Follow Us On

24

November

2024

Sunday

വാര്‍ത്തകള്‍ക്കുമുമ്പും മുന്നറിയിപ്പ് വേണ്ടിവരുമോ?

വാര്‍ത്തകള്‍ക്കുമുമ്പും  മുന്നറിയിപ്പ് വേണ്ടിവരുമോ?

ജോസഫ് മൂലയില്‍

കഴിഞ്ഞ ആഴ്ചയില്‍ കണ്ട ഒരു ട്രോള്‍ ഏറെ ചിന്തിപ്പിച്ചു. ഒരാഴ്ചത്തേക്ക് ആരും പത്രവാര്‍ത്തകള്‍ എഴുതേണ്ടതിലെന്ന് പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ചിത്രമായിരുന്നത്. ആരാണ് അതു തയാറാക്കിയതെന്ന് ഓര്‍ക്കുന്നില്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം അതിലുണ്ട്. കുട്ടികളോട് ടിവിയിലെ വാര്‍ത്തകള്‍ കാണണമെന്നോ പത്രം വായിക്കണമെന്നോ പറയാന്‍ കഴിയാത്ത വിധത്തില്‍ മോശമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില സിനിമകള്‍ക്ക് നിയമപ്രകാരം ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുപോലെ, വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാവൂ എന്ന് മുന്നറിയിപ്പ് നല്‍കേണ്ടി വരുമോ എന്നൊരു സംശയമുണ്ട്. മാധ്യമങ്ങളാണ് ഇവിടെ കുറ്റക്കാരെന്ന് പറയുന്നില്ല. കാരണം, നടക്കുന്ന സംഭവങ്ങളാണല്ലോ വാര്‍ത്തകളായി മാറുന്നത്. അതേസമയംതന്നെ മസാലകഥകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തന ശൈലി അല്ലെന്നത് പറയാതിരിക്കാനാവില്ല. ദിവസങ്ങള്‍ക്കുമുമ്പ് പുറത്തുവന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടു തുടങ്ങി, പോലീസ്-രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ട ആരോപണങ്ങളും പലവിധത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്.

ശരികളാകുന്ന തെറ്റുകള്‍

ഇപ്പോഴത്തെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയില്ല. അതു പുറത്തുവരേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിലെ നടപ്പുരീതിയനുസരിച്ച് സത്യം പൂര്‍ണമായി ഉടനെ പുറത്തുവരുമെന്ന് കരുതാനും കഴിയില്ല. അതില്‍ ഉള്‍പ്പെട്ടവരുടെ പിടിപാടുകള്‍ അനുസരിച്ച് വെള്ളംചേര്‍ക്കലുകള്‍ ഉണ്ടാകുന്നത് സ്വഭാവികം മാത്രം. അങ്ങനെ ചെയ്യുന്നവര്‍ ഒന്നോര്‍ക്കുന്നത് നല്ലതാണ്-എല്ലാക്കാലത്തും സത്യത്തെ മറച്ചുപിടിക്കാന്‍ കഴിയില്ല. എത്രയൊക്കെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചാലും ഒരിക്കലതു മറനീക്കി പുറത്തുവരുമെന്നതില്‍ സംശയം വേണ്ട. അന്നു മുഖം കൂടുതല്‍ വികൃതമാകും.
സമൂഹത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന സിനിമാ മേഖലയിലെ അപചയം വളരെ ഗൗരവമുള്ളതാണ്. പല തെറ്റുകളും ശരികളായി മാറുന്നതിന്റെ പിന്നില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. തെറ്റായ ആശയങ്ങളെ ശരികളുടെ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ അറിഞ്ഞും അറിയാതെയും ഉയരുന്ന കയ്യടികള്‍ സമൂഹം വഴിതെറ്റിത്തുടങ്ങിയതിന്റെ തെളിവുകളാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും വ്യാജമാണെന്നു കരുതുക (അങ്ങനെ ചിന്തിക്കാന്‍ പ്രയാസമാണ്). അപ്പോഴും ചില മനുഷ്യരെ മനഃപൂര്‍വം അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമല്ലേ നടന്നിരിക്കുന്നത്. സത്യം ഏതു ഭാഗത്താണെങ്കിലും മൂല്യച്യുതിയുടെ ലക്ഷണങ്ങളാണ് കാണുന്നത്. ഹേമാ കമ്മിറ്റി കണ്ടെത്തിയ വില്ലന്മാരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല. അതു വന്നാല്‍, സിനിമയിലെ വില്ലന്‍ വേഷധാരികാരികള്‍ യഥാര്‍ത്ഥജീവിതത്തിലെ സ്വഭാവനടന്മാരും, നന്മയുടെയും നീതിയുടെയും ആള്‍രൂപങ്ങളായി പ്രേക്ഷകരുടെ കയ്യടികള്‍ വാങ്ങിയവര്‍ വില്ലന്മാരുമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

യാഥാര്‍ത്ഥ്യം മറയ്ക്കുന്ന പുകമറകള്‍

ഒരു കാര്യത്തില്‍ തര്‍ക്കമില്ല, നമ്മുടെ സമൂഹം ധാര്‍മിക അധഃപതനത്തിലേക്കാണ് നീങ്ങുന്നത്. സമൂഹത്തില്‍ അധഃപതനം ഉണ്ടാകുന്നത് ഒരു ദിവസംകൊണ്ടല്ല. അതു വളരെ പതുക്കെയായിരിക്കും. തെറ്റുകള്‍ ശരികളാകുകയും അതിന് ആധുനികതയുടെയും മനുഷ്യാവകാശങ്ങളുടെയും മുഖംമൂടികള്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നിടത്തുനിന്നാണ് അതു തുടങ്ങുന്നത്. മൂല്യച്യുതികള്‍ ചൂണ്ടിക്കാട്ടുന്നവര്‍ പിന്തിരിപ്പന്മാരും യാഥാസ്ഥികരുമൊക്കയായി ചിത്രീകരിക്കപ്പെടുന്നത് ഇപ്പോള്‍ പതിവാണ്. ലിവിംഗ് ടുഗതര്‍, സ്വവര്‍ഗവിവാഹം തുടങ്ങി പാശ്ചാത്യരാജ്യങ്ങളില്‍ നടന്നിരുന്ന പലതിനെകുറിച്ചും കേള്‍ക്കുമ്പോള്‍ ഇതൊന്നും നമ്മുടെ നാട്ടില്‍ നടക്കില്ലെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു കഴിഞ്ഞ തലമുറ. അത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതുപോലും ഇഷ്ടപ്പെടാത്ത ഒരു സംസ്‌കാരമായിരുന്നു നമ്മുടേത്. ലിവിംഗ് ടുഗതര്‍ ഇപ്പോള്‍ ഇവിടെയും ആഘോഷിക്കപ്പെടുന്നുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊണ്ട് തീര്‍ക്കുന്ന പുകമറയ്ക്കുള്ളില്‍ യഥാര്‍ത്ഥ്യം മറക്കപ്പെടുന്നു.
സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും അതൊക്കെ സ്വാതന്ത്ര്യത്തിന്റെയും ശാരീരിക പ്രത്യേകതകളുടെയും ഭാഗമല്ലേ എന്നൊക്കെയുള്ള വിധത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അതിനെ ചോദ്യംചെയ്യുന്നവരുടെ എണ്ണം കുറയുന്നത് എന്തിന്റെ സൂചനയാണെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇത്തരം വഴിതെറ്റലുകളെ അംഗീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം തിരിച്ചറിയണം-ഒരു മോശം സംസ്‌കാരത്തെ സ്വീകരിക്കാന്‍ നാം മനസുകൊണ്ട് തയാറായിരിക്കുന്നു. ഇന്നലെകളില്‍ തെറ്റായി മാറ്റിനിര്‍ത്തിയിരുന്നവ അംഗീകരിപ്പെടുമ്പോള്‍ അതിന്റെ അനന്തരഫലം നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ തകര്‍ച്ചയായിരിക്കും.

ഇടിയുന്ന നീതിബോധം

റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന പുസ്തകമാണ് ‘ദി ഹിസ്റ്ററി ഓഫ് ദി ഡിക്ലയ്ന്‍ ആന്റ് ഫാള്‍ ഓഫ് ദി റോമന്‍ എംപയര്‍.’ ബ്രിട്ടീഷ് ചരിത്രകാരനായ എഡ്വേര്‍ഡ് ഗിബണ്‍ ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ അതിശക്തമായി നിലനിന്നിരുന്ന ആ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ലൈംഗിക അരാജകത്വമാണ്. സ്വവര്‍ഗഭോഗമെന്ന തിന്മ ആ സമൂഹത്തെ കീഴടക്കിയിരുന്നതായി പുസ്തകത്തില്‍ പറയുന്നു. അതിലൂടെ ഉടലെടുത്ത ധാര്‍മ്മിക തകര്‍ച്ചകള്‍ ശക്തമായ ഒരു സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു വഴി ഒരുക്കിയെന്നാണ് ആ ചരിത്രകാരന്റെ കണ്ടെത്തല്‍.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളും ആരോപണങ്ങളും സമൂഹത്തിന് ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഈ ദിവസങ്ങളില്‍ ചര്‍ച്ചയായ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ അധികവും നെഗറ്റീവ് സംഭവങ്ങളാണ്. അവയോടുള്ള പ്രതികരണങ്ങളില്‍ ഇരട്ടത്താപ്പുണ്ട്. ശരിയും തെറ്റും തീരുമാനിക്കുന്നത് പക്ഷംനോക്കിയാണ്. മൂല്യബോധത്തിനൊപ്പം നീതിബോധത്തിനും ഇടിവു സംഭവിച്ചു. നാടിന്റെ പൂര്‍വകാല നന്മകളിലേക്ക് തിരിച്ചുനടക്കാന്‍ സമയം വൈകിയിരിക്കുന്നു എന്നുള്ള ഓര്‍മപ്പെടുത്തലുകളെ തിരിച്ചറിയാന്‍ വൈകരുത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?