പാരിസ്: ‘യേശു പറഞ്ഞ ഉപമയിലെ പത്ത് താലന്ത് ലഭിച്ച കഥാപാത്രം’, പാരിസ് ഒളിമ്പിക്‌സിന്റെ ഡെക്കലത്തോണില്‍ വെങ്കല മെഡല്‍ ജേതാവായ ലിണ്ടന്‍ വിക്ടര്‍ തന്നെത്തന്നെ വിശേഷപ്പിക്കാനുപയോഗിക്കുന്ന വാക്കുകളാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരവിഭാഗത്തിലെ പത്ത് മത്സരങ്ങള്‍ ചേരുന്ന മത്സരമാണ് ഡെക്കലത്തോണ്‍. ഡെക്കലത്തോണില്‍ ജയിക്കുന്ന വ്യക്തിയെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ അത്‌ലറ്റാണ് കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഗ്രെനേഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലിണ്ടന്‍ വിക്ടര്‍.
ദൈവം തന്നെയാവാം തന്നെ ഡെക്കാലത്തണിലേക്ക് നയിച്ചതെന്ന് ലിണ്ടന്‍ പറയുന്നു. ഗ്രെനേഡയിലുള്ള ഫാമില്‍ പണിയെടുക്കുന്ന സമയത്തും വിക്ടറിന്റെ മനസ് നിറയെ അത്‌ലറ്റിക്‌സായിരുന്നു. അത്‌ലറ്റിക്‌സിലുള്ള തന്റെ കഴിവ് കോളേജില്‍ അഡ്മിഷന്‍ നേടിത്തരുമെന്നും അതിലൂടെ പുതിയ വാതിലുകള്‍ തുറക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ 20ലധികം കോളേജുകളില്‍ അപേക്ഷിച്ചിട്ടും നിരാശയായിരുന്നു ഫലം. അവസാനം ബനഡിക്‌ടൈന്‍ കോളേജ് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പോടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കി. തിരിഞ്ഞുനോക്കുമ്പോള്‍ ഗ്രനേഡയിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്ന് ഇവിടെവരെയെത്താന്‍ കഴിഞ്ഞത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് വിക്ടര്‍ പറയുന്നു. വെങ്കലമെഡല്‍ ലഭിച്ചതിനെ തുടര്‍ന്ന് വിക്ടറിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ജന്മനാടായ ഗ്രെനേഡയില്‍ നിന്നുള്ള അഭിനന്ദനം പ്രവഹിക്കുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *