ജനക്കൂട്ടത്തെ പ്രതിബദ്ധതയുള്ള ഒരു സമൂഹമായി രൂപപ്പെടുത്തിയെടുക്കുവാന്‍ കെല്പുള്ളവനാണ് യഥാര്‍ത്ഥ നേതാവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അധികാരം കയ്യാളുന്നവര്‍ അഹങ്കാരത്താല്‍ നിറഞ്ഞ് എല്ലാവരെയും അടക്കിവാഴുന്ന തലത്തിലേക്ക് താഴുവാനുള്ള അപകടസാധ്യതയുണ്ടെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ അനുയായികള്‍ വെറും സ്തുതിപാഠകരായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നേതാവിനെ വിമര്‍ശിക്കുവാന്‍ ഭയപ്പെടുന്ന അണികള്‍ അദ്ദേഹത്തെ സദാ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും അത് അപകടകരമായ നേതൃപൂജക്ക് വഴിയൊരുക്കുമെന്നും എം.ടി സൂചിപ്പിച്ചു. കേരള സമൂഹത്തിന് ഒരു പൊതുസ്വഭാവമുണ്ട്.

ഏതു കാര്യത്തോടും സംഭവങ്ങളോടും വളരെ വേഗത്തിലും വൈകാരികമായും പ്രതികരിക്കുകയും അത്ര പെട്ടെന്നുതന്നെ അവ പൂര്‍ണമായും വിസ്മരിക്കുകയും ചെയ്യുന്ന സ്വഭാവം. ഇക്കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. എം.ടി പൊതുമനസിലേക്ക് എടുത്തിട്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ ഗൗരവമായ ചര്‍ച്ചയ്ക്കും തീരുമാനങ്ങള്‍ക്കും വിധേയമാക്കുന്നതിനുപകരം വളരെ ഉപരിപ്ലവമായ ചര്‍ച്ചകളാണ് ഇവിടെ നടന്നത്. അദ്ദേഹം ആരെക്കുറിച്ചാണ് പറഞ്ഞത് എന്നതായിരുന്നു മാധ്യമങ്ങളുടെയും നേതാക്കളുടെയും അന്വേഷണം. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ ആ വിഷയംതന്നെ എല്ലാവരും മറന്നുപോയി.
നമ്മുടെ സഭയും രാജ്യവും ലോകംതന്നെയും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇക്കാലഘട്ടത്തില്‍ ഒരു നേതൃവിചാരം അപ്രസക്തമല്ല എന്ന് കരുതുന്നു.

പ്രശ്‌നങ്ങളും പ്രതിസന്ധികളും എല്ലാക്കാലത്തും ഉണ്ടാകും, ഉണ്ടായിട്ടുമുണ്ട്. പക്ഷേ, അവയെല്ലാം ജനക്ഷേമത്തെ മുന്‍നിര്‍ത്തി പരിഹരിക്കുവാന്‍ ഒരു നല്ല നേതാവിനു മാത്രമേ സാധിക്കുകയുള്ളൂ. ഏറ്റവും ദരിദ്രമായ, തകര്‍ന്ന രാജ്യത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ യഥാര്‍ത്ഥ നേതാവിന് കഴിയും. വളരെ അവികസിതരാജ്യമായിരുന്ന സിംഗപ്പൂരിനെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്കുയര്‍ത്തുവാന്‍ ഒരു ലീക്വാന്‍ യുവിന് കഴിഞ്ഞു. അതുപോലെ ഐശ്വര്യത്തില്‍ കഴിയുന്ന രാജ്യത്തെ നശിപ്പിക്കുവാന്‍ ദീര്‍ഘവീക്ഷണമില്ലാത്ത, സ്വാര്‍ത്ഥനായ ഒരു നേതാവിന് ഏതാനും നാളുകള്‍ മാത്രംമതി. അതിനാല്‍ നല്ല നേതാക്കന്മാരെ ദൈവം ഉയര്‍ത്തുവാന്‍ ദൈവസന്നിധിയില്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്, പ്രത്യേകിച്ചും ഒരു നേതാവിനെ തിരഞ്ഞെടുക്കുവാനുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നമ്മുടെ രാജ്യം നീങ്ങുമ്പോള്‍.

ആരാണ് ഒരു യഥാര്‍ത്ഥ നേതാവ്? ഒരു റോള്‍ മോഡലിനുവേണ്ടി നാം എങ്ങും അന്വേഷിച്ചുപോകേണ്ടതില്ല. മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവില്‍ നേതൃത്വത്തിന്റെ പൂര്‍ണത നാം ദര്‍ശിക്കുന്നു. യേശുവിലേക്ക് നോക്കിയാല്‍ നേതൃത്വത്തിന്റെ എല്ലാ നല്ല പാഠങ്ങളും പഠിക്കുവാന്‍ നമുക്ക് സാധിക്കും.

സമാനത നിലനിര്‍ത്താതെ വളരെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്നവനാണ് യഥാര്‍ത്ഥ നേതാവ്. ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിര്‍ത്താതെ മനുഷ്യന്റെ രൂപം സ്വീകരിച്ച് മനുഷ്യന്റെ ഇടയിലേക്ക് വന്നവനാണ് യേശു. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെ കൂടെയല്ല, മറിച്ച് ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയിലാണ് അവിടുന്ന് കൂടുതല്‍ സമയവും ചെലവഴിച്ചത്. ‘അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനാണ്’ എന്ന പുച്ഛം കലര്‍ന്ന വിമര്‍ശനം യേശു കാര്യമാക്കിയില്ല. വളരെ സാധാരണക്കാരുമായി ഇടപഴകുന്ന നേതാവിനുമാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും തീരുമാനങ്ങളെടുക്കുവാനും സാധിക്കുകയുള്ളൂ. കാരണം അവരുടെ പ്രശ്‌നങ്ങള്‍ നേതാവിന്റെതന്നെ പ്രശ്‌നങ്ങളാണ്.

ഏറ്റവും അടിത്തട്ടിലുള്ളവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിന് മൊത്തം പുരോഗതിയുണ്ടാകും. അല്ലാത്തപക്ഷം ‘പുരോഗതി’ കണക്കിലും കടലാസിലും ഒതുങ്ങുന്ന ഒന്നായി മാറും. ഉയര്‍ന്ന വര്‍ഗക്കാര്‍ മാത്രമേ ഈ ‘പുരോഗതി’യുടെ ഗുണഭോക്താക്കളാകുകയുള്ളൂ. ഒരു നിയമമുണ്ടാക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും പാവപ്പെട്ടവനെ അത് എങ്ങനെ ബാധിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത് എന്ന് വ്യാകുലപ്പെട്ടിരുന്ന ഒരു നേതാവ് നമുക്കുണ്ടായിരുന്നല്ലോ.

സ്വയം ശൂന്യനാക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ്, അല്ലാതെ സ്വന്തം കീശ വീര്‍പ്പിക്കുന്നവനല്ല. ഇക്കാലത്ത് അധികാരം സ്വത്തുസമ്പാദനത്തിനുള്ള ഒരു എളുപ്പമാര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. സ്വാര്‍ത്ഥചിന്തകളും സ്വത്താര്‍ജിക്കലും കേന്ദ്രസ്ഥാനത്ത് വരുമ്പോള്‍ തീരുമാനങ്ങള്‍ പാളിപ്പോകുകയും അഴിമതി അരങ്ങുവാഴുകയും ചെയ്യും. പൊതുഖജനാവ് കാലിയാകുവാനും പൊതുക്കടം കുമിഞ്ഞുകൂടുവാനും അധിക നാളുകളൊന്നും വേണ്ടിവരികയില്ല. സാധാരണക്കാരുടെ ഇടയില്‍ ജീവിച്ച്, സ്വന്തമായി ഒന്നും നേടാതെ, കിടന്നുറങ്ങുവാന്‍ സ്വന്തമായി ഒരു വീടുപോലും പണിയാനാകാതെ വിടവാങ്ങിയ നേതാക്കന്മാരെക്കുറിച്ചുള്ള ഓര്‍മകളും നമുക്കുണ്ടല്ലോ.

സ്വന്തം പരിമിതികളെക്കുറിച്ച് നല്ല നേതാക്കന്മാര്‍ എപ്പോഴും ബോധവാനായിരിക്കും. ‘ഞാന്‍ പരിപൂര്‍ണനാണ്, എനിക്ക് എല്ലാം അറിയാം, ആരും എന്നെ പഠിപ്പിക്കുവാന്‍ വരണ്ട’ ഇങ്ങനെയുള്ള ചിന്തകളാല്‍ മനസ് നിറഞ്ഞിരിക്കുന്ന ഒരു നേതാവിന് അണികളോട് എപ്പോഴും പുച്ഛമായിരിക്കും. അവര്‍ക്ക് ഒന്നും അറിയാത്തതിനാല്‍ അവരെ അടക്കിവാഴണം എന്ന അഹങ്കാരംനിറഞ്ഞ ഗര്‍വ് അയാളെ നയിക്കുന്നു. എന്നാല്‍ ഒരു യഥാര്‍ത്ഥ നേതാവ് എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും, പഠിച്ചുകൊണ്ടിരിക്കും. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്നാണല്ലോ ഗാന്ധിജി തന്റെ ജീവിതത്തെ വിശേഷിപ്പിച്ചത്.

പൂര്‍ണത നേടിയെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്നും അതിലേക്കുള്ള ഒരു പ്രയാണം മാത്രമാണ് തന്റെ ജീവിതമെന്നുമാണല്ലോ വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത്. പരിമിതികള്‍ തിരിച്ചറിയുന്ന ഒരു നേതാവ് സ്വയം ഒരു വിഗ്രഹമാകുകയില്ല, അവിടെ നേതൃപൂജയുമുണ്ടാവുകയില്ല.
അങ്ങനെ ജീവിക്കുന്ന നേതാവ് മറ്റുള്ളവരെ കേള്‍ക്കുവാന്‍ തയാറാകും. അവരുടെ നല്ല ആശയങ്ങള്‍ സ്വീകരിക്കും. അപ്പോള്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വളരെ എളുപ്പമാകും. അവിടെ ഒരിക്കലും അടിച്ചേല്‍പിക്കല്‍ ഉണ്ടാവുകയില്ല. മറ്റുള്ളവരെ പരിഗണിക്കുന്നതിന്റെ ഭാഗംതന്നെയാണ് തെറ്റുപറ്റുമ്പോള്‍ ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നത്. ഒരു പ്രശ്‌നം രമ്യമായി തീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ഒരു സോറി മതിയാവും.

അവസാനമായി, നയിക്കപ്പെടുന്നവര്‍ക്കും ഇവിടെ വലിയ റോളുണ്ട്. പ്രജകളെങ്ങനെയാണോ, അങ്ങനെയുള്ള രാജാവിനെയാണ് ലഭിക്കുന്നത്. അതിനാല്‍ നല്ല നേതാക്കന്മാര്‍ ഉയരുവാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിനോടൊപ്പം സ്വയം വിശുദ്ധീകരിക്കുവാന്‍ തയാറാകണം. നാം അനുഷ്ഠിക്കുന്ന നോമ്പിന് അങ്ങനെയൊരു സാമൂഹ്യമാനം കൂടിയുണ്ട്. നാം അഗ്നിശുദ്ധി വരുത്തുമ്പോള്‍, ആ അഗ്നിയില്‍നിന്ന് അനേക തിളക്കമാര്‍ന്ന ഫീനിക്‌സ് പക്ഷികള്‍ ചിറകടിച്ചുയരും, പുതിയ ആകാശത്തിലേക്ക് അവര്‍ നമ്മെ നയിക്കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?