Follow Us On

23

November

2024

Saturday

‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍ രക്തകണങ്ങള്‍

‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍  രക്തകണങ്ങള്‍

ജയിംസ് ഇടയോടി, മുംബൈ

2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുള്ള സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിലുള്‍പ്പടെ മൂന്ന് ദൈവാലയങ്ങളിലും രണ്ട് നക്ഷത്ര ഹോട്ടലുകളിലുമായി ഇസ്ലാമിസ്റ്റ് ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുന്ന സമയത്ത് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പ്രധാന കാര്‍മികന്റെ കൂടെ ഡീക്കനായി ശുശ്രൂഷ ചെയ്യുകയായിരുന്നു പിന്നീട് വൈദികനായ ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ ഒഎഫ്എം കണ്‍വെന്‍ച്വല്‍. അന്നരങ്ങേറിയ ആ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെ നടന്നതുപോലെ അദ്ദേഹത്തിന്റെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു.

”ഈസ്റ്റര്‍ പ്രമാണിച്ച് നാനാജാതി മതസ്ഥരടങ്ങുന്ന വന്‍ജനാവലി കൊളംബൊ സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിലും പരിസരത്തും തിങ്ങിനിറഞ്ഞിരുന്നു. പ്രധാന കവാടത്തില്‍നിന്നും തിരുനാള്‍ കുര്‍ബാനക്കായി മുഖ്യകാര്‍മികന്റെ കൂടെ ഞാനും (ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ അന്ന് ഡീക്കനാണ്) ബ്രദേഴ്‌സും അള്‍ത്താര ബാലകരും പ്രദക്ഷിണമായി അള്‍ത്താരയിലേക്ക് പോയി. ദിവ്യബലി ആരംഭിച്ച്, ബൈബിള്‍ വായനയും പ്രസംഗവും കഴിഞ്ഞ് കാറോസൂസാ പ്രാര്‍ത്ഥനയുടെ സമയത്താണ് അത്യുഗ്രശബ്ദത്തോടെ ആ സ്‌ഫോടനം നടന്നത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. മുഖ്യകാര്‍മികന്‍ ഉള്‍പ്പെടെ അള്‍ത്താരയില്‍ നിന്നിരുന്നവരെല്ലാം നിലത്ത് വീണു. കെട്ടിടം കുലുങ്ങി ഗ്ലാസ് ചില്ലുകളെല്ലാം ചിന്നിചിതറി. പ്രദേശമാകെ പൊടിപടലം നിറഞ്ഞു. പലരും കെട്ടിടാവശിഷ്ടങ്ങളുടെയും വലിയ ബീമുകളുടെയും അടിയില്‍പ്പെട്ടു. പ്രധാനകവാടത്തിന്റെ പ്രദേശം മുഴുവന്‍ രക്തക്കുളമായി. എവിടെയും കൂട്ടനിലവിളി. വിശ്വാസികള്‍ അലറി വിളിച്ച് ഭ്രാന്തന്മാരെപ്പോലെ നാലുപാടും ഓടി. അതിനിടെ ആരോ ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നു – ”അന്തോണിയാരെ നിന്റെ അനുഗ്രഹത്തിനായല്ലേ ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നത്…”

മുഖ്യകാര്‍മികനും ഞാനും എഴുന്നേറ്റ് ശബ്ദം ഉണ്ടായ സ്ഥലത്തേക്ക് ചെന്നു. ഹൃദയഭേദകമായ ആ കാഴ്ച കണ്ടപാടെ എനിക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്റെ ശബ്ദം നഷ്ടപ്പെട്ടു. മൂന്ന് ദിവസത്തേക്ക് എനിക്ക് ഒന്നും മിണ്ടാനായില്ല. ഇതേ സമയംതന്നെ മറ്റ് രണ്ട് പള്ളികളിലും രണ്ട് ഹോട്ടലുകളിലും സ്‌ഫോടനം നടന്നു. മെത്തോഡിസ്റ്റ് ദൈവാലയത്തില്‍ ചാവേറായി ചെന്ന ആളിനെ തിരിച്ചറിയാതെ ‘പുതിയ അതിഥികള്‍ക്ക്’ നല്‍കുന്ന റോസാപ്പൂവ് നല്‍കിയാണത്രേ സ്വീകരിച്ചത്.
സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ബാരിക്കേഡ് സംവിധാനം കര്‍ശനമായിരുന്നു. അതിനാല്‍ ചാവേറിന് പ്രധാനകവാടത്തിന്റെ അടുക്കല്‍ വരെയേ എത്താന്‍ കഴിഞ്ഞുള്ളു. ചാവേര്‍, പള്ളിയുടെ ഉള്ളില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ആ തീര്‍ത്ഥാടന ദൈവാലയം പൂര്‍ണമായും തകരുമായിരുന്നു. മരണസംഖ്യ എത്രയധികമാവുമെന്ന് ചിന്തിക്കാന്‍ പോലുമാവില്ല.

ഈ ദുരന്തവാര്‍ത്ത കേട്ട് ലോകമാകെ ഞെട്ടി വിറച്ചെങ്കിലും ശ്രീലങ്കന്‍ ജനതക്ക്, പ്രത്യേകിച്ചും ശ്രീലങ്കന്‍ സഭക്ക് ഏറ്റ ആഘാതത്തിന്റെ വ്യാപ്തി ആര്‍ക്കും അളക്കാനാവാത്ത വിധം കഠോരമാണ്. മെത്രാന്‍മാരും വൈദികരും സിസ്റ്റേഴ്‌സുമെല്ലാം നിരന്തരമായി ഭവനസന്ദര്‍ശനങ്ങള്‍ നടത്തിയും അനുനയിപ്പിച്ചും ഒരു വിധത്തിലാണ് ആളുകളെ സഭയോട് ചേര്‍ത്തുനിര്‍ത്തിയത്. 152 പേര്‍ മരിച്ച ദൈവാലയത്തില്‍ ചെന്നാല്‍ ഇപ്പോഴും ഒരു ശ്മശാന മൂകതയാണ.് ആളുകള്‍ ഇന്നും സെമിത്തേരിയില്‍ പോയി അലമുറയിട്ട് കണ്ണീരോടും വിലാപത്തോടും കൂടെ പ്രാര്‍ത്ഥിക്കുന്നത് കാണാം. അനുഭവിച്ചവര്‍ക്കല്ലെ വേദനയുടെ ആഴം മനസിലാകൂ!
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സഭാ നേതൃത്വം വീട് വീടാന്തരം കയറി എല്ലാ വിധത്തിലും വിശ്വാസികളെ സഹായിക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ആളുകളില്‍നിന്ന് ഭീതി വിട്ടുമാറിയിട്ടില്ല. വേദനയില്‍ നിന്നുയരുന്ന വാശികൊണ്ട് ഇനിയും പള്ളിയിലേക്ക് വരാന്‍ മടിക്കുന്നവരുണ്ട.് മരണമുഖങ്ങളെ മറക്കാന്‍ കഴിയാത്ത അവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതെ നില്‍ക്കാനെ ആര്‍ക്കും കഴിയൂ. മുഴുവന്‍ കുടുംബാംഗങ്ങളും മരിച്ചവര്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, അംഗവൈകല്യം സംഭവിച്ചവര്‍. ഇങ്ങനെ എത്രമാത്രം ദയനീയമായ സാഹചര്യങ്ങള്‍…. എങ്കിലും സഭാനേതൃത്വത്തിന്റെ ശക്തവും സജീവുമായ ഇടപെടലുകള്‍ 90 ശതമാനവും ഫലം കണ്ടു.”

ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ ഒഎഫ്എം

രക്തസാക്ഷിത്വം ശ്രീലങ്കന്‍ സഭക്ക് പുതുമയല്ല
ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സന്ധിചെയ്യുന്ന ഗള്‍ഫ് ഓഫ് മന്നാറില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഉപദ്വീപ്… ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടും ആകൃതി കൊണ്ടും ഇന്ത്യയുടെ കണ്ണീര്‍ തുള്ളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീലങ്ക. സിംഹളര്‍, കുടിയേറ്റ സമൂഹമായ തമിഴര്‍, മുസഌങ്ങള്‍, മറ്റു വിദേശികള്‍ എല്ലാം ചേര്‍ന്ന് 2. 20 കോടി ജനങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴ് ശതമാനമാണ് കത്തോലിക്കര്‍. സെന്റ് തോമസ് ക്രിസ്ത്യാനികളുടേയും, നെസ്‌തോറിയന്‍ സമൂഹത്തിന്റേയും സാന്നിധ്യം ചരിത്രരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുടെ കൊളോണിയന്‍ ഭരണം 1505-1948 വരെയും ശ്രീലങ്കയില്‍ നിലനിന്നിരുന്നു. അതിനാല്‍ ഒരു സെമി-യൂറോപ്യന്‍ സംസ്‌കാരത്തിന്റെ മുഖാവരണം ഈ ജനങ്ങളുടെ ജീവിതത്തില്‍ കാണാം.

1658 മുതല്‍ 1796 വരെയുള്ള ഡച്ച് കൊളോണിയല്‍ കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ കാല്‍വിനിസ്റ്റ് ഗ്രൂപ്പുകള്‍ ക്രൈസ്തവ സമൂഹത്തെ അതിഭീകരമായി വേട്ടയാടി. അനേകം കത്തോലിക്കാപള്ളികള്‍ നശിപ്പിക്കപ്പെട്ടു. 120 -ഓളം വൈദികര്‍ രാജ്യം വിട്ടുപോയി. ഗോവയിലെ പോര്‍ച്ചുഗീസ് പ്രദേശമായ സാന്റ്‌ഘോലെയില്‍ 1651 -ല്‍ ജനിച്ച ജോസഫ് വാസ് എന്ന മിഷനറി വൈദികന്‍ മാന്നാര്‍ വഴി ജാഫ്‌നായില്‍ ഈ കാലയിളവിലാണ് എത്തിയത.് ശ്രീലങ്കയില്‍ മതപീഢനങ്ങള്‍ നടന്നിരുന്നതുകൊണ്ട് ഒരു ഭാരതീയ സന്യാസിയുടെ രൂപത്തില്‍ വേഷപ്രച്ഛന്നനായി അദേഹം പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു. ഭാഷാപഠനം നടത്തി യാചകനേപ്പോലെ അദേഹം ശ്രീലങ്കയിലുടനീളം ആളുകളുമായി ബന്ധപ്പെട്ടു. പീഡനങ്ങളുടെ തീവ്രതകൊണ്ട് ഭയപ്പെട്ട് ഒളിസങ്കേതങ്ങളിലും വീട്ടുതടങ്കലിലുമായി കഴിഞ്ഞിരുന്ന ക്രൈസ്തവരെ അദേഹം ധൈര്യപ്പെടുത്തി വിശ്വാസത്തില്‍ ഉറപ്പിച്ചു. അനേകം ആളുകള്‍ രക്തസാക്ഷികളായി.

കാലക്രമത്തില്‍ പ്രതിസന്ധികളില്‍ തളരാതെ ഏത് വെല്ലുവിളികളെയും സധൈര്യം നേരിടാനും, പരസ്യമായിത്തന്നെ ആരാധനാ ശുശ്രൂഷകള്‍ നടത്താനും വിശ്വാസികള്‍ ചങ്കൂറ്റത്തോടെ മുമ്പോട്ട് വന്നു. ശ്രീലങ്കന്‍ കത്തോലിക്കാ സമൂഹം വിശുദ്ധ ജോസഫ് വാസിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കാല്‍വിനിസ്റ്റുകളുടെ മര്‍ദ്ദനതാണ്ഡവത്തില്‍ തകര്‍ന്ന് മരണമണി മുഴങ്ങുന്ന അവസ്ഥയില്‍ കത്തോലിക്കാസഭക്ക് ജീവന്റെ തുടിപ്പേകിയത് അദ്ദേഹമാണ്.
1948 -ല്‍ കൊളോണിയല്‍ അടിമത്വത്തില്‍ നിന്നും രാഷ്ട്രം മോചിക്കപ്പെട്ടു. എങ്കിലും തമിഴ് വംശീയ കലാപം, ഈസ്റ്റര്‍ ദിനത്തിലെ ബോംബ് സ്‌ഫോടനം, കോവിഡ് മഹാമാരി ഉള്‍പ്പെടെ നിരവധി ആഭ്യന്തര അരക്ഷിതാവസ്ഥകളുടേയും, പോരാട്ടങ്ങളുടെയും നൊമ്പരങ്ങളില്‍ നിന്ന് ഇന്നും ജനത പൂര്‍ണ മോചനം നേടിയിട്ടില്ല. ഈ കഠിനവിഷമസന്ധികള്‍ ജനജീവിതത്തെ മാത്രമല്ല അവരുടെ വിശ്വാസ-അനുഷ്ഠാനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

‘കീറാമുട്ടി’കള്‍
ശ്രീലങ്ക ഒരു ബുദ്ധിസ്റ്റ് റിലീജിയസ് രാഷ്ട്രമാണ്. മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനം അതായത് 15.5 ലക്ഷം കത്തോലിക്കാ വിശ്വാസികള്‍ 12 രൂപതകളിലായി വസിക്കുന്നു. 448 ഇടവകകളാണ് അവിടെ ഉള്ളത്. മിശ്രവിവാഹമുള്‍പ്പെടെ ശ്രീലങ്കയിലെ വിശ്വാസസമൂഹത്തെ അലട്ടുന്ന നിരവധി വെല്ലുവിളികളുണ്ടെന്ന് ഫാ. സെനറ്റ് പറയുന്നു.

”ശ്രീലങ്കന്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മിശ്രവിവാഹങ്ങള്‍ പരിഹാരമില്ലാത്ത കീറാമുട്ടിയായി മാറിയിരിക്കുകയാണ്. ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് അവരുടെ തന്നെ വിശ്വാസം പിന്തുടരുന്ന അനുയോജ്യ ജീവിതപങ്കാളിയെ കണ്ടെത്താന്‍ വിഷമമാണെന്ന വാദമാണ് യുവജനങ്ങള്‍ പറയുന്നത്. കുഞ്ഞുങ്ങളെ ക്രിസ്തീയവിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാം എന്ന് ഉടമ്പടി ചെയ്ത് മറ്റ് മതത്തില്‍ നിന്നും ആര്‍ക്കും വിവാഹം കഴിക്കാം. അതിന് നമ്മള്‍ എതിര് നിന്നാലും അവര്‍ വിവാഹിതരാകും. സഭയുടെ സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസയും നല്‍കും.
ക്രൈസ്തവ ദൈവാലയങ്ങളിലെ ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവര്‍ ബുദ്ധമത ക്ഷേത്രങ്ങളിലും പോകുമെന്ന അവസ്ഥയാണിന്നുള്ളത്. കുമ്പസാരിക്കാന്‍ അവസരം ഒരുക്കിയാലും അഞ്ചോ ആറോ പേരെ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ദിവ്യകാരുണ്യ സ്വീകരണത്തിനായി പള്ളി നിറയേ ആളുകള്‍ വരും. വിശ്വാസികളുടെ കൗദാശിക ജീവിതം ആഴമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ചെറുപ്പക്കാരായ വൈദികര്‍ മുന്നിട്ടിറങ്ങി ഇത്തരം കാര്യങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തി വരുന്നുണ്ട.് ഭാവിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വിവാഹബന്ധങ്ങള്‍ വേര്‍പിരിയല്‍, വിവാഹേതരബന്ധങ്ങള്‍, സിംഗിള്‍ പേരന്റിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. സമ്പൂര്‍ണ കത്തോലിക്കാ കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ താരതമ്യേന വളരെക്കുറവാണ്. മിശ്രവിവാഹിത കുടുംബങ്ങളില്‍ സാംസ്‌കാരികവും ആചാരപരവുമായ അനൈക്യങ്ങള്‍ തുടര്‍ക്കഥയാണ്. ബുദ്ധമതത്തിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ക്ക് ക്രിസ്തീയ വിശ്വാസജീവിതം നയിക്കാനോ, മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങളെ ക്രിസ്തീയമൂല്യങ്ങളില്‍ വളര്‍ത്താനോ കഴിയില്ല. എന്തിനേറെ, സണ്‍ഡേ സ്‌കൂള്‍ പഠനത്തിന് പോലും പറഞ്ഞയക്കാന്‍ കഴിയാറില്ല. മാതാപിതാക്കള്‍ വ്യത്യസ്ഥ വിശ്വാസസംഹിതകള്‍ പാലിക്കുന്നതുകൊണ്ട് അസ്തിത്വപരമായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ മക്കള്‍ പേറേണ്ടി വരുന്നു.

ഈ സ്ഥിതിഗതികള്‍ മറികടക്കാന്‍ വിവിധ തരത്തിലുള്ള ധ്യാനങ്ങള്‍, ക്ലാസുകള്‍ വഴിയായി സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. കൂടാതെ ഇടവകകളില്‍ പാരിഷ് മിഷന്‍ എന്ന പേരില്‍ വീടുകളുടെ സന്ദര്‍ശനം, ചര്‍ച്ചകള്‍, എന്നിങ്ങനെ ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന വിശ്വാസ പരിശീലനങ്ങളും ബോധവല്‍ക്കരണ പദ്ധതികളും പല ഇടവകകളിലും നടത്തി വരുന്നു. എന്നാല്‍ സെമി-യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അനുരണനങ്ങള്‍ യുവജനങ്ങളില്‍ ഗാഢമായി പ്രതിഫലിക്കുന്നതിനാല്‍ പള്ളികളില്‍ യുവജനപങ്കാളിത്വം താരതമ്യേന കുറവാണ്. വൈദികരും സിസ്റ്റേഴ്‌സും അവരുടെ ഇടയില്‍ എത്രത്തോളം കഠിനപ്രയത്‌നം നടത്തുന്നുവോ അതനുസരിച്ചായിരിക്കും യുവജനങ്ങളുടെ സഹകരണം. സമര്‍പ്പിതര്‍ അത്ര കണ്ട് ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികള്‍ വേറെ വഴിക്ക് പോകും.”

‘കുബ്ദൂത്’ ഇവിടെ കേരളത്തിലെ പോലെയല്ല
ശ്രീലങ്കയിലെ കത്തോലിക്കാ സ്‌കൂളുകളില്‍ മതബോധനം ഒരു വിഷയമായിത്തന്നെ പഠിക്കാനുണ്ട്. അതിനാല്‍ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിലും കുട്ടികള്‍ക്ക് അറിവ് ലഭിക്കുന്നു. പള്ളികളിലും മതബോധനക്ലാസുകള്‍ ഉണ്ട്. എന്നാലും കുട്ടികളുടെ പങ്കാളിത്വം താരതമ്യേന കുറവാണെന്ന് ഫാ. സെനറ്റ് പറയുന്നു.”കരിസ്മാറ്റിക്ക് (കുബ്ദൂത് )മുന്നേറ്റം ഇവിടെയും ഉണ്ട്. എന്നാല്‍ കേരളത്തിലേതു പോലെ അത്ര സജീവമല്ല. വിന്‍സെന്‍ഷ്യന്‍ സമൂഹം ശ്രീലങ്കയില്‍ ഒരു ധ്യാനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളായാലും വിശ്വാസ കാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന മുതിര്‍ന്നവരായാലും ആരാധനാ ശുശ്രൂഷകളില്‍ പങ്കാളിത്വത്തിന് അവസരം കിട്ടുകയെന്നത് വലിയ ബഹുമതിയും അംഗികാരവുമായി കണക്കാക്കുന്നു. ആരും നിര്‍ബന്ധിക്കാതെ തന്നെ ആളുകള്‍ ഇടവകപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും എന്നത് വലിയൊരു പ്ലസ് പോയിന്റാണ്.

ശ്രീലങ്ക ഒരു മതസൗഹൃദ രാഷ്ട്രമാണെങ്കിലും തമിഴ്-സിംഹള വംശീയപ്രശ്‌നം കാലത്തിന് പോലും ഉണക്കാന്‍ കഴിയാത്ത മുറിപ്പാടായി ഇന്നും നിലനില്‍ക്കുന്നു. ജാതിവ്യവസ്ഥതിയാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഒരു ഇടവകയില്‍ ആറോ ഏഴോ സബ് സ്റ്റേഷനുകളുണ്ടാകും. ഓരോ സബ് സ്റ്റേഷനുകളും ഓരോ ജാതിക്കാരുടെ കുത്തകയാണ്. ചില സ്ഥലങ്ങളില്‍ കടുത്ത ജാതി വ്യവസ്ഥ ഇന്നും ഒഴിയാബാധയാണ്. ജാതി സമ്പ്രദായംകൊണ്ട് ചില രൂപതകളില്‍ ബിഷപ്പിനെ പോലും നിയമിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ജാതിവിവേചനത്തിന്റെ ദുരന്തങ്ങള്‍ പരിഹരിക്കപ്പെടാത്ത നൊമ്പരമായി ജനതകള്‍ പേറുന്നു.
ശ്രീലങ്കന്‍ കത്തോലിക്ക സമൂഹത്തില്‍ 70% ആളുകളും താമസിക്കുന്നത് കൊളംബൊ രൂപതയിലാണ്. ബാക്കി 30 ശതമാനം കത്തോലിക്കരാണ് 11 രൂപതകളിലായി വസിക്കുന്നത്. പല രൂപതകളും ഭൂമിശാസ്ത്രപരമായി വലുതാണെങ്കിലും വിശ്വാസികളുടെ എണ്ണം പരിമിതമാണ്. 10,000 ത്തില്‍ താഴെ വിശ്വാസികള്‍ മാത്രമുള്ള രൂപത പോലുമുണ്ട്. സിംഹള ക്രൈസ്തവരേക്കാള്‍ വിശ്വാസവും പ്രാര്‍ത്ഥനയും തമിഴ് ക്രൈസ്തവര്‍ക്കാണ് ഉള്ളത്. കലാപത്തിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിച്ചതും അവര്‍ തന്നെ.”

സഭയുടെ വസന്തകാലത്തിനായി കാതോര്‍ത്ത്
ഓഡര്‍ ഓഫ് ഫെയേഴ്‌സ് മൈനര്‍ കണ്‍വെന്‍ച്ച്വല്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ 2008-ലാണ് ശ്രീലങ്കയില്‍ ആരംഭിക്കുന്നത്. ഇന്ന് 5 ഭവനങ്ങള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീലങ്കയുടെ സുവിശേഷവല്‍ക്കരണത്തിനായി ശ്രീലങ്കന്‍ ജനതയെ തന്നെ വാര്‍ത്തെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫാ. സെനറ്റ് പറയുന്നു.
”ആരംഭഘട്ടമെന്ന നിലയില്‍, ഞങ്ങള്‍ ഫോര്‍മേഷനിലാണ് ഫോക്കസ് ചെയ്യുന്നത്. കാരണം പ്രാദേശിക തലത്തില്‍ നിന്നുതന്നെ ആവശ്യത്തിന് വൈദികരെ ലഭിച്ചാല്‍ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാം. 2021 -ല്‍ ഒരാള്‍ വൈദിക പട്ടം സ്വീകരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും രണ്ട് പേര്‍കൂടി അഭിഷിക്തരാകും ഇപ്പോള്‍ 30 -തോളം വിദ്യാര്‍ത്ഥികള്‍ (15 സിംഹള + 15 തമിഴ്) വിവിധ തലങ്ങളില്‍ വൈദികപരിശീലനം നേടുന്നുണ്ട്. കൂടാതെ മറ്റ് ഇടവക പള്ളികളിലും വിന്‍സെന്‍ഷ്യന്‍ ധ്യാന കേന്ദ്രത്തിലും വിവിധ ശുശ്രൂഷകളില്‍ സഹായിക്കാറുണ്ട്. ഇവിടുത്തെ ദൈവാലയങ്ങളില്‍ ഇംഗ്ലീഷ്, സിംഹള, തമിഴ് എന്നീ ഭാഷകളിലാണ് ആരാധനാ ശുശ്രൂഷകള്‍ നടത്തുന്നത്.

ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുക എന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. സന്യാസ സമൂഹത്തിന്റെ കാരിസത്തിന് ആനുപാതികമായി സുവിശേഷാധിഷ്ഠിതമായ സാക്ഷ്യജീവിതം നയിക്കുകയാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത.് പിന്നിട്ട 15 വര്‍ഷങ്ങളിലെ സേവന മികവിന്റെ നല്ലഫലങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ച 30 ലധികം ദൈവവിളികള്‍. മറ്റ് പല രാജ്യങ്ങളില്‍ നിന്നും ധാരാളം മിഷനറിമാര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്. ഒഎംഐ (ലോക്കല്‍), ക്ലരീഷ്യന്‍, ഒസിഡി, വിസി, എസ്ഡിബി തുടങ്ങിയ സന്യാസ സമൂഹങ്ങളിലെ വൈദികരെക്കൂടാതെ മോണ്‍ഫോര്‍ഡ് ബ്രദേഴ്‌സും നിരവധി സന്യാസിനി സമൂഹങ്ങളും ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നു. ഉള്‍നാടുകളിലേക്ക് പോയി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരങ്ങള്‍ ഉണ്ട്. ഗവണ്‍മെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും വളരെ കര്‍ക്കശമായതുകൊണ്ട് ശ്രീലങ്കയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുക ദുഷ്‌കരമാണ്. ഇത്തരം നിയമപ്രശ്‌നങ്ങള്‍ എല്ലാ മിഷനറിമാരും നേരിടുന്നുണ്ട്.”

വിനാശത്തിന്റെ യുഗം അവസാനിച്ച് വിഭാഗീയതകളില്ലാത്ത സുസ്ഥിരവും സമാധാനപൂര്‍ണവുമായ ഒരു വസന്തകാലം ശ്രീലങ്കന്‍ ജനത സ്വപ്‌നം കാണുന്നു. കെട്ടുറപ്പുള്ള നല്ല ക്രിസ്തീയ സമൂഹം ശ്രീലങ്കയില്‍ പടര്‍ന്ന് പന്തലിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനായി സഭാ നേതൃത്വം പ്രതിബദ്ധതയോടെ കഠിനാദ്ധ്വാനം തുടരുകയാണ്…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?