എറണാകുളം: കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി വ്യവസായവകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസൃതമായി സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനും സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് അംഗീകാരം നല്കുന്നതിനുമുള്ള ബില്‍ ഉടന്‍ സംസ്ഥാനമന്ത്രിസഭ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കാന്‍ മാത്രമേ കഴിയൂ. തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ ഓരോ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ സഹിതം ക്രോഡീകരിച്ച് ഉടന്‍ നടപ്പാക്കും. ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്രഗവണ്‍മെന്റാണ്. ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തിനുള്ളത്. സിആര്‍ഇസഡ് ആനുകൂല്യങ്ങള്‍ പലതും ലഭ്യമാക്കുന്നതില്‍ കേന്ദ്രത്തില്‍ സംസ്ഥാനം സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. വൈപ്പിന്‍ തീരദേശ മേഖലക്കായി 141 കോടിയുടെ പദ്ധതി കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവി പ്രശ്നം നേരിടുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നഗരമേഖലയില്‍ വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്നു നിലയില്‍ കഴിയുന്നവരും വോട്ട് രേഖപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചുവെങ്കിലും ഇന്ത്യയിലെ സാധാരണജനങ്ങള്‍ ജനാധിപത്യപ്രക്രിയയില്‍ കൃത്യമായി ഇടപെട്ട് ഭരിക്കാന്‍ മാത്രമുള്ള ഭൂരിപക്ഷം പരിമിതപ്പെടുത്തി ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നമ്മുടെ രാജ്യത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ജനാധിപത്യം ക്ഷീണിതാവസ്ഥയിലാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ബിഷപ് ചക്കാലക്കല്‍ അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറഞ്ഞു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ആര്‍ ക്രിസ്തുദാസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറിമാരായ പ്രബലദാസ്, മെറ്റില്‍ഡ മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘മഹിതപൈതൃകം’ എന്ന പുസ്തകം ബിഷപ് ഡോ. ആന്റണി വാലുങ്കലിന് നല്‍കി ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. ‘സമകാലിക സമൂഹത്തിലെ സഭയും സമുദായവും’ എന്ന വിഷയത്തില്‍ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ. ഡോ. ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നടത്തി.
സമാപനദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന സമ്മേളനത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പ്രസംഗിക്കും. രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും. ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടെയ്ലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എലിസബത്ത് അസീസി എന്നിവരെ ആദരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *