രാജേഷ് ജെയിംസ് കോട്ടായില്‍
ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെ.യുടെ വിയോഗത്തിന്റെ 57-ാം വര്‍ഷമാണ് ഇത്. റാഞ്ചിയില്‍വച്ച് 1967 ജൂലൈ 13 ന് സഭാ വിരോധികള്‍ അദ്ദേഹത്തെ കുത്തുകയും 16 ന് കര്‍മ്മല മാതാവിന്റെ ദിനത്തില്‍ ഇഹലോകവാസം വെടിയുകയുമായിരുന്നു. 13 കുത്തുകളാണ് അദ്ദേഹത്തിന് ഏല്‌ക്കേണ്ടിവന്നത്.
പാലാ രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപള്ളി ഇടവകാംഗമായിരുന്നു ഫാ. ജെയിംസ്. കോട്ടായില്‍ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിളപറമ്പില്‍ മറിയത്തിന്റെയും മകനായി 1915 നവംബര്‍ 15നാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം ചോട്ടാ നാഗ്പൂര്‍ ഈശോ സഭാ മിഷനില്‍ ചേര്‍ന്നു. 1936 ല്‍ സീതാഗഢയിലെ നോവീഷിയേറ്റില്‍ ചേര്‍ന്നു. 1948 ല്‍ വെസ്റ്റ് ബംഗാളിലെ കുര്‍സിയോങ്ങില്‍ വൈദികനായി അഭിഷിക്തനായി. അവിടെ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചത്. പിന്നീട് ബിറു മിഷനിലും, ജഷ്പൂര്‍ രൂപതയിലെ മിഷനുകളിലും സഹായിയായും വികാരിയായും സേവനമനുഷ്ഠിച്ചു.
സേവനങ്ങളും ശത്രുക്കളും
സ്വതവേ ശാന്ത സ്വഭാവത്തിന് ഉടമയായിരുന്നു ഫാ. ജെയിംസ്. അദ്ദേഹത്തിന്റെ കര്‍ത്തവ്യനിഷ്ഠ ധാരാളം പേരെ സ്പര്‍ശിച്ച ഒരു പ്രത്യേകത ആയിരുന്നു. ജെയിംസച്ചന്റെ പ്രവര്‍ത്തനഫലമായി ആദിവാസികുട്ടികള്‍ വിദ്യാഭ്യാസത്തില്‍ പുരോഗതി പ്രാപിച്ചു. അതുപോലെ തന്നെ ജന്മികളുടെ അടിമകളായി കടം വീട്ടാന്‍ കഴിയാതെ തകര്‍ന്നു കഴിഞ്ഞിരുന്ന ആദിവാസികളെ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സിസ്റ്റം പഠിപ്പിപ്പിച്ച് സമ്പാദ്യ ശീലം പഠിപ്പിച്ചു. ഇത് ആദിവാസികളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക, ആത്മീയ ഉന്നമനത്തിന് കാരണമായി.
ഇതൊക്കെ ജന്മിമാരുടെ എതിര്‍പ്പിന് കാരണമായി. ആദിവാസികളെ ചൂഷണം ചെയ്യാന്‍ സാധിക്കില്ലെന്നു മനസിലാക്കിയ ജന്മിമാരും തീവ്രവര്‍ഗീയവാദികളും ചേര്‍ന്ന് അച്ചനെ ഇല്ലായ്മചെയ്യാന്‍ കൂടി ആലോചിച്ച് വാടക കൊലയാളികളെ ഏര്‍പ്പാടു ചെയ്യുകയായിരുന്നു. റാഞ്ചിയിലെ നവാഠാട് ഇടവകയില്‍ ശ്രുശൂഷ ചെയ്തു വരികെ അച്ചന് നേരെ ആക്രമമുണ്ടായി.
സഹായം തേടിയെത്തിയവര്‍
1967 ജൂലൈ 13 വ്യാഴാഴ്ച രാത്രിയാണ് ഭക്ഷണവും കിടക്കാനിടവും തേടി കുറച്ചുപേര്‍ അച്ചന്റെ അടുക്കല്‍ വന്നത്. വന്നവര്‍ക്ക് സ്‌കൂളില്‍ അച്ചന്‍ അഭയം നല്‍കി. അവര്‍ രാത്രി വീണ്ടും വന്ന് അച്ചന്റെ കതകില്‍ തട്ടി. അച്ചന്‍ കതകു തുറന്നതും അവര്‍ ആക്രമിച്ചതും ഒരുമിച്ചായിരുന്നു. അച്ഛന്റെ നിലവിളി കേട്ട് കൂടെയുണ്ടായിരുന്ന ബ്രദറും, പാചകക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും ഓടി വന്നു. എല്ലാംചേര്‍ന്ന് അച്ചനെ മാണ്ടറിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിച്ചു. വളരെയധികം രക്തം വാര്‍ന്നുപോയിരുന്നു.
അച്ചന് രക്തം കൊടുക്കാന്‍ സെമിനാരിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വന്നു. രക്തം സ്വീകരിച്ചപ്പോള്‍ എവര്‍ക്കും അല്പം പ്രതീക്ഷ വന്നു. പ്രൊവിന്‍ഷ്യാളച്ചന്‍ ഹോസ്പിറ്റലില്‍ കാണാന്‍ വന്നപ്പോള്‍ ജെയിംസച്ചന്‍ അദ്ദേഹത്തെ തിരിച്ചറിയുകയും നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിന് പാപമോചനവും രോഗി ലേപനം നല്‍കി. എന്നാല്‍ പിന്നീട് സ്ഥിതി വഷളായി. ജൂലൈ 16 ന് ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഫാ. ജെയിംസ് കോട്ടായില്‍ ഇഹലോകവാസം വെടിഞ്ഞു. മരിയ ഭക്തനായ അദ്ദേഹം ജൂലൈ 13 വ്യാഴാഴ്ച റോസാ മിസ്റ്റിക്കാ മാതാവിന്റെ ദിനത്തില്‍ 13 കുത്തുകളേറ്റ് ജൂലൈ 16 ന് കര്‍മ്മല മാതാവിന്റെ ദിനത്തില്‍ അന്ത്യയാത്ര നടത്തി.
തന്നെ കൊലപെടുത്തിയവരോട് ക്ഷമിച്ചുകൊണ്ട് സ്വര്‍ഗീയ പിതാവിന്റെ സവിധത്തിലേക്ക് ആ ധീര രക്തസാക്ഷി നമുക്ക് മുന്നേ യാത്രയായിയെന്ന് പ്രൊവിന്‍ഷ്യളച്ചന്‍ മൃതസംസ്‌കാര ശുശ്രൂഷയിലെ ദിവബലിയില്‍ പറഞ്ഞത് എവരുടെയും കണ്ണുകളെ ഇറനണിയിച്ചിരുന്നു. ശക്തമായ മഴയുണ്ടായിരുന്നിട്ടും ഫാ. ജെയിംസ് വികാരിയായിരുന്ന നവാഠാട് പള്ളിയിലെ ഇടവകക്കാര്‍ അദ്ദേഹത്തെ സംസ്‌ക്കരിച്ച മാണ്ടര്‍ പള്ളിയുടെ സിമിത്തേരിയിലെ കബറിടം വരെ വിലാപയാത്രയില്‍ പങ്കെടുത്തു.
അച്ചനെ ആക്രമിച്ചതാരാണെണ് ചോദിച്ചപ്പോള്‍ അവരെന്റെ സോദരങ്ങളാണെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താന്‍ അച്ചന്‍ തയ്യാറായില്ലയെന്ന് നവാഠാട് ഇടവകയിലെ കാറ്റിക്കിസ്റ്റ് ആയ മാര്‍ക്കസ് ടോപ്പോ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യ വിധിയില്‍ പറയുന്നതുപോലെ പരദേശിയിലും പാര്‍പ്പിടമില്ലാത്തവരിലും വിശന്നവരിലും ക്രിസ്തുവിനെ കണ്ട ജെയിംസച്ചന്‍ കര്‍ത്താവിശോമിശിഹായുടെയും വിശുദ്ധ രക്തസാക്ഷികളുടെയും കാലടികളെ പിന്‍തുടരുകയായിരുന്നു.
അനുസ്മരണങ്ങള്‍
നവാഠാട് ഇടവകയില്‍ അച്ചന്‍ താമസച്ചിരുന്ന മുറി സെന്റ് ആന്‍സ് കോണ്‍വന്റ് സിസ്റ്റേഴ്‌സ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 1967 ജൂലൈ 30 ഞായറാഴ്ച നവാഠാടില്‍ വച്ച് കത്തോലിക്കാ ലീഡേഴ്‌സ് ഒന്നിച്ച് ചേര്‍ന്ന്, ജയിംസച്ചനെ വധിച്ചതില്‍ ഉള്ള ദുഃഖാചരണവും അനുസ്മരണയോഗവും നടത്തിയിരുന്നു. അച്ചന്‍ കുത്തേറ്റ് വീണ സ്ഥലത്ത് അച്ചന്റെ പേരെഴുതിയ ഒരു മെമ്മോറിയല്‍ ശിലാഫലകം സ്ഥാപിച്ചു.
2019 ല്‍ അച്ചന്റെ ജന്മ ഇടവകയായ പാലാ രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പള്ളിയുടെ 100 വര്‍ഷം ആഘോഷിച്ചപ്പോള്‍ അച്ചന്റെ ഛായാചിത്രംപതിച്ച കല്‍കുരിശ് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ആശീര്‍വദിച്ചു. 2017 ല്‍ 50 -ാം ചരമവാര്‍ഷികത്തില്‍ അനുസ്മരണ ബലിയില്‍ റാഞ്ചി ഈശോസഭാ പ്രൊവിന്‍ഷ്യള്‍ ഫാ. ജോസഫ് മരിയാന്നൂസ് കജൂര്‍ എസ്.ജെ.യും മാര്‍ ജേക്കബ് മുരിക്കനും കാര്‍മികത്വം വഹിച്ചിരുന്നു. 57-ാം ചരമവാര്‍ഷികത്തിന് തുരുത്തിപ്പള്ളിയില്‍ ഇടവക വികാരി ഫാ. ജോസ് നെല്ലിക്കതെരുവിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി. അനുസ്മരണയോഗവും ഉണ്ടായിരുന്നു. ഇന്ന് ധാരാളം പേര്‍ അച്ചന്റെ കമ്പറിടത്തിലും മെമ്മോറിയല്‍ സ്ലാബിലും പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *