ഇറ്റാലിയന്‍ സ്വദേശിനിയായ പിയറീന ഗില്ലിക്ക് ലഭിച്ച റോസ മിസ്റ്റിക്ക മാതാവിന്റെ ദര്‍ശനങ്ങളില്‍ സഭയുടെ ദൈവശാസ്ത്രത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമായതൊന്നുമില്ല എന്ന് വ്യക്തമാക്കി വത്തിക്കാന്‍.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ വിശ്വസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ബ്രെസ്‌കിയ രൂപത ബിഷപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റലിയിലെ മോണ്ടിച്ചിയാരിയിലും ഫൗണ്ടനെല്ലയിലും വച്ച് 1947 ലും 1966ലുമാണ് മാതാവ് പിയറീന ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടത്. മറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വിവരിക്കുന്ന ഗില്ലിയുടെ എഴുത്തുകള്‍ മറിയത്തിന്റെ മാതൃത്വത്തിലുള്ള സമ്പൂര്‍ണും എളിമ നിറഞ്ഞതുമായ സമര്‍പ്പണമാണ് വെളിപ്പെടുത്തുന്നതെന്നും കര്‍ദിനാളിന്റെ കത്തില്‍ പറയുന്നു.
ഹാന്‍ഡ്‌മെയ്ഡ് ഓഫ് ചാരിറ്റി സന്യാസിനിസഭയില്‍ അര്‍ത്ഥിനിയും നഴ്‌സുമായിരുന്ന സമയത്താണ് ഗില്ലിക്ക് ആദ്യമായി ഹോസ്പിറ്റല്‍ ചാപ്പലില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെടുന്നത്. വൈലറ്റ് വസ്ത്രവും വെള്ള വെയിലും ധരിച്ച മാതാവ് ദുഃഖിതയായി കാണപ്പെട്ടു. മൂന്ന് വാളുകളാല്‍ ഹൃദയം തുളയ്ക്കപ്പെട്ട അവസ്ഥയില്‍ പ്രത്യക്ഷയായ മാതാവ് പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും പരിത്യാഗവുമാണ് അന്ന് ആവശ്യപ്പെട്ടത്. 1947 ജൂലൈ 13ന് മാതാവ് വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ വാളുകള്‍ക്ക് പകരം വെളുത്തതും ചുവപ്പു നിറമുള്ളതും മഞ്ഞ നിറമുള്ളതുമായ മൂന്ന് റോസ പൂക്കളായിരുന്നു മാതാവിന്റെ നെഞ്ചിലുണ്ടായിരുന്
യേശുവിന്റെയും എല്ലാവരുടെയും അമ്മയായ മറിയമാണ് താനെന്ന് വെളിപ്പെടുത്തിയ മാതാവ് എല്ലാ വര്‍ഷവും ജൂലൈ 13ന് റോസ മിസ്റ്റിക്ക മാതാവിന്റെ തിരുനാളാഘോഷിക്കണം എന്നും ഈ മരിയന്‍ ഭക്തി വൈദികരുടെ ഇടയിലും എല്ലാ സന്യാസഭവനങ്ങളിലും പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.1947ല്‍ അഞ്ച് തവണ കൂടെ മാതാവ് ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടു. അമലോത്ഭവ മാതാവിന്റെ തിരുനാള്‍ദിനമായ ഡിസംബര്‍ എട്ടിന് പ്രത്യക്ഷപ്പെട്ടപ്പോള്‍ റോസ മിസ്റ്റിക്ക എന്ന പേരിലറിയപ്പെടാനുള്ള തന്റെ ആഗ്രഹവും എല്ലാ ഡിസംബര്‍ എട്ടിനും ഉച്ചക്ക് ലോകത്തിന് വേണ്ടിയുള്ള കൃപയുടെ മണിക്കൂര്‍ ആചരിക്കുവാനുള്ള ആഗ്രഹവും മാതാവ് വ്യക്തമാക്കി.
പിന്നീട് ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം 1966 ഫൊണ്ടാനെല്ലയില്‍ വച്ചാണ് മാതാവ് ഗില്ലിക്ക് പ്രത്യക്ഷപ്പെടുന്നത്. അവിടെ ‘കൃപയുടെ ഫൗണ്ടന്‍’ എന്ന പേരിലുള്ള ഒരു അത്ഭുത അരുവി മാതാവ് ആശിര്‍വദിച്ചു. മാതാവിന്റെ ആവശ്യപ്രകാരം ഗില്ലി മണ്ണില്‍ ചുംബിച്ചപ്പോള്‍ അവിടെ നിന്ന് അത്ഭുതകരമായി ഒരുറവ പൊട്ടി പുറപ്പെടുകയായിരുന്നു. അവിടെ ഒരു കുരിശ് നാട്ടുവാനും ആ ഉറവയില്‍ നിന്ന് വെള്ളം കുടിക്കുന്നതിന് മുമ്പ് രോഗികളും അല്ലാത്തവരുമായ എല്ലാ മക്കളും തങ്ങളുടെ പാപത്തിന് ഈശോയോട് ക്ഷമ ചോദിച്ചുകൊണ്ട് സ്‌നേഹത്തിന്റെ ചുംബനം നല്‍കാനും മാതാവ് ആവശ്യപ്പെട്ടു. ഇതിന് ശേഷവും മാതാവിന്റെ നിരവധി സ്വകാര്യ പ്രത്യക്ഷപ്പെടലുകളും വെളിപാടുകളും ഗില്ലിക്ക് ലഭിച്ചിരുന്നു. 2019ല്‍ മരിയന്‍ പ്രത്യക്ഷീകരണം നടന്ന സ്ഥലം രൂപത ഏറ്റെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *