Follow Us On

16

September

2024

Monday

സിസ്റ്റര്‍ ഡൊണേറ്റയും ‘ഡോണ ടീ’യും

സിസ്റ്റര്‍ ഡൊണേറ്റയും  ‘ഡോണ ടീ’യും

 സൈജോ ചാലിശേരി
കന്യാസ്ത്രീ സമൂഹത്തില്‍നിന്നുള്ള ആദ്യത്തെ ആയുര്‍വേദ ഡോക്ടര്‍ക്ക് ഇത് സേവനത്തിന്റെ അമ്പതാം വര്‍ഷം. തൃശൂര്‍ ജൂബിലി മിഷന്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ഡോണേറ്റയാണ് ആയുര്‍വേദ ഡോക്ടറായുള്ള തന്റെ ഗോള്‍ഡന്‍ ജൂബിലി തികച്ചത്.
കന്യാസ്ത്രീകളുടെ ഇടയില്‍നിന്നും ആയുര്‍വേദമേഖലയില്‍ ആരും ഇല്ലാതിരുന്ന കാലത്താണ് സിസ്റ്റര്‍ ഡോണേറ്റ ഈ മേഖലയിലേക്ക് കടന്നത്. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ സംസ്ഥാനങ്ങളില്‍ ആയുര്‍വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചു.
തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ആയുര്‍വേദ വിഭാഗം ആരംഭിച്ചപ്പോള്‍ അതിന്റെ ചീഫ് ആയിരുന്നു ഡോ. സിസ്റ്റര്‍ ഡൊണേറ്റ. സേവനത്തിന്റെ ഭാഗമായി ഹിമാലയന്‍ താഴ്‌വരയിലെ ഗ്രാമങ്ങളിലും സിസ്റ്റര്‍ ഡൊണേറ്റ പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകടകരമായ ആ മേഖലയിലെ അനുഭവസമ്പത്തും അതിനെ അതിജീവിച്ചതിന്റെ ടാസ്‌ക്ക് എക്‌സ്പീരിയന്‍സും സിസ്റ്ററിന് മാത്രം സ്വന്തം.

2015 മുതല്‍ ഡോ. സിസ്റ്റര്‍ ഡൊണേറ്റ ജൂബിലി ആയുര്‍വേദ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നു. കോവിഡ് കാലത്ത് ജൂബിലിയില്‍ ഡോ. സിസ്റ്റര്‍ ഡൊണേറ്റ തയാറാക്കിയ ഔഷധചായ നിരവധിപ്പേര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്‌ക്കൊപ്പം തുളസി, ആടലോടകം, പനിക്കൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിച്ച് അല്‍പം തേയിലപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് ഡോ. സിസ്റ്റര്‍ ഡൊണേറ്റ തയാറാക്കിയ ഈ ഔഷധചായ ഇപ്പോഴും വൈറലാണ്.

മഴയും മഴക്കാല രോഗങ്ങളും പനിയും നാടാകെ പടര്‍ന്നുപിടിക്കുമ്പോള്‍ ‘ഡോണ ടീ’ എന്ന് പേരിട്ടിട്ടുള്ള ഈ ചായ വീട്ടില്‍ ഉണ്ടാക്കി കുടിക്കുന്നത് ഉത്തമമാണെന്ന് ഡോ. സിസ്റ്റര്‍ ഡൊണേറ്റ പറയുന്നു. മികച്ച പ്രതിരോധശേഷി നല്‍കുന്ന ഈ ഔഷധചായ പണ്ടുകാലങ്ങളില്‍ വീടുകളില്‍ അമ്മമാര്‍ തയാറാക്കിയിരുന്നതാണെന്നും പനിക്കും ജലദോഷത്തിനും ഇത് വളരെ ആശ്വാസം തരുമെന്നും സിസ്റ്റര്‍ പറഞ്ഞു. ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കുന്നതിനും ഇത് മികച്ചതാണ്. ജലദോഷം ഉള്ളവര്‍ക്ക് ഈ ചായയുടെ ആവി കൊള്ളാം. തൊണ്ടവേദനയുള്ളവര്‍ കവിള്‍കൊള്ളുന്നതും ഗുണകരമാണ്.

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയുടെ പേരിലുള്ള വൈദ്യശ്രേഷ്ഠ അവാര്‍ഡ്, തൃശൂര്‍ അതിരൂപതയുടെ സമര്‍പ്പിത വ്യക്തികള്‍ക്കുള്ള ഔട്ട് സ്റ്റാന്റിങ്ങ് പെര്‍ഫോമന്‍സ് അവാര്‍ഡ് എന്നിവയെല്ലാം സിസ്റ്റര്‍ ഡൊണേറ്റക്ക് ലഭിച്ചിട്ടുണ്ട്. ആതുരസേവനത്തിന്റെ പാതയില്‍ ആയുര്‍വേദത്തിന്റെ മഹത്വവും ഗുണവും ഇക്കഴിഞ്ഞ അമ്പതുവര്‍ഷവും പതിനായിരക്കണക്കിന് രോഗികള്‍ക്ക് പകര്‍ന്ന് ഡോ. സിസ്റ്റര്‍ ഡൊണേറ്റ തന്റെ സേവനം തുടരുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?