ജിബി ജോയി, ഓസ്‌ട്രേലിയ
പൂര്‍വ്വകാല രാഷ്ട്രീയബന്ധം ഉള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയം ‘സഭയും രാഷ്ട്രീയവും.’ ഇങ്ങനെ പറയുന്നവരില്‍ പലരും (ഞാനടക്കം) പ്രവാസികളും, കേരളത്തില്‍ വോട്ടില്ലാത്തവരും ആണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം! ഉള്ളിലുള്ള ചായ്‌വും, ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം കുറെ വാഗ്വാദങ്ങളില്‍ പ്രതിഫലിക്കും. ഒന്ന് കമെന്റിയാല്‍ ഒരു നിര്‍വൃതിപോലെ.…പിന്നെ പതിയെ പതിയെ ‘പവനായി ശവമായി’ എന്ന് പറഞ്ഞതുപോലെ എല്ലാം കെട്ടടങ്ങും! ക്രൈസ്തവരോടുള്ള ഈ രാഷ്ട്രീയ അവഗണനയുടെ യഥാര്‍ത്ഥ കാരണം ഇവരാരും ചര്‍ച്ച ചെയ്യുവാന്‍ താല്പര്യപ്പെട്ട് കാണാറുമില്ല. കാരണം, ഈ അവഗണനയ്ക്ക് തങ്ങള്‍ക്കുകൂടി ഉത്തരവാദിത്വമുണ്ടെന്ന് അവക്ക് ഉള്ളിലറിയാം.
കേട്ടത്: ക്രൈസ്തവസഭയെ രാഷ്ട്രീയമായി ഇടതനും, വലതനും കാലാകാലങ്ങളായി അവഗണിക്കുന്നു. അവരില്‍നിന്ന് സഭ ഒന്നും പ്രതീക്ഷിക്കേണ്ട. സഭയോട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവഗണന കാണിക്കുന്നു. അതിനാല്‍ സഭ ഇടതും വലതും എതിര്‍ക്കുന്ന, കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി സഹകരിക്കണം.
കണ്ടത്: രാഷ്ട്രീയപാര്‍ട്ടികളെ പണ്ടത്തേതുപോലെ സഭയ്ക്ക് സ്വാധീനിക്കാന്‍ കഴിയുന്നില്ല എന്നതാണ് ശരി. ഇന്ന് സഭയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം പ്രത്യക്ഷത്തില്‍ത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നത്, സഭയ്ക്ക് ഉണ്ടായിരുന്ന രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ സ്വാധീനങ്ങള്‍ എല്ലാം ഇന്ന് അസ്ഥാനത്തായിരിക്കുന്നു, സഭാമക്കള്‍ അതിവേഗം പിന്നിലായിരിക്കുന്നു എന്നതാണ്. അതിനാല്‍ ഈ മേഖലകളില്‍ നിന്ന് അര്‍ഹിക്കുന്ന നീതിയോ, പരിഗണനയോ ലഭിക്കുന്നില്ല. പലപ്പോഴും എതിരാളികളുടെ തള്ളിക്കയറ്റം ഉണ്ടാകുന്നു. ഇതിനെല്ലാം പ്രധാനകാരണം കേരളത്തിലെ ജനസംഖ്യയില്‍ ക്രൈസ്തവര്‍ ക്രമാതീതമായി കുറഞ്ഞുപോകുന്നതാണ്.
വോട്ടുബാങ്ക്‌രാഷ്ട്രീയം മുഖമുദ്രയാക്കിയിരിക്കുന്ന രാഷ്ട്രീയകക്ഷികള്‍; എണ്ണത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന, പകുതിയോളം ആളുകള്‍ വിദേശത്ത് കഴിയുന്ന, ഇനിയും അനേകര്‍ വിദേശത്ത് പോകുവാന്‍ ആഗ്രഹിക്കുന്ന നമ്മുടെ സമുദായത്തെയാണോ, ജനസംഖ്യയില്‍ ശരവേഗം വര്‍ധിക്കുന്ന ഒരു സമുദായത്തെയാണോ കൂടെ നിര്‍ ത്തേണ്ടത്? ഈ പോക്ക് പോയാല്‍ പത്തുവര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലെ ക്രൈസ്തവസഭയുടെ അവസ്ഥ എന്താകുമെന്ന് ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ നമ്മളെക്കാള്‍ മുമ്പുതന്നെ മനസിലാക്കിട്ടുണ്ട്. അതിശയിപ്പിക്കുന്ന ക്രൈസ്തവ ജനസംഖ്യാകുറവിന് കാരണങ്ങള്‍ പലതുണ്ട്.
സഭയില്‍ ഇന്ന് നടക്കുന്നത് പലായനമല്ല, ഒരു കൂട്ടപ്പലായനമാണ്. പത്രത്തിലെ വിവാഹപ്പരസ്യം നോക്കുക; ആലോചനയില്‍ നല്ല പങ്കും ’30’ വയസു തികഞ്ഞവര്‍. കെട്ടിയാല്‍ത്തന്നെ കുഞ്ഞ് ജോലി കിട്ടിയിട്ട് മതി, പ്രൊമോഷന്‍ കിട്ടിയിട്ട് മതി എന്നൊക്കെ പറഞ്ഞ് കുഞ്ഞിനുവേണ്ടി ഒരു മൂന്നുനാലു വര്‍ഷം.
ഇതര സമുദായത്തില്‍ പെണ്‍കുട്ടി ’20’ വയസിലും ആണ്‍കുട്ടി ’24’ വയസിലും വിവാഹിതരാകുന്നു. കുട്ടികള്‍ക്കായി താമസിപ്പിക്കില്ല. ഒരു മുപ്പതു വര്‍ഷം ഈ പ്രക്രിയ നടന്നാല്‍ നമ്മള്‍ 10% കുറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
ചില നിര്‍ദേശങ്ങള്‍
കേരളത്തിലെ ഗവണ്മെന്റ് നിയമനങ്ങളില്‍ യോഗ്യരാകുവാന്‍ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കണം. സംഘടനാശേഷി ഉള്ളവര്‍ രാഷ്ട്രീയരംഗത്തേക്കും കടന്നു വരട്ടെ. സഭ അവരെ തിരിച്ചറിയുകയും അവര്‍ക്കുവേണ്ട പ്രത്സാഹനം നല്‍കുകയും വേണം.
ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുന്ന നാലോ അതിനുമുകളിലോ മക്കളുള്ള അര്‍ഹിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം മാസാമാസം നല്‍കുക. സഭയുടെ സമ്പത്ത് കൊടുത്തിട്ടാണെങ്കിലും ഇത് നടത്തണം. അല്ലെങ്കില്‍, ചില പഴയ തറവാടുകളെക്കുറിച്ച് ‘സമ്പത്തുണ്ട്, പക്ഷെ അവകാശികളില്ല’ എന്ന് സഭയെകുറിച്ചും പറയാന്‍ ഇടവരും.
കോതമംഗലം രൂപത ഇതില്‍ മാതൃകാപരമായ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് എന്ന് ആദരണീയനായ മഠത്തിക്കണ്ടത്തില്‍ പിതാവിനോട് സംസാരിച്ചതില്‍നിന്ന് മനസിലായി. നാലാമത്തെ കുട്ടിയുടെ മാമോദീസയ്ക്കു പിതാവ് പോകുമ്പോള്‍ 25,000 രൂപയുടെ ഒരു ചെക്ക് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പിതാവ് നല്‍കും. ജനനം മുതല്‍ 18 വയസുവരെ സഭാസ്ഥാപനങ്ങളില്‍ കുട്ടിയുടെ ആശുപത്രിച്ചെലവ്, വിദ്യാഭാസ ചെലവ് എന്നിവ സൗജന്യമായിരിക്കും. ഇത് കൂടാതെ കോതമംഗലം കത്തീഡ്രല്‍ ഇടവക 10,000 രൂപയും നല്‍കുന്നുണ്ട്. (എന്റെ അറിവില്‍ വേറൊരു രൂപതയും ഇതുപോലെ ചെയ്യുന്നില്ല.)
ധ്യാനങ്ങളിലും പ്രീ മാരിയേജ് കോഴ്‌സുകളിലും ‘വലിയ കുടുംബം സന്തോഷകുടുംബം’ എന്ന് ആഴത്തില്‍ ഉദ്‌ബോധിപ്പിക്കുക. കാരണം എണ്ണത്തില്‍ കുറയരുതെന്നും പെരുകി വര്‍ധിക്കുക എന്നും ഉള്ളത് ദൈവകല്പനയാണ്. ദൈവകല്‍പന തിരസ്‌കരിച്ചിട്ട്… ദൈവാനുഗ്രഹവും അത്യുന്നതന്റെ സംരക്ഷണവും വേണമെന്ന് വാശിപിടിക്കരുത്.
നമ്മുടെ പൂര്‍വികര്‍ ഈ നാട്ടില്‍ അനുഗ്രഹപൂര്‍ണമായി ജീവിച്ചത്, ഭൂമി അവകാശമാക്കിയത്, സമസ്ത മേഖലയിലും വളര്‍ന്നത് നാലു മുതല്‍ 12 വരെ മക്കള്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു എന്നത് ഓര്‍ക്കണം. നമ്മുടെ കുട്ടികളില്‍ പകുതിയിലധികം വിദേശത്ത് പോകുന്നു. സീറോ മലബാര്‍ സഭയില്‍ എന്റെ അറിവില്‍ എന്റേതടക്കം 1600 കുടുംബങ്ങളില്‍ അഞ്ചും അതിലധികവും മക്കളുള്ള കുടുംബങ്ങള്‍ ഉണ്ട്. ഈ കാലഘട്ടത്തിലും ഇതെല്ലാം സംഭവ്യമാണെന്ന് നമ്മുടെ മുമ്പില്‍ തെളിയിക്കുന്നു. ഇവരെല്ലാവരും വലിയ കുടുംബം എങ്ങനെ ഒരു അനുഗ്രഹമായി തീര്‍ന്നു എന്ന് വിവാഹ ഒരുക്ക ക്യാമ്പില്‍ പങ്കുവയ്ക്കുന്നത് ഈ കാലഘട്ടത്തിന് ഉചിതമായ ബോധവല്‍ക്കരണം ആയിരിക്കും.
ഓരോ വെല്ലുവിളിയിലും തകരുന്നവനല്ല, മറിച്ച് ദൈവവചനത്തോടുചേര്‍ത്ത് മാര്‍ഗങ്ങള്‍ അവലംബിക്കുന്നവനാണ് ഉത്തമക്രൈസ്തവന്‍, അവനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ല. അതല്ലെങ്കില്‍ നമ്മുടെ ഈ ധാര്‍മികരോഷം ഒരു മുതലക്കണ്ണീര്‍ ആയോ ഈ ആവേശം വെറുമൊരു വിലാപമായോ ആയിരിക്കും കാലം രേഖപ്പെടുത്തുക.
Leave a Comment
Your email address will not be published. Required fields are marked with *