ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഡൊണാള്‍ഡ് ട്രംപ് താന്‍ പ്രസിഡന്റ് ആയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറെ പരിപാടികളെപ്പറ്റി പ്രസംഗിക്കുകയുണ്ടായി. ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2025 ജനുവരി 20-ന് അദ്ദേഹം പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അതില്‍ പ്രധാനമായ ചില നയപരിപാടികളെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നാമത്തേത്. അമേരിക്ക അതിര്‍ത്തി പങ്കിടുന്നത് കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായിട്ടാണ്. മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയുടെ നീളം 3145 കിലോമീറ്ററാണ്. ഇത്രയും നീണ്ട ഒരു അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റക്കാരെ തടയുക എളുപ്പമല്ല. അതിനാല്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് മനുഷ്യര്‍ അനധികൃതമായി മെക്‌സിക്കോയില്‍നിന്നും മറ്റും അമേരിക്കയിലേക്ക് കുടിയേറുന്നു. ഇത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കും വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, ചികിത്സ എന്നിവയെല്ലാം വേണം. വീടില്ലാത്തവര്‍ പാതയോരങ്ങളില്‍ ഉറങ്ങേണ്ടിവരുന്നു. കുറ്റകൃത്യങ്ങള്‍ കൂടുന്നു. ലഹരിവ്യാപാരം വര്‍ധിക്കുന്നു. വര്‍ധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാര്‍ ജോലിക്കുവേണ്ടി മത്സരിക്കുന്നു. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ തയാറാകുന്നു. അത് അമേരിക്കയില്‍ താഴ്ന്ന ജോലികള്‍ക്കെല്ലാം കൂലിനിരക്ക് കുറയാന്‍ കാരണമാകുന്നു.
അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി കിട്ടാതാവുന്നു. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അനധികൃത കുടിയേറ്റംമൂലം ഉണ്ടാകുന്നു. ഈ പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് ട്രംപ്. അനധികൃത കുടിയേറ്റം തടയാന്‍വേണ്ടിമാത്രം അമേരിക്ക ഒരു വര്‍ഷം മുന്നൂറ് കോടി ഡോളറിലധികം ചെലവഴിക്കേണ്ടിവരുന്നു. കൂടാതെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൂടുന്നു. അതിനാല്‍ അനധികൃത കുടിയേറ്റം തടയും എന്നതാണ് ട്രംപിന്റെ ഒരു പ്രധാന നിര്‍ദേശം. മെക്‌സിക്കോ അതിര്‍ത്തിയില്‍ ഭിത്തികെട്ടുക അമേരിക്കയുടെ ഒരു പരിപാടിയാണ്. ട്രംപിന്റെ മുന്‍ഭരണകാലത്ത് കുറെ ദൂരം മതില്‍ കെട്ടി. 3145 കിലോമീറ്റര്‍ നീളത്തില്‍ അനധികൃത കുടിയേറ്റക്കാരെ തടയത്തക്കവിധത്തില്‍ വേലി അഥവാ മതില്‍ കെട്ടുക എത്ര ഭാരിച്ച ചിലവുള്ള പ്രവൃത്തിയാണ് എന്ന് ഓര്‍ക്കുക.
സാമ്പത്തിക മേഖലയിലെ മാറ്റങ്ങളാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളുണ്ട്. ഒന്ന്, അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുക. നിയമപരമായും നിയമപരമല്ലാതെയും ആളുകള്‍ കുടിയേറുമ്പോള്‍ അമേരിക്കന്‍ പൗരന്മാരുടെ ജോലിസാധ്യത കുറയുന്നു; കൂലിനിരക്ക് കുറയുന്നു. തൊഴില്‍ കിട്ടാതാവുകയും കൂലിനിരക്ക് കുറയുകയും അന്യരാജ്യക്കാര്‍ വന്ന് ജോലി ചെയ്യുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണ്. അതിനാല്‍ അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കണം. അതിന് നിയമപരമായതും അല്ലാത്തതുമായ കുടിയേറ്റം നിയന്ത്രിക്കണം. സ്വാഭാവികമായും അത് അമേരിക്കയിലേക്ക് കുടിയേറ്റം എളുപ്പമല്ലാതാക്കും.
വിദേശങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി മറ്റൊരു വിഷയമാണ്. അമേരിക്കയില്‍ പൊതുവെ കൂലിനിരക്ക് കൂടുതലാണ്. അതേസമയം പല വികസ്വരരാജ്യങ്ങളിലും കൂലിനിരക്ക് കുറവാണ്. കൂലിയുംകൂടി കൂട്ടിയിട്ടാണല്ലോ ഉത്പന്നത്തിന്റെ വില നിശ്ചയിക്കുക. അങ്ങനെ വരുമ്പോള്‍, അമേരിക്കന്‍ ഉത്പന്നങ്ങളെക്കാള്‍ വില കുറച്ച് ഇറക്കുമതി ചെയ്യാന്‍ കഴിയും. തത്ഫലമായി അമേരിക്കന്‍ വ്യവസായങ്ങള്‍ തളരും. തൊഴില്‍ ഇല്ലായ്മ കൂടും. ഇതിന് പരിഹാരം ഇറക്കുമതി കുറയ്ക്കുക എന്നതാണ്. അതിനുള്ള മാര്‍ഗമാണ് ഇറക്കുമതി വസ്തുക്കളുടെമേല്‍ ചുമത്തുന്ന ചുങ്കം അഥവാ ഇറക്കുമതി നികുതി. വിലയും ഇറക്കുമതി ചുങ്കവുംകൂടി ഉപഭോക്താക്കള്‍ നല്‍കണം.
അതിനെക്കാള്‍ ലാഭകരമായിരിക്കും സ്വന്തം നാട്ടില്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ വാങ്ങുക. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 10 മുതല്‍ 20 ശതമാനംവരെ ഇറക്കുമതിനികുതി ചുമത്തുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. ചൈനയാണ് ഏറ്റവും വിലകുറച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന രാജ്യം. അതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 60 ശതമാനംവരെ ഇറക്കുമതി ചുങ്കം ചുമത്താനാണ് പ്ലാന്‍. അപ്പോള്‍ 100 രൂപക്ക് കിട്ടേണ്ട വസ്തുവിന് 160 രൂപ കൊടുക്കണം. കോടാനുകോടി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അധികം കൊടുക്കേണ്ട വില വളരെ ഭാരിച്ചതാകും. അപ്പോള്‍ ഇറക്കുമതി കുറയും. ആഭ്യന്തര ഉത്പാദനം വര്‍ധിക്കും. ഈ പദ്ധതി നടപ്പാക്കിയാല്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയും കുറയാം. അത് നമ്മുടെ വ്യവസായങ്ങളെ തളര്‍ത്തും. തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കും. ഗവണ്‍മെന്റിന്റെ വരുമാനം കുറയും.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പോളിസി. അനധികൃത കുടിയേറ്റം കൂടുക, ലഹരിക്കച്ചവടവും ഉപയോഗവും കൂടുക എന്നിവയൊക്കെ സംഭവിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കൂടും. അതിനാല്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയാണ് ട്രംപ് ലക്ഷ്യംവയ്ക്കുന്നത്. വന്‍കിട ലഹരികടത്തുകാര്‍ക്ക് മരണശിക്ഷയാണ് ട്രംപ് നിര്‍ദേശിക്കുന്നത്.
അമേരിക്ക ഫസ്റ്റ് എന്നതാണ് ട്രംപിന്റെ മറ്റൊരു പോളിസി. അതായത് അമേരിക്കയുടെ വളര്‍ച്ച, സമാധാനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക. ഇപ്പോള്‍ അമേരിക്ക ലോകപോലീസിന്റെ പണികൂടി ചെയ്യുന്നുണ്ട്. അപ്പോള്‍ ലോകത്തില്‍ എവിടെ പ്രശ്‌നം ഉണ്ടായാലും ഇടപെടണം. ചിലപ്പോള്‍ യുദ്ധങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടിവരും. ആയുധങ്ങള്‍ നല്‍കി സഹായിക്കേണ്ടിവരും. ഇത്തരം പ്രവൃത്തികള്‍ വളരെ വ്യാപകമായി ചെയ്യുമ്പോള്‍ വളരെയധികം പണം പുറത്തേക്ക് പോകും. അമേരിക്കയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാമായിരുന്ന പണമാണ് പുറത്തേക്ക് പോകുന്നത്. അമേരിക്ക ഇടപെട്ട എത്രയോ യുദ്ധങ്ങള്‍ ഉണ്ടായി.
വിയറ്റ്‌നാം യുദ്ധം, അഫ്ഗാനിസ്ഥാന്‍ യുദ്ധം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-അറബ് യുദ്ധം തുടങ്ങിയവ ഉദാഹരണങ്ങള്‍. അതുകൊണ്ട് അമേരിക്കയുടെ ശക്തി വളര്‍ത്താനും അമേരിക്കന്‍ പൗരന്മാരുടെ കൂടിയ ക്ഷേമത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കുക. ഇതാണ് അമേരിക്ക ഫസ്റ്റ് എന്ന ലക്ഷ്യത്തിന്റെ കാതല്‍.
ഇതുപോലെ ആരോഗ്യമേഖല, വിദ്യാഭ്യാസമേഖല, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ചും ട്രംപിന് അദ്ദേഹത്തിന്റേതായ പദ്ധതികളുണ്ട്. ഇതില്‍ പലതും ഇന്ത്യ അടക്കമുള്ള മിക്ക രാജ്യങ്ങളെയും ബാധിക്കും. അമേരിക്കയിലും ലോകം മുഴുവനിലും സമാധാനം ഉണ്ടാകുന്നതിനും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും പുരോഗതി ഉണ്ടാകുന്നതിനും ട്രംപ് ഭരണത്തിന് കഴിയട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
Leave a Comment
Your email address will not be published. Required fields are marked with *