കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും അനുശോചനവും രേഖപ്പെടുത്തി.
ഒൻപതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠമായ ജീവിതവും അതിൽ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയശുശ്രൂഷയും വഴി ഈ ലോകത്തിൽ പൊതുസമൂഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നത്. സിറോമലബാർസഭയും യാക്കോബായ സുറിയാനി സഭയും തമ്മിൽ സഹോദര ബന്ധമുണ്ട്. മാർത്തോമ്മായുടെ പൈതൃകത്തിലാണു രണ്ടു സഭകളുടെയും വേരുകൾ. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാവാതിരുമേനിയുടെ ജീവിതമെന്നു സഭാ ചരിത്രം ഓർമിപ്പിക്കുന്നു. കാരണം, പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലത്താണു അദ്ദേഹം സഭയെ നയിച്ചത്. വിശ്വാസപരമായും ഭൗതികമായും ആ നേതൃത്വം യാക്കോബായ സഭയ്ക്ക് ബലമായിരുന്നു എന്നും മേജർ ആർച്ചുബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്വന്തം സഭയുടെ ആരാധനയിലും തനിമയിലും ആഴത്തിൽ വിശ്വസിക്കുമ്പോഴും ഇതര സഭകളോടും മതങ്ങളോടുമുള്ള ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സൗഹൃദ ഭാവം വലുതായിരുന്നു. എക്യുമെനിസത്തിന്റെ വക്താവായിരുന്ന അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2024 ഫെബ്രുവരി 24ന് അദ്ദേഹത്തെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും സൗഹൃദം പങ്കുവയ്ക്കാനും സാഹോദര്യത്തോടെയുള്ള ദൈവ-മനുഷ്യ ശുശ്രൂഷകളെക്കുറിച്ചു പറയാനും അദ്ദേഹം ശ്രമിച്ചു. ദൈവ സന്നിധിയിൽ അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ജീവിതത്തിനും സഭയുടെയും സമൂഹത്തിന്റെയും നന്മലക്ഷ്യമാക്കിയുള്ള പ്രയത്നങ്ങൾക്കും പ്രതിഫലം ലഭിക്കട്ടെയെന്നു പ്രാർഥിക്കുന്നു. സീറോമലബാർസഭയുടെ മുഴുവൻ പ്രാർത്ഥനയും അനുശോചനവും യാക്കോബായ സുറിയാനി സഭയെ അറിയിക്കുന്നു എന്നും മാർ റാഫേൽ തട്ടിൽ പിതാവ് അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *