Follow Us On

23

November

2024

Saturday

എന്നെ ശക്തിപ്പെടുത്തിയ ഈരടികള്‍

ങ്ങനെ ഞാനും ഒരു കാന്‍സര്‍ രോഗിയായി. ഡോക്ടര്‍മാര്‍ രണ്ട് ചികിത്സാമാര്‍ഗങ്ങള്‍ പറഞ്ഞു. ഒന്ന്, ഓപ്പറേഷന്‍, രണ്ട്, റേഡിയേഷന്‍. രണ്ടിന്റെയും ഗുണദോഷങ്ങളും അവര്‍ പറഞ്ഞുതന്നു. അവസാനം അവര്‍തന്നെ സൂചിപ്പിച്ചു: റേഡിയേഷന്‍ മതിയായിരിക്കും. എന്റെ രോഗവിവരം അറിഞ്ഞ പലരും എന്നെ ഫോണില്‍ വിളിച്ചു. രണ്ട് ചികിത്സാ സാധ്യതകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവരില്‍ പലരും പറഞ്ഞു: ഓപ്പറേഷന്‍ വേണ്ട; റേഡിയേഷന്‍ മതി. അവ ദൈവികസന്ദേശങ്ങളായി എനിക്ക് തോന്നി. കാരണം അവര്‍ ദൈവിക സന്ദേശങ്ങള്‍ കിട്ടുകയും പറയുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഞാന്‍ റേഡിയേഷന്‍ തിരഞ്ഞെടുത്തു. 28 റേഡിയേഷന്‍. റേഡിയേഷന്‍ തുടങ്ങുന്നതിനുമുമ്പ് വേണ്ട ടെസ്റ്റുകള്‍ ചെയ്തു. റേഡിയേഷന്‍ നല്‍കേണ്ട ഭാഗങ്ങള്‍ ശരീരത്തില്‍ അടയാളപ്പെടുത്തി അതിന്റെ മുകളില്‍ ഒരുതരം ടേപ്പും ഒട്ടിച്ചു. കുളിക്കുമ്പോഴും മറ്റും രേഖപ്പെടുത്തിയ അടയാളങ്ങള്‍ മാഞ്ഞുപോകാതിരിക്കാനാണ് ഇങ്ങനെ ഒട്ടിച്ചത്.
റേഡിയേഷന്‍ തുടങ്ങുന്നതിനുമുമ്പ് ഡോക്ടര്‍ ചില മുന്നറിയിപ്പുകള്‍ നല്‍തി. പത്ത് അല്ലെങ്കില്‍ പതിനഞ്ച് റേഡിയേഷന്‍ കഴിയുമ്പോഴേക്കും പല പ്രയാസങ്ങളും ഉണ്ടാകാം. നല്ല ക്ഷീണം തോന്നാം. വായിലും വയറ്റിലും തൊലി പോകാം. ബ്ലീഡിങ്ങ് ഉണ്ടാകാം. എന്നാല്‍ ഡോക്ടര്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. വയറ്റില്‍ തൊലി കുറഞ്ഞുപോയി എന്നു തോന്നുന്നു. കാരണം അല്‍പം എരിവുള്ള ഭക്ഷണം കഴിച്ചാലും ഒരു നാരങ്ങാവെള്ളം കുടിച്ചാലും വയറ്റില്‍ നീറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങി. അതിനാല്‍ എരിവ്, പുളി, മസാലകള്‍ അടങ്ങിയ ഭക്ഷണം പരമാവധി ഉപേക്ഷിച്ചു. അതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ വായില്‍ തൊലി പോയിരുന്നെങ്കില്‍ വലിയ പ്രയാസമായേനെ. ബ്ലീഡിങ്ങും ഉണ്ടായില്ല. ഞാന്‍ വീണുപോയില്ല എന്നത് എന്നെയും മറ്റു പലരെയും ഡോക്ടറെയും സന്തോഷിപ്പിച്ചു. ചികിത്സയുടെ ഫലമായി ക്ഷീണവും അവശതകളുമെല്ലാം ഉണ്ടായി; പക്ഷേ ഞാന്‍ വീണുപോയില്ല; കിടപ്പുരോഗി ആയില്ല.

ഇതിന് ഒരു പ്രധാന കാരണം പ്രാര്‍ത്ഥനയാണ്. എനിക്ക് കിട്ടിയിടത്തോളം പ്രാര്‍ത്ഥനകള്‍ കിട്ടുന്ന രോഗികള്‍ വളരെ വളരെ കുറവായിരിക്കും. എനിക്കുവേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിച്ചവരും ജപമാലകളും കരുണക്കൊന്തകളും നിത്യവും ചൊല്ലിയവരും എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുത്ത് ആ സമയത്ത് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവരും ധാരാളം. അനേകരുടെ പ്രാര്‍ത്ഥന കിട്ടി. നിരവധി പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ പ്രാര്‍ത്ഥന കിട്ടി. എന്റെ രോഗസൗഖ്യത്തിനുവേണ്ടി പൊരിവെയിലത്ത് വളരെദൂരം നടന്ന് കുരിശിന്റെ വഴിയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചവരുണ്ട്. ശാലോം കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനയും വ്യക്തിപരമായും സംഘാതമായും കിട്ടി. അങ്ങനെ അനേകരുടെ ത്യാഗപൂര്‍ണമായ പ്രാര്‍ത്ഥനകള്‍ എനിക്കു കിട്ടി. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ക്രിസ്ത്യാനികള്‍ മാത്രമല്ല; ഇതര മതവിശ്വാസികളും ഉണ്ട്. എനിക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചതിനെക്കാള്‍ മറ്റുള്ളവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്നതാണ് ശരി.
എനിക്കുവേണ്ടി ഞാന്‍ നടത്തിയ പ്രധാന പ്രാര്‍ത്ഥന ഒരു നാലുലൈന്‍ പാട്ട് ഒരു സുകൃതജപംപോലെ നിരന്തരം മനസില്‍ ആവര്‍ത്തിക്കുക എന്നതായിരുന്നു. റേഡിയേഷനുവേണ്ടി ആശുപത്രിയിലേക്ക് പോകുമ്പോഴും റേഡിയേഷനുവേണ്ടി കാത്തിരിക്കുമ്പോഴും റേഡിയേഷന്‍ സമയത്തും അതുകഴിഞ്ഞ് തിരിച്ചു വന്നു കിടക്കുമ്പോഴുമെല്ലാം ഈ നാലുലൈന്‍ പാട്ട് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതില്‍ത്തന്നെ ഏറ്റവും തീക്ഷ്ണതയോടെ ഞാനീ പ്രാര്‍ത്ഥന ചൊല്ലിയത് റേഡിയേഷന്‍ നടക്കുന്ന അരമണിക്കൂര്‍ സമയത്തായിരുന്നു. എനിക്കുവേണ്ടിയും എല്ലാ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയും എന്നെ ചികിത്സിക്കുന്ന ആശുപത്രി സ്റ്റാഫിനുവേണ്ടിയും മറ്റെല്ലാ രോഗികള്‍ക്കുവേണ്ടിയും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുവേണ്ടിയും എന്നോട് പ്രാര്‍ത്ഥന ചോദിച്ച എല്ലാവര്‍ക്കുവേണ്ടിയും ഈ പാട്ട് ആവര്‍ത്തിച്ച് പാടിക്കൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ആ നാല് ലൈന്‍ പാട്ട് ഏതെന്നല്ലേ? ഇതാണ് ആ പാട്ട്. ഇത് നിങ്ങള്‍ എവിടെ അന്വേഷിച്ചാലും കിട്ടുകയില്ല. കാരണം ഇത് പള്ളിയില്‍ ഇരുന്നപ്പോള്‍ ഒരു ദിവസം എനിക്ക് ദൈവം തോന്നിച്ച പാട്ടാണ്. ഇതാണ് ആ പാട്ട്:
സൗഖ്യം സൗഖ്യം സൗഖ്യം
യേശുവിന്‍ നാമത്തില്‍ സൗഖ്യം
വിടുതല്‍ വിടുതല്‍ വിടുതല്‍
യേശുവിന്‍ നാമത്തില്‍ വിടുതല്‍
ഈ പാട്ടിന് ഒരു ട്യൂണും ദൈവം എനിക്ക് തന്നു. ആ ട്യൂണില്‍ റേഡിയേഷന്‍ സമയത്ത് മുഴുവനും ഞാനീ പാട്ട് ഹൃദയത്തില്‍ പാടി.
യേശുവിന്റെ നാമത്തിലാണല്ലോ എല്ലാ സൗഖ്യങ്ങളും വിടുതലും സംഭവിക്കുന്നത്. പത്രോസ് ശ്ലീഹാ ദൈവാലയ കവാടത്തില്‍ ഭിക്ഷ യാചിച്ചിരുന്ന മുടന്തനെ സുഖപ്പെടുത്തിയ അന്ന് തുടങ്ങിയതാണ് യേശുവിന്റെ നാമത്തിലുള്ള സൗഖ്യ-വിടുതല്‍ ശുശ്രൂഷകള്‍. പത്രോസ് പറഞ്ഞു: നസറായനായ യേശുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക. ആ മനുഷ്യന്‍ ഉടന്‍തന്നെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ യേശുവിന്റെ നാമത്തില്‍ നടന്ന സൗഖ്യ-വിടുതല്‍ ശുശ്രൂഷകളുടെ അനവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഇക്കാലത്ത് കരിസ്മാറ്റിക് പ്രാര്‍ത്ഥനയുടെ ഭാഗമായി നടത്തുന്ന സൗഖ്യ-വിടുതല്‍ പ്രാര്‍ത്ഥനകളിലെല്ലാം യേശുവിന്റെ നാമത്തിലാണ് സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതും സൗഖ്യങ്ങള്‍ സംഭവിക്കുന്നതും. യേശുവിന്റെ നാമത്തില്‍ മറ്റുള്ളവരുടെ സൗഖ്യത്തിനും വിടുതലിനുമായി ഞാനും പ്രാര്‍ത്ഥിക്കുകയും ഫലങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഇവിടെ എന്റെ സൗഖ്യത്തിനും വിടുതലിനുംവേണ്ടി ഞാന്‍തന്നെ യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിച്ചു.
പ്രിയമുള്ളവരേ, ഈ പ്രാര്‍ത്ഥനയുടെയെല്ലാം ഫലമായി എനിക്ക് സൗഖ്യവും വിടുതലും കിട്ടി. ചികിത്സയിലൂടെയും മരുന്നിലൂടെയും പ്രാര്‍ത്ഥനയിലൂടെയും യേശു പ്രവര്‍ത്തിച്ച് ഡോക്ടര്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ എന്നെ സംരക്ഷിച്ചു; സൗഖ്യവും വിടുതലും തന്നു. യേശുവിന് സാക്ഷ്യം വഹിക്കാനും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുവാനാണ് ഞാനിത് എഴുതുന്നത്.
ഇത് എഴുതുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. സഹനത്തിന്റെയും രോഗത്തിന്റെയും അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ യേശുവിന്റെ നാമം വിളിച്ച് സൗഖ്യത്തിനും വിടുതലിനുംവേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയും. അങ്ങനെ പ്രാര്‍ത്ഥിക്കുന്ന ധാരാളം പേരുണ്ട്. വീഴാതിരിക്കാനും സൗഖ്യവും വിടുതലും പ്രാപിക്കുവാനും യേശുവിന്റെ നാമം വിളിച്ചുള്ള പ്രാര്‍ത്ഥന വളരെ ഉപകാരപ്പെടും. പറ്റുമെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന നാലുവരി പാട്ട് കാണാതെ പഠിച്ചുവയ്ക്കുക. പറ്റുന്നിടത്തോളം സമയം പ്രത്യേകിച്ച് വേദനയുടെ സമയത്ത് അത് നിരന്തരം ആവര്‍ത്തിക്കുക. നിങ്ങള്‍ക്കും യേശുനാമത്തില്‍ സൗഖ്യവും ശക്തിയും വിടുതലും കിട്ടും.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?