Follow Us On

22

November

2024

Friday

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തേടിയിറങ്ങിയ കന്യാസ്ത്രീ

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ  തേടിയിറങ്ങിയ കന്യാസ്ത്രീ

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

ആന്ധ്രക്കാരി കന്യാസ്ത്രീ പങ്കുവച്ച അനുഭവം. അവര്‍ എംഎസ്ഡബ്ലിയു പഠനത്തിനുശേഷം ബംഗളൂരുവിലെ ഒരു കോളജില്‍ പഠിപ്പിക്കുന്ന കാലം. ഒരു ദിവസം കോളജില്‍നിന്ന് മടങ്ങിവരുമ്പോള്‍ മുന്നിലതാ ഒരു ഭിന്നലിംഗക്കാരി (transgender).
പൊതുവെ അങ്ങനെയുള്ളവരെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുമ്പില്‍ വന്ന് നില്‍ക്കുന്ന വ്യക്തിയെ കണ്ടപ്പോള്‍ കണ്ണില്‍ ഇരുട്ട് കൂടുകെട്ടി. പേടിമൂലം ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി. ഉള്ളില്‍ നിന്നും കിട്ടിയ ദൈവിക പ്രചോദനമനുസരിച്ച് ഇങ്ങനെ ചോദിച്ചു: ”താങ്കള്‍ക്ക് സുഖമാണോ?” ആ ചോദ്യം കേട്ടതേ അവര്‍ കരയാന്‍ തുടങ്ങി. ഒരിക്കല്‍ കൂടി അതേ ചോദ്യം ആവര്‍ത്തിച്ചു: ”താങ്കള്‍ക്ക് സുഖമാണോ? ….എന്തിനാ കരയുന്നത്?” ”ഇതുവരെ എന്നോടിങ്ങനെ ആരും ചോദിച്ചിട്ടില്ല സിസ്റ്റര്‍. ചിലരെല്ലാം എന്നെക്കാണുമ്പോള്‍ ദേഷ്യത്തോടെ നോക്കും. മറ്റു ചിലര്‍ പരിഹസിക്കും. വേറെ ചിലര്‍ പണം നല്‍കും …..പക്ഷേ ആദ്യമായാണ്….” അധികമൊന്നും സംസാരിക്കാതെ ആ ട്രാന്‍സ്‌ജെന്‍ഡര്‍ നടന്നു നീങ്ങി.

തിരിച്ച് കോണ്‍വന്റില്‍ എത്തിയ സിസ്റ്ററിന്റെ മനസില്‍ ആ വ്യക്തിയുടെ കണ്ണീര്‍ തെളിഞ്ഞു. അതുവരെ കേള്‍ക്കാത്ത ഒരു സ്വരവും പ്രചോദനവും അവരെ അസ്വസ്ഥയാക്കി. ദൈവസന്നിധിയില്‍ സമയം ചെലവഴിച്ചു. മേലധികാരികളുടെ സമ്മതത്തോടെ ഡോക്ടറേറ്റ് പഠനത്തിന് ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. റിസര്‍ച്ചിനുള്ള വിഷയം ട്രാന്‍സ്ജന്‍ഡേഴ്‌സിനെ കുറിച്ചായിരുന്നു. പഠനം പൂര്‍ത്തീകരിച്ച ശേഷം ആന്ധ്രപ്രദേശില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായി ‘Neethodu Society for Transgenders’ എന്ന പേരില്‍ ഒരു എന്‍ജിഒ രജിസ്റ്റര്‍ ചെയ്തു. (Neethodu എന്ന തെലുഗു വാക്കിന് അര്‍ത്ഥം: നിങ്ങള്‍ക്കൊപ്പം). ഒന്നരവര്‍ഷത്തിനിടയില്‍ 400 ഭിന്നലിംഗക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നേടിക്കൊടുക്കാന്‍ ഈ സഹോദരിക്ക് കഴിഞ്ഞു. സാല്‍വറ്റോറിയന്‍ സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ അമിത പോലിമെട്ട്‌ല തുടര്‍ന്നും ദൈവിക പ്രചോദനമനുസരിച്ച് പ്രവര്‍ത്തനം തുടരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 2024 മെയ് 14 മുതല്‍ 17 വരെ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഇന്ത്യയിലെ സന്യാസ സമൂഹങ്ങളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു സിസ്റ്റര്‍ അമിത.

പന്തക്കുസ്താ തിരുനാളിന്റെ ചൈതന്യത്തില്‍ ആയിരിക്കുമ്പോള്‍ ഈ സഹോദരിയുടെ പ്രവര്‍ത്തനം നമുക്കും പ്രചോദനമാകണം. ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം പരിശുദ്ധാത്മാവാണ്. ഭയചകിതരായി കതകടച്ചിരുന്ന ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെട്ട് അവന്‍ പറഞ്ഞു: ”നിങ്ങള്‍ക്കു സമാധാനം!… അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍” (യോഹന്നാന്‍ 20: 19, 22).
ദൈവിക പ്രചോദനങ്ങള്‍ തിരിച്ചറിയാനും അതനുസരിച്ച് പ്രത്യുത്തരിക്കാനും നമുക്ക് ശക്തി നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അല്ലെങ്കില്‍ എങ്ങനെയാണ് പീഡിപ്പിക്കുന്നവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സധൈര്യം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ശിഷ്യന്മാര്‍ക്ക് കഴിഞ്ഞത്? ജീവിത വഴിത്താരകളില്‍ ദൈവിക പ്രേരണകള്‍ തിരിച്ചറിയാനും അതിനനുസൃതമായി തീരുമാനങ്ങള്‍ എടുക്കാനും വെല്ലുവിളികള്‍ വരുമ്പോള്‍ ദൈവത്തില്‍ ആശ്രയിക്കാനും അവിടുത്തേക്കുവേണ്ടി ശുശ്രൂഷ ചെയ്യാനും പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കും സ്വന്തമാക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?