Follow Us On

21

November

2024

Thursday

അമ്മയുടെ കാന്‍സര്‍ മാറ്റിയ മാതാവ്‌

അമ്മയുടെ  കാന്‍സര്‍ മാറ്റിയ മാതാവ്‌

 ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടവും സന്തോഷവും അരങ്ങേറിയ വര്‍ഷമായിരുന്നു 2011. ഏറെ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചുമാണ് തിരുപ്പട്ടത്തിനായി ഒരുങ്ങിയത്. അവധിക്ക് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അമ്മ പറയുമായിരുന്നു; ഈശോയുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കാന്‍ എന്റെ മോന്‍ നല്ലതുപോലെ ഒരുങ്ങണമെന്ന്. അതിനൊപ്പം അമ്മയുടെ കുഞ്ഞ് മോഹവും എന്നോട് സ്വകാര്യമായി പറയാറുണ്ടായിരുന്നു. ‘നിന്റെ പുത്തന്‍ കുര്‍ബാനയുടെ അന്ന് നീ വിഭജിക്കുന്ന തിരുവോസ്തിയുടെ ഒരു കുഞ്ഞു ഭാഗം എനിക്ക് നല്‍കണം.’

ഞെട്ടിപ്പിച്ച ഫോണ്‍കോള്‍
ഈ മോഹം അമ്മ പറയുമ്പോഴെല്ലാം ഞാന്‍ പരിശുദ്ധ മാതാവിനോട് പറയുമായിരുന്നു. എന്റെ മാതാവേ; തിരുപ്പട്ടദിനത്തില്‍ എന്റെ അമ്മക്ക് നിന്റെ മകനെ നല്‍കാനുള്ള ഭാഗ്യം എനിക്ക് നല്‍കണമേ. ജീവിതത്തില്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളതും ഈശോയിലേക്ക് വളര്‍ത്തിയതും എന്റെ പെറ്റമ്മയാണ്. അമ്മ എനിക്ക് സുഹൃത്തിനെപോലെയായിരുന്നു. അമ്മയെ പിരിയുന്നതിനേക്കാള്‍ സങ്കടം എനിക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല. അത്രമേല്‍ അഭേദ്യബന്ധമാണ് ഞാനും അമ്മയും തമ്മില്‍. അതുകൊണ്ട് തന്നെ അമ്മയ്ക്ക് ദിവ്യകാരുണ്യ ഈശോയെ നല്‍കാന്‍ ഞാനും ഒരുപാട് കൊതിച്ചിരുന്നു. അങ്ങനെ ആഗ്രഹിച്ച്, മോഹിച്ച്, പ്രാര്‍ത്ഥിച്ച് തിരുപ്പട്ട ദിവസം അടുത്തെത്തി. ഡീക്കന്മാര്‍ക്കുള്ള ധ്യാനത്തിന് ഞാനും പോയി.

ധ്യാനത്തിനിടയിലാണ് വീട്ടില്‍നിന്നും ഒരു അര്‍ജന്റ് ഫോണ്‍വിളി വന്നത്. അപ്പനാണ് വിളിച്ചത്. മോനേ, അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് കുറച്ചു നേരത്തേക്ക് അപ്പന്‍ നിശബ്ദനായപ്പോള്‍ അമ്മ ഫോണ്‍ വാങ്ങി പറഞ്ഞു; പേടിക്കാനൊന്നുമില്ലെടാ… ഞാന്‍ അമല ഹോസ്പിറ്റലിലാണ്. അമ്മയുടെ തൊണ്ടയില്‍ ഒരു മുഴയുണ്ട്. കാന്‍സറിന്റെ ലക്ഷണമാണെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്. അതൊന്നും സാരമില്ല. എന്റെ മോന്‍ നന്നായി ധ്യാനിച്ചോ. ഇതൊന്നും ഓര്‍ത്ത് സങ്കടപ്പെടണ്ട. നമുക്ക് മാതാവും ഈശോയുമൊക്കെയില്ലേ … അമ്മയ്ക്കുവേണ്ടി മോന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. മാതാവ് നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. ഹോസ്പിറ്റലില്‍ കിടന്നിട്ടായാലും പട്ടം കൂടാലോ. ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ അപ്പന്‍ ഫോണ്‍ വാങ്ങി ഇങ്ങനെ പറഞ്ഞു: മൂന്ന് ദിവസം കഴിഞ്ഞ് ബയോപ്‌സി റിസല്‍ട്ട് കിട്ടും. പോസിറ്റീവ് ആണെങ്കില്‍ ക്രിസ്മസും നിന്റെ തിരുപ്പട്ടവും ഇവിടെ കിടന്ന് ആഘോഷിക്കേണ്ടി വരും.

തിരുപ്പട്ടം തുലാസില്‍
ജീവിതം വഴിമുട്ടിയ പ്രതീതിയായിരുന്നു എനിക്ക്, അമ്മയില്ലാതെ തിരുപ്പട്ടം സ്വീകരിക്കാന്‍ എനിക്കാവില്ല എന്ന് ഉറപ്പാണ്. അതേസമയം അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്ക് എനിക്ക് തിരുപ്പട്ടം ലഭിക്കുമെന്ന് നാട്ടുകാരോടും വീട്ടുകാരോടും കൊട്ടിഘോഷിച്ചിട്ടുമുണ്ട്. എന്തു ചെയ്യണമെന്നറിയില്ല. ആരോടു പറഞ്ഞാലും അമ്മക്ക് രോഗമായാല്‍ കൂടി തിരുപ്പട്ടം സ്വീകരിക്കണമെന്ന് എന്നെ ഉപദേശിക്കുകയുള്ളൂ. കണ്ണീരിന്റെ താഴ്‌വരയിലാണ് ഞാനെന്ന് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്. ബാല്യം മുതല്‍ എന്നും സങ്കടം മാത്രം വിരുന്നു വന്നിരുന്ന എനിക്ക് ഒരു കരുത്തും പ്രതീക്ഷയുമായിരുന്നു തിരുപ്പട്ടം. ഇപ്പോള്‍ അതും തുലാസിലാടുന്നതുപോലെ തോന്നി.
അമ്മയോടുള്ള അമിതസ്‌നേഹം കാരണം ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുത്തു. ഈ വര്‍ഷമെന്നല്ല അമ്മക്ക് എന്ന് കാന്‍സര്‍ ഭേദമാകുന്നുവോ അന്ന് മതി ഇനി തിരുപ്പട്ടം എന്ന് മനസിലുറപ്പിച്ച് അമ്മയെ കാണാന്‍ ധ്യാനം പാതിവഴിയില്‍ അവസാനിപ്പിച്ച് അമല ഹോസ്പിറ്റലില്‍ പോകാനും അമ്മയെ ശുശ്രൂഷിക്കാനും ഞാന്‍ തീരുമാനിച്ചു.

ധ്യാനകേന്ദ്രത്തിലെ പള്ളിയില്‍ പോയി ഈ തീരുമാനം ദിവ്യകാരുണ്യ ഈശോയെ അറിയിച്ച് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു മഞ്ഞുകാറ്റു പോലെ ആരോഗ്യ മാതാവിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടു. എനിക്ക് നിന്നെ അറിയാം; നിന്റെ സങ്കടവും. നീ ഇപ്പോള്‍ എന്റെ മേലങ്കിക്കുള്ളിലാണ്. നീ മാത്രമല്ല നിന്റെ രോഗിയായ അമ്മയും. അതുകൊണ്ട് നിരാശപ്പെടുകയോ ഭയപ്പെടുകയോ വേണ്ട. നീ മൂന്ന് ദിനരാത്രം എന്റെ അരികിലിരിക്കുക. ജപമാല ചൊല്ലി അമ്മയുടെ സൗഖ്യത്തിനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിക്കുക എന്ന് മാതാവ് പറയുന്നതായി എനിക്കു തോന്നി.

മുഖംപൊത്തി കരഞ്ഞ ദിനങ്ങള്‍
മൂന്ന് ദിവസം മാതാവിന് നല്‍കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഉപവസിച്ചും ത്യാഗം ചെയ്തും ഒരു മിനിറ്റ് കളയാതെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. വിശുദ്ധ കുര്‍ബാന ചങ്കുപ്പൊട്ടി അര്‍പ്പിക്കാം. അമ്മയുടെ 100% ഉറപ്പായ കാന്‍സര്‍ സ്ഥിരീകരിച്ചാല്‍ പിന്നെ പരിശുദ്ധ അമ്മ എന്നൊന്ന് എന്റെ ജീവിതത്തിലില്ലെന്നും പൗരോഹിത്യം സ്വര്‍ഗം ആഗ്രഹിക്കുന്നതല്ലെന്നും ഒരു കുഞ്ഞിനെപോലെ ഞാന്‍ ചിന്തിച്ചു. അവിടെ അടുത്തുള്ള ചാപ്പലില്‍ ഞാന്‍ പോയിരുന്ന് കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്റെ കണ്ണീര്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഞാന്‍ മുഖം പൊത്തി ആ നേരങ്ങളില്‍ കരഞ്ഞിരുന്നു. പുറമേ ചിരിച്ച് അകമേ കരഞ്ഞ ജീവിതത്തിന്റെ ഭാഗധേയത്വം നിര്‍ണയിക്കുന്ന ഞാന്‍ ഒരു വിശ്വാസിയായി തുടരണോ എന്നുപോലും ചിന്തിച്ചു പോയ ദുഃസഹ രാത്രികളായിരുന്നു അവ.
പിറ്റേന്ന് വിശുദ്ധ കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എന്റെ അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞു; മോനേ ഇന്നലെ പരിശുദ്ധ അമ്മ രാത്രി എന്റെ അരികില്‍ വന്നതുപോലെ എനിക്ക് തോന്നുന്നു. ഒപ്പം അവളുടെ പൊന്നോമനയായ ഉണ്ണിമിശിഹായും. ഉണ്ണീശോയും അമ്മയും എന്റെ കഴുത്തില്‍ സ്പര്‍ശിച്ചു. എന്നൊക്കെ എന്റെ അമ്മ പറയുന്നതിനിടയിലായിരുന്നു ബയോപ്‌സിയുടെ റിപ്പോര്‍ട്ട് വന്നത്. കാന്‍സറിന്റെ വിദൂരസാധ്യതപോലും റിസല്‍ട്ടില്‍ ഉണ്ടായിരുന്നില്ല.

വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കും. ജപമാല ചൊല്ലിയാല്‍ അത്ഭുതം ഉറപ്പ് എന്നൊക്കെ ഇന്ന് അള്‍ത്താരയില്‍നിന്ന് പ്രഘോഷിക്കാന്‍ പരിശുദ്ധ അമ്മ എന്നെ സഹായിച്ചത് എന്റെ അമ്മയുടെ ജീവിതത്തില്‍ ഒരു അത്ഭുത രോഗ സൗഖ്യം നല്‍കികൊണ്ടാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയാനും എഴുതാനും എനിക്ക് സന്തോഷമേയുള്ളൂ. തിരുപ്പട്ടത്തിന്റെ അന്ന് പുത്തന്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ‘താതനുമതു പോല്‍’ എന്ന് പാടിക്കൊണ്ടിരിക്കുമ്പോള്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറതിങ്കള്‍പോലെ ഞാനറിഞ്ഞു. കുര്‍ബാന സ്വീകരണ സമയത്ത് ഞാന്‍ ആശീര്‍വദിച്ച അപ്പം അമ്മയുടെ നാവില്‍ സ്‌നേഹപൂര്‍വ്വം വിളമ്പുമ്പോള്‍ പരിശുദ്ധ അമ്മ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.
പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തെ പ്രകീര്‍ത്തിക്കാനും പ്രഘോഷിക്കാനുമാണ് ഈ ജന്മമെന്ന് ഞാനിന്ന് നല്ലതുപോലെ തിരിച്ചറിയുന്നു. വേര്‍പാടുകളുടെവേദന ഒരുപാട് കണ്ടും കേട്ടും ദുഃഖം ഘനീഭവിച്ചവളാണ് പരിശുദ്ധ അമ്മ. വേദനയുടെ നൂല്‍പാലത്തിലൂടെ ചങ്കുപൊട്ടി യാത്ര ചെയ്യുന്നവര്‍ക്കുള്ള അഭയകേന്ദ്രമാണ് അമ്മമറിയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?