ചങ്ങനാശേരി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപഭാവം നല്‍കിയ ഫാ. ഗ്രിഗറി ഓണംകുളം (63) ഓര്‍മയായി. ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടറായ ഫാ. ഗ്രിഗറി ഓണംകുളം ചെത്തിപ്പുഴ സെന്റ്‌തോമസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ ഡയറക്ടറായിരുന്നു.
സംസ്‌കാരം നാളെ (ഒക്‌ടോബര്‍ 5 ) ഉച്ചയ്ക്ക് 1.15 ന് അതിരമ്പുഴയിലുള്ള സഹോദരന്‍ ഓണംകുളം ഷാജി ഫ്രാന്‍സിസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം 2.15 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് സംസ്‌കാരം നടത്തും.
1987 ഏപ്രില്‍ 29-ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി അസിസ്റ്റന്റ് വികാരി, പറാല്‍, മാടപ്പള്ളി, തുരുത്തി പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജീവകാരുണ്യരംഗത്ത് ഫാ. ഗ്രിഗറി ഓണംകുളം നടപ്പാക്കിയ നൂതന പദ്ധതികള്‍ ഒട്ടേറെപ്പേരുടെ കണ്ണീരൊപ്പുന്നതായി മാറി. 14 വര്‍ഷം ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ചാസ്)യുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച ഫാ. ഗ്രിഗറി ചാസിന് പുതിയ മുഖം പകര്‍ന്നു. അദ്ദേഹം നടപ്പാക്കിയ ചാസ് കാര്‍ഷികമേള കാര്‍ഷികരംഗത്ത് പുത്തന്‍ ഉണര്‍വ് പകര്‍ന്നു.
1972-ല്‍ മെത്രാഭിഷേക സ്മാരകമായി മാര്‍ ജോസഫ് പവ്വത്തില്‍ ആരംഭിച്ച ജീവകാരുണ്യനിധിയുടെ ഡയറക്ടറായും 2004 ല്‍ ജീവകാരുണ്യനിധി ട്രസ്റ്റായി ഉയര്‍ത്തിയതുമുതല്‍ അതിന്റെ ഫാ. ഗ്രിഗറി ഓണംകുളം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ട്രസ്റ്റിന്റെ കീഴിലുള്ള കളര്‍ എ ഡ്രീം പദ്ധതിയിലൂടെ 3400 വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പരിശരഹിതമായി 14 കോടിയോളം രൂപ വായ്പയായി നല്‍കിയിരുന്നു.
ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആവിഷ്‌കരിച്ച കുടില്‍രഹിത അതിരൂപത എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ 2013 മുതല്‍ 18 കോടിയോളം രൂപ ഭവനനിര്‍മാണത്തിന് നല്‍കാനും ഫാ. ഓണംകുളത്തിന് സാധിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *