Follow Us On

18

October

2024

Friday

ധന്യസിസ്റ്റര്‍ മരിയ സെലിന്റെ ജീവിതം മാതൃകയാക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

ധന്യസിസ്റ്റര്‍ മരിയ സെലിന്റെ ജീവിതം മാതൃകയാക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂര്‍: ധന്യസിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ ജീവിതം മാതൃകയാക്കണമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ധന്യപദവിയിലെത്തിയ അമലോത്ഭവ മാതാവിന്റെ ഉര്‍സുലൈന്‍ സന്യാസ സഭാംഗം സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായ്ക്കലിന്റെ 67-ാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
 യേശുവിന്റെ കുരിശും സഹനവുമെല്ലാം ഹൃദയത്തില്‍ സ്വീകരിച്ച് സഹനത്തിന്റെ ദാസിയായി സിസ്റ്റര്‍ മരിയ സെലിന്‍ മാറിയിരുന്നു. ചെറുപ്രായത്തില്‍ തന്നെ കഷ്ടതകള്‍ വന്നപ്പോള്‍ യേശുവിന്റെ കുരിശിനെയാണ് സിസ്റ്റര്‍ കൂട്ടുപിടിച്ചിരുന്നത്. എന്ത് പ്രയാസം വന്നാലും കര്‍ത്താവിനെ ആശ്രയിച്ച് ജീവിക്കും എന്നായിരുന്നു സിസ്റ്റര്‍ ദൃഢപ്രതിജ്ഞയെടുത്തത്. 26 വര്‍ഷത്തെ തന്റെ ഹ്രസ്വജീവിതം കൊണ്ട് സമര്‍പ്പിത ജീവിതം അതിന്റെ പൂര്‍ണതയിലെത്തിച്ച് സ്വര്‍ഗം സ്വന്തമാക്കാന്‍ സിസ്റ്റര്‍ മരിയ സെലിന് കഴിഞ്ഞെന്നും ബിഷപ് പറഞ്ഞു.
ആര്‍ച്ചുബിഷപ് എമരിറ്റസുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞറളക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെത്രാഭിഷേകത്തിന്റെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയെ ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വീണ പാണങ്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. സിസ്റ്റര്‍ സാലി ഉപഹാരം നല്‍കി.
ഉര്‍സുലൈന്‍ ചിറക്കല്‍ മിഷന്റെ സ്ഥാപകപിതാവ് ഫാ. പീറ്റര്‍ കയ്‌റോണിയുടെ ജീവിതം ആസ്പദമാക്കി സിസ്റ്റര്‍ ഒട്ടാവിയ എഴുതിയ ‘ഒരു സ്വപ്ന സാക്ഷാത്കാരം’ എന്ന പുസ്തകം മാര്‍ ജോര്‍ജ് വലിയമറ്റം പ്രകാശനം ചെയ്തു. ആതുര സേവനത്തിന്റെ 55 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ഡോ. ഫെര്‍ണാണ്ടയെ മാര്‍ ജോര്‍ജ് ഞറളക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു. സിസ്റ്റര്‍ അനീഷ ഉപഹാരം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?