ഇടുക്കി: വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാന ഗവണ്‍മെന്റിനെതിരെ ശക്തമായ നിലപാടുമായി ഇടുക്കി രൂപത. നിഷ്‌ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്ന് ഇടുക്കി രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങള്‍ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. കാട് വിട്ട് നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി കാട്ടില്‍ കയറ്റുന്നതിന് പകരം ഭയം കൊണ്ട് തെരുവിലിറങ്ങി നിലവിളിക്കുന്ന സാധാരണക്കാരന്റെ സമരങ്ങളെ അടിച്ചമര്‍ത്തുകയും തല്ലി ചതിക്കുകയും കള്ളക്കേസില്‍ കൊടുക്കുകയും ചെയ്യുന്ന ഗതികെട്ട നാടായി കേരളം മാറി. കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യന്റെ പക്ഷം ചേര്‍ന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണം.
മരണപ്പെടുന്ന ആളുകള്‍ക്ക് 10 ലക്ഷം രൂപ നല്‍കി കൈകഴുകുന്ന രീതിയാണ് ഇപ്പോള്‍ ഭരണകൂടം കാണിക്കുന്നത്. പരിക്കുപറ്റിയവര്‍ക്ക് സഹായം ചെയ്യുന്നതില്‍ വലിയ വിമുഖതയും കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കേരളത്തിലെ പൊലിഞ്ഞത് 12 ജീവനുകളാണ്. അപകടം ഉണ്ടാകാതിരിക്കുന്നതിന് വനപാലകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. വന്യമൃഗങ്ങള്‍ ആളുകളെ കൊല ചെയ്യാനുള്ള വഴികള്‍ മനപാലകര്‍ ക്രമീകരിച്ചു എന്ന് വേണം വ്യാഖ്യാനിക്കാന്‍; പ്രസ്താവനയില്‍ പറയുന്നു.
1972ലെ നിയമത്തിന്റെ കുരുക്ക് പറഞ്ഞ് ഭരണകൂടല്‍ ഉള്ളവര്‍ തലയൂരാന്‍ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വില പോകില്ല. ആ നിയമമാണ് പ്രശ്‌നമെങ്കില്‍ അതിനു പരിഹാരം കണ്ടെത്തേണ്ടത് ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. കുടിയേറ്റ കാലത്ത് അതിശയിപ്പിക്കുന്ന തരത്തിലുള്ള വന്യമൃഗ ശല്യമാണ് ഇപ്പോള്‍ ഉള്ളത്. ഇങ്ങനെ മൃഗങ്ങള്‍ തെരുവിലിറങ്ങാനുള്ള കാരണമെന്തെന്ന് ഗൗരവത്തോടെ അന്വേഷിക്കണം. വനത്തില്‍ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതാണ് കാരണമെങ്കില്‍ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ളസംവിധാ നവും ക്രമീകരിക്കണം. അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള നിയമസംവിധാനം രൂപപ്പെടുത്തണം.
കേരളത്തിലെ വനംവകുപ്പുമന്ത്രിയുടെ അപകടകരമായ മൗനം ലജ്ജാവഹമാണ്. താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിനെ പക്വതയോടെ കൈകാര്യം ചെയ്ത് ആളുകളുടെ ആശങ്ക ദൂരീകരിക്കാന്‍ ആവുന്നില്ല എങ്കില്‍ രാജിവച്ചു പുറത്തുപോകണം. പ്രകോപനമില്ലാതെ ജീവിക്കുന്ന ജനം വന്യമൃഗങ്ങളുടെ ആക്രമത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ആളുകള്‍ പ്രതിഷേധിക്കുക സ്വാഭാവികമാണ്. അത്തരത്തിലുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുന്നത് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നത്തിനാണ് ഉപകരിക്കുന്നത്.
ഇടുക്കിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പൊലിഞ്ഞത് 5 ജീവനുകളാണ്.അഞ്ചു കുടുംബങ്ങളുടെ അത്താണികളാണ് നഷ്ടപ്പെട്ടുപോയത്. ഇനിയും ഒരാളുടെ പോലും ജീവന്‍ നാട്ടില്‍ നഷ്ടപ്പെടാന്‍ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതിനു സാധിക്കാതെ വന്നാല്‍ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേര്‍ന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയില്‍ രൂപതാ സമരമുഖത്ത് സജീവമാകുമെന്നും രൂപതാ വക്താവ് ഫാ. ജിന്‍സ് കാരയ്ക്കാട്ട് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *