വത്തിക്കാന്‍ സിറ്റി: 2025 ജൂബില വര്‍ഷത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും മറ്റ് മൂന്ന് പേപ്പല്‍ ബസിലിക്കകളായ സെന്റ് ജോണ്‍ ലാറ്ററന്‍ , സെന്റ് മേരി മേജര്‍, സെന്റ് പോള്‍ (ഔട്‌സൈഡ് ദി വാള്‍) എന്നിവടങ്ങളിലും പാപ്പയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധവാതില്‍ തുറക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മറ്റ് കത്തീഡ്രലുകളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പ്രധാന ദൈവാലയങ്ങളിലും വിശുദ്ധ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘പ്രത്യാശ നിരാശരാക്കുന്നില്ല’ എന്ന തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മറ്റ് ദൈവാലയങ്ങളില്‍ വിശുദ്ധ വാതില്‍ ഉണ്ടാവുകയില്ലെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയത്.
അതേസമയം വിശുദ്ധ വാതിലുകള്‍ ഇല്ലെങ്കിലും പ്രാദേശികമായി കത്തീഡ്രലുകളും മറ്റ് നിര്‍ദിഷ്ട ദൈവാലയങ്ങളും സന്ദര്‍ശിച്ചുകൊണ്ടും കരുണയുടെ കൂദാശ സ്വീകരിച്ചുകൊണ്ടും ദണ്ഡവിമോചനത്തിനുള്ള മറ്റ് കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടും വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം ഈ ജൂബിലവര്‍ഷത്തില്‍ പ്രാപിക്കാവുന്നതാണ്. 2024 ക്രിസ്മസിന്റെ തലേദിവസം സെന്റ് പീറ്റേഴ്‌സ ബസിലിക്കയുടെ വിശുദ്ധവാതില്‍ തുറക്കുന്നതോടെയാണ് ജൂബിലി വര്‍ഷം ആരംഭിക്കുന്നത്. ഡിസംബര്‍ 29 ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *