ഇംഫാല്‍: തങ്ങള്‍ക്ക് വേണ്ടത് പണമല്ല, മറിച്ച് സമാധാനമാണെന്ന് വടക്കുകിഴക്കന്‍ മണിപ്പൂരില്‍ നരകയാതന അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍. മണിപ്പൂരിലെ വിഭാഗീയ സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണം വിതരണം ചെയ്യുന്ന നടപടിയില്‍ പ്രതികരിക്കവേയാണ് പ്രദേശത്തെ ക്രിസ്ത്യന്‍ നേതാക്കള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
15 മാസം നീണ്ട സംഘര്‍ഷം 226 ലധികം ജീവന്‍ അപഹരിക്കുകയും 60,000ത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്.
അക്രമം പതിനെണ്ണായിരത്തിലധികം കുടുംബങ്ങളെ ബാധിച്ചതായും അതില്‍ 14,800 ലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയതായും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് നിയമസഭയില്‍ പറഞ്ഞു. ഇരകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് 1,00,000 രൂപ വീതം വിതരണം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
സമാധാനം പുനഃസ്ഥാപിക്കാത്തപക്ഷം ഇത്തരം പ്രഖ്യാപനങ്ങള്‍കൊണ്ട് പ്രയോജനമുണ്ടാവില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഭാ നേതാവ് പറഞ്ഞു. പലായനം ചെയ്തവര്‍ക്ക് തിരികെ വരാനും സ്വന്തമായി വീടുകള്‍ നിര്‍മിക്കാനും ആഗ്രഹമുണ്ട്. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കണം. വീടുകള്‍ നിര്‍മിക്കാനുള്ള പണം മുഖ്യമന്ത്രി തരുമെന്ന് പറയുന്നു. എന്നാല്‍, സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വീടുകള്‍ നിര്‍മിക്കുന്നത് എന്തിനാണെന്ന് പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ നേതാവ് ചോദിച്ചു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 11,133 വീടുകള്‍ അഗ്‌നിക്കിരയായി. അതില്‍ 4,569 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 12,977 ആണ്‍കുട്ടികളും 13,763 പെണ്‍കുട്ടികളും കഴിയുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി ബിരേന്‍ സിംഗ് അംഗമായ മെയ്‌തേയ് സമുദായത്തെ പിന്തുണയ്ക്കുന്നതിനാല്‍ തങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിംഗിനെ മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.
സംസ്ഥാനത്തെ 3.2 ദശലക്ഷം ജനങ്ങളില്‍ 41 ശതമാനം ക്രിസ്ത്യാനികളാണ്. മെയ്തികള്‍ക്കിടയിലും ക്രിസ്ത്യാനികളുണ്ട്. ആര്‍ച്ച്ബിഷപ്പ് ലീനസ് നെലി അധ്യക്ഷനായ ഇംഫാല്‍ അതിരൂപത അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങളുമായി മുമ്പന്തിയിലുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *