Follow Us On

23

November

2024

Saturday

എന്നും അടുത്തിരുന്നൊരാള്‍…

എന്നും അടുത്തിരുന്നൊരാള്‍…
ജോണ്‍സണ്‍ പൂവന്തുരുത്ത്
കുടുംബങ്ങളോടുചേര്‍ത്തുവച്ച പേര്, ഒരു വിഷമം വന്നാല്‍ ഓടിച്ചെന്നു പറയാന്‍ ഒരാള്‍, ഉപദേശം ചോദിക്കാന്‍ ഒരിടം, വീണുപോകുമെന്നു തോന്നുന്ന നിമിഷം പിടിക്കാനൊരു കരം… ഇതൊക്കെയായിരുന്നു പ്രിയപ്പെട്ടവര്‍ക്ക് ഫാ. ജോര്‍ജ് കരിന്തോളില്‍ എംസിബിഎസ്. അദ്ദേഹത്തെ പൊതിഞ്ഞ് അദൃശ്യമായൊരു സ്‌നേഹവലയം ഉണ്ടായിരുന്നു.
അതുകൊണ്ടാണ് ഒരിക്കല്‍ പരിചയപ്പെട്ടവര്‍, സംസാരിച്ചവര്‍, ഉപദേശം തേടിയവര്‍ വീണ്ടും വീണ്ടും അദ്ദേഹത്തെത്തേടി വന്നുകൊണ്ടിരുന്നത്. ഏതാനും മിനിറ്റുകള്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ എത്രയോ അകലെനിന്നും ആളുകള്‍ എത്തിയിരുന്നു. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. കാരണം കരിന്തോളിലച്ചനോട് ഒന്നു തുറന്നു സംസാരിച്ചാല്‍ അദ്ദേഹം പറയുന്നതിന് ചെവിയോര്‍ത്താല്‍ മനസില്‍ കയറ്റിവച്ചിരിക്കുന്ന ഭാരം അപ്പാടെ അലിഞ്ഞുതീരുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എവിടെ പോയാലും അവരൊക്കെ തേടിയെത്തിക്കൊണ്ടിരുന്നത്.
ഒരിക്കല്‍ ഇരുന്ന ഇടങ്ങളിലേക്ക് അദ്ദേഹം സന്ദര്‍ശനത്തിനു വരുമ്പോഴൊക്കെ പൂവിനു ചുറ്റും വട്ടമിട്ടുനില്‍ക്കുന്ന പൂമ്പാറ്റകളെപ്പോലെ കുറെ മനുഷ്യരെ കാണാം… വിരിഞ്ഞു പൂപോലുള്ള പുഞ്ചിരിയും സ്‌നേഹത്തിന്റെ സൗരഭ്യവുമായി അവര്‍ക്കിടയില്‍ ഈ വൈദികനെയും…
കരുതലായൊരാള്‍
അദ്ദേഹത്തെ കാണാനെത്തി കടന്നുപോയ ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്. അവരോടൊക്കെ ചോദിച്ചാല്‍, അകന്നുപോയ കണ്ണികളെ ചേര്‍ത്തുവച്ചതിന്റെയും വീണുപോയ കുടുംബങ്ങളെ കൈപിടിച്ചതിന്റെയും ആത്മഹത്യയുടെ വക്കിലെത്തിയവര്‍ക്ക് കൈത്താങ്ങ് ആയതിന്റെയും നൂറായിരം അനുഭവ കഥകള്‍ പറയാനുണ്ടാകും. സ്‌നേഹിക്കുന്നവരുടെ വിഷമങ്ങളായിരുന്നു അദ്ദേഹത്തെ ഏറ്റവുമധികം അലട്ടിയിരുന്നതെന്നു തോന്നുന്നു. അതുകൊണ്ടാവണം സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാന്‍ അദ്ദേഹം ഒട്ടും മടിച്ചിരുന്നില്ല. കിടപ്പാടം ജപ്തിയുടെ വക്കിലെത്തിയവരെയും കടംകയറി നരകയാതന നേരിട്ടവരെയും പഠിക്കാന്‍ പണമില്ലാതെ സങ്കടപ്പെട്ടവരെയുമൊക്കെ അവഗണിച്ചു കടന്നുപോകാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. കൊട്ടിഘോഷിക്കാതെയും മേനി പറയാതെയും സഹായിക്കുന്നതായിരന്നു കരിന്തോളിലച്ചന്റെ ശീലം.
പുഞ്ചിരിയോടൊയൊരാള്‍
ഓര്‍മകളില്‍ പലവട്ടം ചികഞ്ഞുനോക്കി. ഇല്ല, ദേഷ്യപ്പെടുന്ന, വഴക്കുപറയുന്ന കരിന്തോളിലച്ചന്റെ മുഖം ഓര്‍ത്തെടുക്കാനേ കഴിയുന്നില്ല. ഏതവസരത്തിലും ചിരിയോടെ അതിനെ നേരിടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇടവകയുടെ വികാരി എന്ന നിലയില്‍ സമ്മര്‍ദ്ദ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴും അദ്ദേഹം ശാന്തനായിരുന്നു. എത്ര വലിയ മുറിവുകളും ഉണക്കാന്‍ശേഷിയുള്ള ഔഷധമായിരുന്നു ആ വാക്കുകള്‍ പലപ്പോഴും.
പ്രചോദനമായൊരാള്‍
എന്നും സാധാരണക്കാര്‍ക്കൊപ്പം ആയിരുന്ന ആള്‍ പെട്ടെന്നൊരു ദിവസം എംസിബിഎസ് സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി എന്നു കേട്ടപ്പോള്‍ പലരും അത്ഭുതംകൂറി. ധ്യാനവും ക്ലാസും കൗണ്‍സലിങ്ങും മറ്റുമായി ദിനംപ്രതി നൂറുകണക്കിന് ആളുകളുമായി ഇടപഴകി നടന്നയാള്‍ ഇത്ര വലിയ ഉത്തരവാദിത്വം ഏല്‍ക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക…? എന്നാല്‍ അവിടെയും ഉത്തരവാദിത്വങ്ങളല്‍ വിട്ടുവീഴ്ചയില്ലാതെ ഫാ. കരിന്തോളില്‍ കൈയൊപ്പ് ചാര്‍ത്തി.
ജേര്‍ണലിസം പഠനം കഴിഞ്ഞ് ദീപികയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം കിട്ടിയെന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും കാതിലുണ്ട്. ഇന്റേണ്‍ഷിപ്പ് മാത്രമല്ല നീ അവിടെത്തന്നെ ജോലി ചെയ്യും. അതു പിന്നീട് യാഥാര്‍ത്ഥ്യമായി മാറിയപ്പോള്‍ തോന്നി, ഈ വൈദികന്‍ പറഞ്ഞ പല കാര്യങ്ങളിലും ഒരു പ്രവാചകസ്വരംകൂടി അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. എഴുതുന്നതൊക്കെയും വായിക്കുന്നുണ്ടെന്ന് കാണുമ്പോഴൊക്കെ ഓര്‍മിപ്പിക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല.
മനസില്‍ മായാതൊരാള്‍
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുമുതല്‍ ധ്യാനപ്രഭാഷണങ്ങള്‍ക്കുവരെ ആത്മീയതയിലുറച്ച ഒരു താളവും ഈണവും അദ്ദേഹത്തിനുണ്ടായിരുന്നു. വിശുദ്ധ ബൈബിള്‍ ദൈവം അദ്ദേഹത്തിന്റെ മനസില്‍ കൊത്തിവച്ചിരുന്നു. പ്രഭാഷണങ്ങളില്‍ ഇടതടവില്ലാതെ ഒഴുകുന്ന ദൈവവചനം കേട്ട് സദസ് അത്ഭുതംകൂറിയിരിക്കുമ്പോള്‍ അതു ഞങ്ങളുടെ വികാരിയാണെന്നു പറയാന്‍ എന്നും അഭിമാനമായിരുന്നു. അതെ, അഭിമാനത്തോടെയും സ്‌നേഹത്തോടെയും കരിന്തോളിലച്ചന് പ്രിയപ്പെട്ടവരുടെ യാത്രാമൊഴി… ഉറപ്പുണ്ട്, അദൃശ്യസ്‌നേഹസാന്നിധ്യമായി ഇനിയും ഞങ്ങള്‍ക്കൊപ്പമുണ്ടാകും ഈ ആത്മീയഗുരു…
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?