മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രം ഇനി ബസിലിക്ക. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച പൊ ന്തിഫിക്കല്‍ ദിവ്യബലി തുടര്‍ന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ബസിലിക്ക പ്രഖ്യാപനം നടത്തി.
തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി. കോഴിക്കോട് രൂപതയ്ക്ക് ദൈവം നല്‍കിയ അംഗീകാരമാണ് ബസിലിക്ക പദവിയെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. മലബാറിലെ ക്രൈസ്തവ സമൂഹത്തിന് മുഴുവന്‍ അഭയമരുളിയ അമ്മയാണ് കോഴിക്കോട് രൂപത. തിരുസഭാ മാതാവ് പുണ്യഭണ്ഡാകാരം തുറന്ന് അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന സ്ഥലമാണ് ബസിലിക്ക. മലബാറിന്റെ പുണ്യകേന്ദ്രമായി റീത്തുകള്‍ക്കും സഭകള്‍ക്കും മതങ്ങള്‍ക്കും അതീതമായി മാഹിയിലെ അമ്മ എല്ലാവര്‍ക്കും അഭയസ്ഥാനമാണ്. അതു അനുഭവച്ചറിയാന്‍ ബസിലിക്കാ പദവി നിമിത്തമാകട്ടെ എന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മാഹി എംഎല്‍എ രമേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജന്‍സണ്‍ പുത്തന്‍വീട്ടില്‍, ഇടവക വികാരിയും റെക്ടറുമായ റവ. ഡോ. വിന്‍സെന്റ് പുളിക്കല്‍, മാഹി റീജിയണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ, സാഹിത്യകാരന്‍ എം. മുകുന്ദന്‍, സിസ്റ്റര്‍ ഫിലോ, മാഹി പോലീസ് സൂപ്രണ്ട് രാജശേഖര്‍ വെള്ളാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ എന്നിവര്‍ പ്രസംഗിച്ചു.
ബസിലിക്കയായതോടെ വര്‍ഷത്തില്‍ ആറു ദിവസങ്ങളിലായി ദണ്ഡവിമോചനം ദൈവാലയത്തില്‍ നടക്കും. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന്, ഫെബ്രുവരി 24, ജൂണ്‍ 29, നവംബര്‍ 21, ഒക്ടോബര്‍ 15 എന്നീ ദിവസങ്ങളിലാണ് ഈ കര്‍മങ്ങള്‍ നടക്കുക. മാഹി തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി മാര്‍പാപ്പ നവംബര്‍ 21-നാണ് പ്രഖ്യാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *