തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) 20, 21 തീയതികളില്‍ നടക്കും. 20ന് വൈകുന്നേരം ആറ് മുതല്‍ 8.30 വരെയുള്ള സുവിശേഷ പ്രസംഗങ്ങള്‍ക്കും ദിവ്യകാരുണ്യ ആരാധനക്കും മലങ്കര സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും.
പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ എട്ടു മുതല്‍ 10 വരെ എംസിസിഎല്‍ സഭാതല സംഗമം, എംസിവൈഎം അന്തര്‍ദ്ദേശിയ യുവജന കണ്‍വന്‍ഷന്‍, എംസിഎ ആഗോള അല്മായ സംഗമം എന്നിവ വിവിധ സ്റ്റേജുകളിലായി നടക്കും.
28-ാമത് എംസിഎ ആഗോള അല്മായ സംഗമം മാര്‍ ഈവാനിയോസ് നഗറില്‍ 21ന് രാവിലെ എട്ടിന് മലങ്കര സുറിയാനി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. എംസിഎ സഭാതല പ്രസിഡന്റ് അഡ്വ. എബ്രഹാം എം. പട്ട്വാനി അധ്യക്ഷത വഹിക്കും.
മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. കെഎംആര്‍എം ഏര്‍പ്പെടുത്തിയ മാര്‍ ബസേലിയോസ് വിദ്യാശ്രീ പുരസ്‌കാരം പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് നല്‍കും. ബാബുജി ബത്തേരി, എന്‍. ധര്‍മ്മരാജ് എന്നിവര്‍ പ്രസംഗിക്കും.
21ന് മാര്‍ ബസേലിയോസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എംസിവൈഎം അന്തര്‍ദ്ദേശീയ യുവജന കണ്‍വന്‍ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവേല്‍ മുഖ്യപ്രഭാഷണവും പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ്, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. മോനു ജോസഫ് അധ്യക്ഷത വഹിക്കും. റവ. ഡോ. പ്രദീഷ് ജോര്‍ജ്, ശരത്‌ലാല്‍ ടി.എസ് എന്നിവര്‍ പ്രസംഗിക്കും. യുവജനങ്ങള്‍ പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന വിഷയത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ക്ലാസ് നയിക്കും. 21ന് രാവിലെ 10.30ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ സഭയിലെ മറ്റു മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചന സന്ദേശം നല്‍കും.
തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുനരൈക്യ സന്ദേശം നല്‍കും. പാറശാല ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് അധ്യക്ഷത വഹിക്കും.
Leave a Comment
Your email address will not be published. Required fields are marked with *