Follow Us On

22

December

2024

Sunday

സമാനതകളില്ലാത്ത പ്രതിഭാശാലി

സമാനതകളില്ലാത്ത  പ്രതിഭാശാലി

സിസ്റ്റര്‍ ശോഭിത എംഎസ്‌ജെ

ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ വിയോഗത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവേളയില്‍ അദ്ദേഹത്തിന്റെ ജീവിതവും കാഴ്ചപ്പാടുകളും വിചിന്തനം ചെയ്യുന്നു.

ജീവിച്ചിരുന്ന കാലത്ത് കഠിനമായ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ദൈവകൃപയുടെ പിന്‍ബലത്തോടെ അവയില്‍ വിജയം വരിച്ചയാളായിരുന്നു ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരനച്ചന്‍. അദ്ദേഹത്തിന്റെ കണ്ണുകള്‍ പാവപ്പെട്ടവരില്‍നിന്ന് ഒരിക്കലും പിന്‍വലിക്കപ്പെട്ടില്ല. സാമ്പത്തികമോ സാങ്കേതികമോ ആയ തടസങ്ങളെയൊന്നും തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ദൈവ നിയോഗത്തിന് പ്രതിബന്ധമായി അദ്ദേഹം കണ്ടില്ല. ആ പ്രവര്‍ത്തന തീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അതാണ് നമുക്ക് ദൈവികസമ്മാനമായി ലഭിച്ച ഏറ്റവും വലിയ ജീവിത മാതൃകയും.

ആദ്യ ബിരുദാനന്തര ബിരുദധാരി
1888 സെപ്റ്റംബര്‍ പത്തിന് ചേര്‍ത്തലയ്ക്കടുത്തുള്ള ഉഴുവ എന്ന ഗ്രാമത്തിലാണ് പഞ്ഞിക്കാരനച്ചന്‍ ജനിച്ചത്. പഞ്ഞിക്കാരന്‍ ചാക്കോ, മറിയം ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു അദ്ദേഹം. ബാല്യകാലത്തില്‍ മാതാവും പ്രിയ സഹോദരങ്ങളും രോഗം മൂലം വേര്‍പിരിഞ്ഞിട്ടും സെമിനാരി പ്രവേശനത്തിന് മുമ്പുതന്നെ 1913 ല്‍ തിരുച്ചിനാപ്പള്ളി സെന്റ് ജോസഫ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയെന്ന വലിയ നേട്ടം ആ വ്യക്തിത്വത്തിന്റെ ഭാഗമായ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നു. മാര്‍ത്തോമാ ക്രിസ്ത്യാനികളില്‍ ആദ്യമായി ബിരുദാനന്തര ബിരുദം നേടിയയാളാണ് അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം അഭിമാനകരമായ നേട്ടം കൈവരിച്ചത്. അക്കാലത്ത് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഒരാള്‍ക്കു മുന്നില്‍ അനന്തമായ സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും സെമിനാരിയില്‍ ചേരാനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. പില്‍ക്കാലത്ത് പൂര്‍ണ്ണമായി ദൈവഹിതത്തിന് വിധേയപ്പെട്ട നലംതികഞ്ഞ ഒരു ദൈവശുശ്രൂഷകനായിരുന്നു പഞ്ഞിക്കാരനച്ചന്‍.

ധര്‍മ്മഗിരിയും എംഎസ്‌ജെയും
പഞ്ഞിക്കാരനച്ചന്‍ കടന്നുപോയ വഴികള്‍ പരിശോധിച്ചാല്‍ അവിടെ തെളിഞ്ഞുവരുന്നത് സമാനതകളില്ലാത്ത ഒരു പ്രതിഭാശാലിയുടെ ജീവിതമാണ്. ആ പാദമുദ്രകള്‍ ആഴത്തില്‍ പതിഞ്ഞ നാഴികക്കല്ലുകളാണ് ധര്‍മ്മഗിരി ആശുപത്രിയുടെയും മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെയും ആരംഭം.
ഒരേസമയം മഹത്തായ ചിന്തകനും, ചരിത്രകാരനും പ്രഭാഷകനും നേതാവും ആയിരുന്ന പഞ്ഞിക്കാരനച്ചന്റെ ഒരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ധര്‍മ്മഗിരി ആശുപത്രി. വത്സലമാതാവും സഹോദരങ്ങളും മരണത്തിന് കീഴടങ്ങുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന ഒരു ബാലന്റെ മനസിലെ ചിന്തകള്‍ വലിയൊരു ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വഴിയൊരുക്കി എന്നുള്ളതും വസ്തുതയാണ്. ഇന്ന് കേരളത്തിലുള്ള എണ്ണമറ്റ കത്തോലിക്കാ ആതുരാലയങ്ങള്‍ക്ക് മുഴുവന്‍ മാതൃകയും കേരളകത്തോലിക്കാ സഭയുടെ ഈ രംഗത്തെ മഹത്തായ ഇടപെടലുകളുടെ ആരംഭവുമായി 1934 ല്‍ കത്തോലിക്കാ ആധ്യാത്മികതയുടെ പിന്‍ബലത്തോടെ ഒരു ആശുപത്രി അങ്ങനെ കോതമംഗലത്ത് സ്ഥാപിതമായി.

പകര്‍ച്ചവ്യാധികളുടെയും കൂട്ടമരണങ്ങളുടെയും ചരിത്രങ്ങള്‍ ആവര്‍ത്തിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ചികിത്സാ സൗകര്യങ്ങള്‍ തീരെയില്ലാത്തതിനാല്‍ ശിശുമരണ നിരക്കും പാമ്പുകടിയേറ്റും രോഗങ്ങള്‍ മൂലവുമുള്ള മരണ നിരക്കും ഉയര്‍ന്നുനിന്നിരുന്ന കാലം. തീരെ പാവപ്പെട്ടവരായ ജനങ്ങളാണ് ഏറ്റവുമധികം കഷ്ടപ്പാടുകള്‍ സഹിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തുകൊണ്ടിരുന്നത്. അക്കാലത്ത് ദൈവസ്വരമാണ് തന്നെ വഴിനടത്തുന്നത് എന്ന ബോധ്യത്തിന്റെ മാത്രം പിന്‍ബലത്തില്‍ മറ്റാരെയും ആശ്രയിക്കാതെ ചങ്കൂറ്റത്തോടെ മുന്നിട്ടിറങ്ങുകയാണ് പഞ്ഞിക്കാരനച്ചന്‍ ചെയ്തത്.
ആതുരസേവനത്തിന് കേരളകത്തോലിക്കാ സഭ മുന്നിട്ടിറങ്ങണമെന്ന വിശാലമായ ദര്‍ശനത്തിനു വേണ്ടി പ്രതിജ്ഞാബദ്ധരായ ഒരു സന്യാസിനീ സമൂഹത്തെയും ദൈവേച്ഛ പ്രകാരം അദ്ദേഹം വിഭാവനം ചെയ്യുകയും അതും യാഥാര്‍ഥ്യമാവുകയും ചെയ്തു. നീതിമാനായ വിശുദ്ധ യൗസേപ്പ് പിതാവിനെ ജീവിതകാലത്ത് മുഴുവന്‍ കൂട്ടുപിടിച്ചിരുന്ന അച്ചന്‍ താന്‍ സ്ഥാപിച്ച മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) സന്യാസിനീ സമൂഹത്തെയും ആ പിതാവിന്റെ മാധ്യസ്ഥ്യത്തിലാണ് ഭരമേല്പിച്ചത്.

കാലാതീത ദര്‍ശനങ്ങള്‍
പഞ്ഞിക്കാരനച്ചന്റെ ദര്‍ശനങ്ങള്‍ കാലാതീതമാണ്. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍, ദൈവത്തിന്റെ കരുണ പാവപ്പെട്ട ജനങ്ങള്‍ക്ക് അനുഭവവേദ്യമാവുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമായിരുന്നില്ല അത്. അക്കാലഘട്ടത്തില്‍ അന്നത്തെ സമൂഹത്തിന് ദൈവിക പദ്ധതികളുടെയും ദൈവേച്ഛയുടെയും പൂര്‍ത്തീകരണങ്ങള്‍ അദ്ദേഹത്തിലൂടെ ദര്‍ശിക്കാനും അനേകായിരങ്ങള്‍ക്ക് ദൈവിക കരുണ അനുഭവവേദ്യമാകാനും ദൈവം വഴിയൊരുക്കി.
പഞ്ഞിക്കാരനച്ചന്റെ ദര്‍ശനങ്ങള്‍ ഈ കാലഘട്ടത്തിന്റെ കണ്ണടയിലൂടെ വായിച്ചാല്‍ അതിന് ഏറെ അര്‍ത്ഥതലങ്ങളുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അധഃസ്ഥിതരും അനാഥരും മാറാരോഗികളുമായ വലിയൊരു ആള്‍കൂട്ടം ഇന്നും നമുക്കുചുറ്റുമുണ്ട്. ക്രിസ്തുവിന്റെ കണ്ണിലൂടെ അച്ചന്‍ കണ്ടത് അത്തരക്കാരെയായിരുന്നു. അവര്‍ക്കുവേണ്ടിയാണ് അച്ചന്‍ സമൂഹത്തിലേയ്ക്ക് ഇറങ്ങിയത്. അവരോടൊപ്പം അവരെപ്പോലെ ജീവിക്കാന്‍ അച്ചന്‍ തയ്യാറായി.
പഞ്ഞിക്കാരനച്ചന്റെ ആശങ്കകള്‍ സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ചുമായിരുന്നില്ല. മറിച്ച്, നിരാലംബരും ബലഹീനരുമായ പാവപ്പെട്ടവരെക്കുറിച്ചായിരുന്നു. തന്റെ നിയോഗത്തിന് മേല്‍ ദൈവത്തിന്റെ കരങ്ങളുണ്ടെന്ന ബോധ്യം അദ്ദേഹത്തെ വഴിനടത്തുകയും ആ ഉദ്യമം ദൈവകൃപയാല്‍ പരിപൂര്‍ണ്ണ വിജയത്തിലെത്തുകയും ചെയ്തു.

വിവിധ രീതികളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജന വിഭാഗങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സാമൂഹികമായി ഒറ്റപ്പെട്ടവര്‍ക്കും സാമ്പത്തിക പിന്തുണ ആവശ്യമുള്ളവര്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിധത്തില്‍ കൈത്താങ്ങാകാന്‍ കേരള കത്തോലിക്കാ സഭയുടെ ആതുരാലയ സംവിധാനങ്ങള്‍ക്ക് ഇനിയും പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അത്തരത്തിലൊരു പ്രവര്‍ത്തനശൈലി ഏറ്റെടുക്കാനുള്ള വെല്ലുവിളിയാണ് അച്ചന്റെ ജീവിതം നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. കരുണ നഷ്ടപ്പെടുന്ന ലോകത്തില്‍ ദൈവകരുണയുടെ വാഹകനായ ദൈവപുരുഷനാണ് അദ്ദേഹം. ഇന്ന് കരുണയും മനുഷ്യത്വവും വറ്റിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലങ്ങള്‍ അച്ചന്റെ ദര്‍ശനങ്ങളെ ഏറ്റെടുത്തുകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ സഭയ്ക്ക് കഴിയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?