ജയ്‌മോന്‍ കുമരകം
വളരെ കാര്‍ക്കശ്യത്തോടെയും ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും നടത്തേണ്ടുന്ന പല പരീക്ഷകളുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ധാരാളമായി കേള്‍ക്കുന്നത്. വളരെ ഗൗരവത്തോടെ നാം കണ്ടിരുന്ന നീറ്റ് പരീക്ഷയില്‍ പോലും തട്ടിപ്പിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ ആരാണ് അമ്പരക്കാത്തത്?
പരീക്ഷാനടത്തിപ്പിലെ ഗൗരവമില്ലായ്മയും ഉത്തരവാദിത്വക്കുറവും നാം നേരിടുന്ന യാഥാര്‍ഥ്യമാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ചോദ്യപേപ്പര്‍ ചോരുന്നത് സാധാരണമല്ലേ? അല്ലെങ്കില്‍ പരീക്ഷക്ക് വരുന്ന ചോദ്യങ്ങളില്‍ ചിലതെങ്കിലും സിലബസിന് പുറത്തുള്ളതല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളോട് അധികൃതര്‍ കാട്ടുന്ന ഉത്തരവാദിത്വക്കുറവ്. അതുമാത്രമേ പറയാനുള്ളൂ.
പരീക്ഷാനടത്തിപ്പില്‍ സത്യസന്ധത ഇല്ലാത്ത മറ്റൊരു മേഖല ഉത്തരക്കടലാസ് നോക്കി മാര്‍ക്ക് ഇടുന്നതാണ്. ഹോം വാലുവേഷന്‍ ആണെങ്കിലും സെന്‍ട്രലൈസ്ഡ് വാലുവേഷന്‍ ആണെങ്കിലും തെല്ലും സത്യസന്ധരല്ലാത്ത അധ്യാപകര്‍ ഉണ്ട്.
ശരിക്ക് ഉത്തരങ്ങള്‍ വായിച്ചുനോക്കാതെ അത്തരക്കാര്‍ക്ക് മാര്‍ക്ക് വാരിക്കോരി ഇടും. ഈയിടെ ഒരു അധ്യാപിക കുട്ടികളുടെ ഉത്തരക്കടലാസിലേക്ക് നോക്കുക പോലും ചെയ്യാതെ മാര്‍ക്ക് ദാനം ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കാതിരിക്കാനും റീവാലുവേഷന് പോകാതിരിക്കാനും വേണ്ടി അവര്‍ കുറച്ച് മാര്‍ക്ക് ചിലപ്പോള്‍ കൂട്ടി ഇട്ടേക്കാം. അതായത് അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന മാര്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല അര്‍ഹിക്കാത്തവര്‍ക്ക് അനര്‍ഹമായി മാര്‍ക്ക് കിട്ടുകയും ചെയ്യുന്നു. എത്രയോ വലിയ ദുരന്തമാണിത്.
ഇനി പരീക്ഷാഹാളില്‍ കൃത്രിമം കാട്ടുന്ന വിദ്യാര്‍ത്ഥികളും ധാരളമുണ്ട്. ചില ഇന്‍വിജിലേറ്റര്‍മാരാകട്ടെ സൂപ്പര്‍വിഷന്‍ ശരിയായ വിധം നിര്‍വഹിക്കാത്തതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്രിമം കാണിക്കുവാനും എളുപ്പമാകുന്നു. ഇതെല്ലാം കള്ളത്തരം കാണിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങളാണ്. ഇന്‍വിജിലേറ്റര്‍ എത്ര സമര്‍ത്ഥമായി നിരീക്ഷിച്ചാല്‍പോലും കള്ളത്തരം കാണിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ അവര്‍ അശ്രദ്ധ കൂടി കാണിച്ചാലോ?
നിസാരമെന്ന് തോന്നുന്ന ഇത്തരം സംഭവങ്ങളുടെ പ്രത്യാഘാതത്തെക്കുറിച്ച് കൂടി ചിന്തിക്കണം. വളരെ കഷ്ടപ്പെട്ട് പഠിച്ചൊരുങ്ങി വരുന്നവര്‍ക്ക് അര്‍ഹിക്കുന്ന മാര്‍ക്ക് കിട്ടാതിരിക്കുന്നു. അത്രയും തന്നെ പ്രാധാന്യമുണ്ട് അനര്‍ഹര്‍ക്ക് ലഭിക്കുന്ന മാര്‍ക്കും. ഈ മാര്‍ക്കാണ് അടുത്ത കോഴ്‌സിന്റെ പ്രവേശനത്തിനുളള മാനദണ്ഡം. ഒരു മാര്‍ക്കിന്റെ വ്യത്യാസത്തിനുപോലും അഡ്മിഷന്‍ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. അങ്ങനെയാണെങ്കില്‍ ചോദ്യപേപ്പര്‍ തയാറാക്കല്‍, വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളില്‍ കാണിക്കുന്ന വിക്രിയകള്‍, ഇന്‍വിജിലേറ്റര്‍മാരുടെ സത്യസന്ധതയില്ലായ്മ, ഉത്തരക്കടലാസ് പരിശോധിക്കാതെയുള്ള മാര്‍ക്ക് ഇടല്‍ എന്നിവിടങ്ങളിലൊക്കെ നടക്കുന്ന ക്രമക്കേടുകള്‍ എത്ര തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. അര്‍ഹിക്കുന്ന പലരും പിന്നിലായിപ്പോകുന്നു.
ഇനി മോഡറേഷന്‍ മാര്‍ക്കിനെക്കുറിച്ച് കൂടി പറയാം. അത് നല്‍കുന്നതിന് ചില അംഗീകൃത നിയമങ്ങള്‍ ഉണ്ട്. പരീക്ഷാ പാസ്‌ബോര്‍ഡിനാണ് മോഡറേഷനുള്ള പെര്‍മിഷന്‍. ഏതെങ്കിലും ഒരു വിഷയത്തില്‍മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറവാണെങ്കില്‍ മോഡറേഷന്‍ നല്‍കാമത്രേ. ആ പരീക്ഷയുടെ ചോദ്യപേപ്പറില്‍ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ വന്നതുകൊണ്ടോ മൊത്തത്തില്‍ ചോദ്യങ്ങള്‍ കഠിനമായിരുന്നതുകൊണ്ടോ ഒക്കെയാകാം ആ പേപ്പറിന് മാത്രം മാര്‍ക്ക് കുറഞ്ഞത്.
ആ പ്രശ്‌നം പരിഹരിക്കാനാണ് മോഡറേഷന്‍. ആ മാര്‍ക്ക് ആ പേപ്പര്‍ എഴുതിയ എല്ലാവര്‍ക്കും കിട്ടും. ഇത്തരം മോഡറേഷന്‍ നല്‍കുന്നത് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുമുമ്പാണ്. അതായത്, മോഡറേഷന്‍ നല്‍കിയശേഷമുള്ള മാര്‍ക്കുവച്ചാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.
ഫലം പ്രസിദ്ധീകരിച്ചശേഷമാണ് മോഡറേഷന്‍ നല്‍കാന്‍ ആലോചിക്കുന്നതെങ്കില്‍ അതിനും നടപടിക്രമങ്ങളുണ്ട്. അത് പാലിക്കണം. അനര്‍ഹരായ ചിലര്‍ക്ക് അവസരങ്ങള്‍ നല്‍കും. പക്ഷേ, അര്‍ഹിക്കുന്ന പലര്‍ക്കും അത് അവസരങ്ങള്‍ നിഷേധിക്കും.
അങ്ങനെ എത്ര അനര്‍ഹര്‍ ഇപ്പോള്‍ ഏതെല്ലാം പദവികളിലുണ്ടാകും! എത്ര അര്‍ഹിക്കുന്നവര്‍, അര്‍ഹിക്കുന്നിടത്ത് എത്താത്തവരായും ഉണ്ടാകും? അതിനാല്‍ പരീക്ഷ കൂടുതല്‍ ഉത്തരവാദിത്വത്തോടെ നടക്കുന്നൊരു കാലം ഉണ്ടാകട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം, അതുമാത്രമേ പറ്റുകയുള്ളൂ.
കാശിന് ബുദ്ധിമുട്ടുണ്ടോ വായ്പ തരാം
ഇന്ന് ഒരു വായ്പ തരപ്പെടുത്തുക എന്നത് അത്ര പ്രയാസമുളള കാര്യമല്ല. മൊബൈലില്‍ ഒന്നു ക്ലിക്കേണ്ട താമസം അക്കൗണ്ടില്‍ പണമെത്തും. അത്ര വേഗത്തിലാണിന്ന് കാര്യങ്ങള്‍. മുമ്പ് ബാങ്കില്‍ നിന്നും ഒരു വായ്പ എടുക്കണമെങ്കില്‍ എത്രയോ പ്രാവശ്യം ബാങ്കുമാനേജരെ പോയി കാണണം. അയാള്‍ പറയുന്ന എല്ലാ ഡോക്യുമെന്റുകളും ഹാജരാക്കണം. ജാമ്യം നില്ക്കാന്‍ ആളുവേണം. കിട്ടിയ രേഖകളെല്ലാം പരിശോധിച്ച് ലോണ്‍ കയ്യില്‍ കിട്ടുമ്പോഴേക്കും ആഴ്ചകള്‍ പിന്നിടും.
ഭവനനിര്‍മാണത്തിനും വാഹനത്തിനും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുമെല്ലാം ലോണ്‍ തരാന്‍ ബാങ്കുകള്‍ റെഡിയാണ്. ചുരുക്കി പറഞ്ഞാല്‍ ഏതെങ്കിലും വിധത്തില്‍ നമ്മളൊക്കെ എന്നും കടക്കാരനായി തുടരണം, അതാണ് ബാങ്കുകളുടെ നിലപാട്. ലോണ്‍ വാങ്ങുന്നതോടെ പിന്നെ തിരിച്ചടവിന് അവര്‍ തിരക്കുകൂട്ടാന്‍ തുടങ്ങും. അതിനാല്‍ പലരും ലോണ്‍ അടക്കാന്‍ മാത്രം ജീവിക്കുന്നു. മാസംതോറും അധ്വാനിക്കുന്നതത്രയും പലിശയും മുതലും കൊടുക്കാന്‍ മാത്രമായി തീരുന്നു. ബാല്യത്തില്‍ മറ്റുള്ളവരുടെ ലോണ്‍ ഭാരം നമ്മുടെ ചുമലിലാണെങ്കില്‍ യുവത്വത്തില്‍ നമ്മള്‍ക്കുവേണ്ടി നമ്മള്‍ ലോണെടുക്കുന്നു, മുതിര്‍ന്നവരായി തീരുമ്പോള്‍ മക്കള്‍ക്കുവേണ്ടിയും ലോണ്‍ എടുക്കേണ്ടി വരുന്നു. അങ്ങനെ ലോണ്‍ വാങ്ങിയവര്‍ എന്നും ബാധ്യതയുള്ളവരായി മാറുന്നു.
പലരും വരുമാനത്തെക്കുറിച്ച് ചിന്തിക്കാതെയാണ് വായ്പ എടുക്കുന്നത്. ആവോളം പണം പെട്ടെന്ന് കയ്യില്‍ കിട്ടുമ്പോള്‍ ആനന്ദം തോന്നുമെങ്കിലും തിരിച്ചടവിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് അതു ഭാരമായി മാറുന്നത്. ഒരു തവണ തിരിച്ചടവ് തെറ്റിയാല്‍ പിന്നെ ബാധ്യത ഇരട്ടിയായി. ചുമക്കാന്‍ പറ്റാത്ത ഭാരമായി.
അതിനാല്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വായ്പകള്‍ വളരെ അടിയന്തിര സാഹചര്യത്തില്‍ മാത്രമായി പരിമിതപ്പെടുത്തുക. ഇല്ലാത്ത പണം മുടക്കി വായ്പ എടുത്ത് വിലകൂടിയ വാഹനങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ കുടുംബത്തിന്റെ സ്വസ്ഥതക്ക് നല്ലത് വരുമാനത്തിലൊതുങ്ങുന്ന വാഹനം വാങ്ങുന്നതല്ലേ? അയല്‍ക്കാരനെക്കാള്‍ കേമമാക്കാന്‍ വീടിന് മോടി കൂട്ടി കടക്കാരനാകുന്നതിനേക്കാള്‍ നല്ലത് ഉള്ള സൗകര്യങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്നതല്ലേ? വിലപിടിച്ച ഭക്ഷണങ്ങള്‍ നല്‍കി അതിഥികള്‍ക്ക് മുന്നില്‍ കേമത്തം ചമയുമ്പോള്‍ വീട്ടാനാവാത്തവിധം സാമ്പത്തിക ബാധ്യത ചുറ്റിവരിയുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ചില ആഗ്രഹങ്ങള്‍ ന്യായങ്ങളാണെങ്കിലും അനുയോജ്യമായ സമയത്തിനുവേണ്ടി കാത്തിരിക്കാനുള്ള ദീര്‍ഘക്ഷമ ഉണ്ടാകട്ടെ അതു മാത്രമേ പറയാനുള്ളൂ.
Leave a Comment
Your email address will not be published. Required fields are marked with *