Follow Us On

23

November

2024

Saturday

മലയോര കര്‍ഷകരുടെ ആശങ്കകള്‍ അകറ്റണം: മാര്‍ പാംപ്ലാനി

മലയോര കര്‍ഷകരുടെ ആശങ്കകള്‍ അകറ്റണം: മാര്‍ പാംപ്ലാനി
കണ്ണൂര്‍: മലയോര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നതെന്നും ഒരായുസ് മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളതെന്നും ഈ ഗതികേട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂര്‍ പരിയാരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ഇഎസ്എ റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓര്‍ഡിനേറ്റ്‌സ് മാപ്പുകളും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കണം. കരടില്‍ പറയുന്ന പ്രകാരം പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ തക്കവിധത്തില്‍ സമയമനുവദിക്കണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വനവിസ്തീര്‍ണം സംബ്ധിച്ച അപാകത തിരുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇല്ലെങ്കില്‍ 123 വില്ലേജുകളിലെ 1968 ജനുവരി ഒന്നിനും 1977 ജനുവരി ഒന്നിനും മുമ്പ് നല്‍കിയ സര്‍ക്കാര്‍ അംഗീകൃത പട്ടയഭൂമികള്‍വരെ വനഭൂമിയില്‍ ഉള്‍പ്പെട്ടുപോകുമെന്ന് മാര്‍ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കര്‍ഷകരെ ബലിയാടാക്കാരുതെന്നും നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയോ എന്നു ശക്തമായി ഉയരുന്ന സംശയം ദൂരീകരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
ആറാമത്തെ കരട് വിജ്ഞാപനത്തില്‍മാത്രം പ്രതിപാദിക്കുന്ന ഇഎസ്എയുടെ ‘കഡസ്ട്രല്‍’ മാപ്പുകള്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. കരട് വിജ്ഞാപനത്തിനെതിരെ പരാതികള്‍ നല്‍കാന്‍ കഡസ്ട്രല്‍ മാപ്പും ജിയോ കോ-ഓര്‍ഡിനേറ്റ്‌സ് മാപ്പും ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സൈറ്റില്‍ ലഭ്യമാക്കിയശേഷം 60 ദിവസം പൊതുജനങ്ങള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ അവസരം നല്‍കണം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണം.
123 വില്ലേജുകളിലെ 13,108 ച.കി. മീ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പിനെക്കാള്‍ 631 ച.കി.മീ കൂടതലാണെന്നു കേന്ദ്രത്തെ സംസ്ഥാനം ബോധ്യപ്പെടുത്തണമെന്നും ആര്‍ച്ചുബിഷപ് മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
നേരത്തെ ഉള്‍പ്പെടുത്തിയ വില്ലേജുകളില്‍നിന്ന് മുപ്പതോളം വില്ലേജുകള്‍ ഒഴിവാക്കിയിരുന്നു. സമാന മാനദണ്ഡങ്ങള്‍ പ്രകാരം മലബാറിലെ വില്ലേജുകളെ ഒഴിവാക്കാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അതിന് തയാറായില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിരവധി തവണ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുകയാണ്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?