ജയ്‌മോന്‍ കുമരകം
യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക. അയാള്‍ തൊട്ടടുത്ത നിമിഷം ജോലി ഉപേക്ഷിച്ചു. എന്നും ജോലിക്കു പോവും മുമ്പ് അവള്‍ക്കുള്ള മരുന്നും ഭക്ഷണവും കൊടുത്ത് ബെഡ്പാന്‍ വൃത്തിയാക്കി വെക്കും. കിട്ടുന്ന പണംകൊണ്ട് ആവുന്നത്ര ചികിത്സിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കള്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും മരണം വരെ അവളെ പരിചരിക്കുമെന്നായിരുന്നു യുവാന്‍ഫയുടെ തീരുമാനം. കഴിഞ്ഞ ആറുപതിറ്റാണ്ടായി അദ്ദേഹത്തിന്റെ ജീവിതം തളര്‍ന്നു കിടക്കുന്ന ഭാര്യയെ ചുറ്റിപ്പറ്റിയാണ്. കിഴക്കന്‍ ചൈനയിലെ ഷന്ദോങ് പ്രവിശ്യയിലെ സുന്‍ജിയാവു ഗ്രാമത്തിലാണ് സ്‌നേഹത്തിന്റെ പര്യായമായ ഈ ദമ്പതികള്‍ ജീവിക്കുന്നത്.
നിസാരകാരണങ്ങളുടെ പേരില്‍ വഴക്കുണ്ടാക്കി വിവാഹജീവിതം വേര്‍പിരിയുന്നവര്‍ക്ക് യുവാന്‍ഫയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ജീവിതം മഹത്തായൊരു പാഠമാണ്. ഒരുപക്ഷേ തകര്‍ന്നുപോകാമായിരുന്ന കാലത്ത് ഭര്‍ത്താവിന്റെ സ്‌നേഹവും ത്യാഗവും വാല്‍സല്യവും അവളുടെ ജീവിതത്തെ മൊത്തത്തില്‍ അഴിച്ചുപണിതിട്ടുണ്ടാകണം. എന്തിനും ഏതിനും പരസഹായം വേണ്ടി വരുന്ന അവസ്ഥയില്‍ ശാരീരിക സഹനത്തേക്കാളുപരി മാനസികമായി ഭാര്യ പീഡയേല്‍ക്കപ്പെടുന്നുവെന്നത് മനസിലാക്കാന്‍ യുവാന്‍ഫാക്ക് കഴിഞ്ഞു എന്നതാണ് അവരുടെ ജീവിതം മഹത്തരമാക്കിയത്. സഹനത്തെ സങ്കീര്‍ത്തനമാക്കുന്നവര്‍ ഒരിക്കലും പരാജയപ്പെടുന്നില്ല. അവരുടെ ജീവിതം സമൂഹത്തിന് എന്നുമൊരു നല്ല പാഠമായിരിക്കും.
അപ്പനുമമ്മയും
കൈവിട്ടിരുന്നെങ്കില്‍
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സൂസന്‍, ബാംഗ്ലൂര്‍ സ്വദേശിയായ സന്തോഷിനെയാണ് വിവാഹം കഴിച്ചത്. ആദ്യ കുഞ്ഞിനുവേണ്ടി അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. എന്നാല്‍ ആദ്യ സ്‌കാനിംഗ് റിപ്പോര്‍ട്ട് അവരുടെയെല്ലാ പ്രതീക്ഷകളെയും മങ്ങലേല്‍പ്പിച്ചു. കുഞ്ഞിന്റെ മുഖത്തിന്റെ വലതുവശം അപൂര്‍ണ്ണമായേ വികാസം പ്രാപിച്ചിട്ടുള്ളൂ. വാരിയെല്ലുകള്‍ക്കിടയിലേക്ക് കയറി കുടല്‍ ശ്വാസകോശത്തിന്റെ വളര്‍ച്ചയെ മുരടിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ള കുഞ്ഞ് ജീവിക്കാനുള്ള സാധ്യത കുറവാണ്. ഹൃദയത്തില്‍ ദ്വാരവും മുച്ചുണ്ട് എന്ന വൈകല്യവും ഇതൊടൊപ്പം കുട്ടിക്ക് ഉണ്ടെന്നും സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഹൈ റിസ്‌ക് കേസുകള്‍ നോക്കുന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്തുപോയിട്ടും ആശ്വാസം പകരുന്ന ഒരുവാക്കുപോലും അവര്‍ക്ക് ലഭിച്ചില്ല. കുഞ്ഞിനെ സ്വീകരിച്ചാലുള്ള വരുംവരായ്മകളെ കുറിച്ചാണ് ഈ ഡോക്ടര്‍മാരെല്ലാം ആ മാതാപിതാക്കളോട് പറഞ്ഞത്. ഇതിനൊക്കെ പരിഹാരമായി അവര്‍ നിര്‍ദേശിച്ചത് കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ ഇല്ലാതാക്കാനായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് മാത്രം അവര്‍ തെല്ലും യോജിച്ചില്ല. തങ്ങളുടെ ജീവിതത്തില്‍ ദൈവം ഉറപ്പായും ഇടപെടുമെന്ന് ആ ഭാര്യയും ഭര്‍ത്താവും ഹൃദയത്തില്‍ വിശ്വസിച്ചു.
എന്നും കുഞ്ഞിനുവേണ്ടി അവര്‍ മനമുരുകി ജീവിച്ചു. രണ്ടാമത്തെ സ്‌കാനിംഗില്‍ ഒരത്ഭുതം വെളിവാക്കപ്പെട്ടു. കുഞ്ഞിന്റെ കുടല്‍ യഥാസ്ഥാനത്തത്തി. അതെങ്ങനെ സംഭവിച്ചുവെന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇതൊരു അത്ഭുതമാണെങ്കില്‍ ദൈവം ഇനിയും ഇടപെടുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. പിന്നീട് നടന്നത് അത്ഭുതങ്ങളുടെ ഘോഷയാത്രയായിരുന്നു. സൂസനെ പരിശോധിച്ച ഡോക്ടമാര്‍ ആ സത്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തി. ഇപ്പോള്‍ കുഞ്ഞിന്റെ ശ്വാസകോശവളര്‍ച്ച തടസപ്പെടുന്നില്ല. കുടല്‍ കൃത്യസ്ഥാനത്തേക്ക് വന്നതിനാല്‍ ബാക്കി ന്യൂനതകള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.
2000 ജൂലൈ 27 അവരുടെ കുഞ്ഞ് ഫിലിപ്പ് ജനിച്ചു. തുടര്‍പരിശോധനയില്‍ തലച്ചോര്‍, വൃക്ക, ഹൃദയം ഇവയ്‌ക്കെല്ലാം കുറച്ച് ന്യൂനതകള്‍ ഉണ്ടായിരുന്നു. മുച്ചുണ്ടും പാതി കോടിയ മുഖവും കാണുമ്പോള്‍ തന്നെ ഞെട്ടലും മനസികാഘാതവും ഉളവാക്കുന്നതാണെങ്കിലും ആ മാതാപിതാക്കള്‍ ദൈവത്തിലാശ്രയിച്ചു. ആദ്യസര്‍ജറി രണ്ട് ആഴ്ചക്കുള്ളില്‍ നടന്നു. തുടര്‍പരിശോധനകള്‍ക്കായി എല്ലാ ആഴ്ചകളിലും അവര്‍ക്ക് കുഞ്ഞിനെയും കൂട്ടി ആശുപത്രിയിലെത്തേണ്ടിവന്നു.
സര്‍ജറി കഴിഞ്ഞുള്ള പരിചരണം വളരെ ശ്രമകരമായിരുന്നു. അവന്‍ അബദ്ധത്തില്‍ മുഖത്തു മാന്തിയാല്‍ പോലും ചോര കിനിയും, സ്റ്റിച്ചുകള്‍ വിട്ടുപോകാനോ അകലാനോ ഇടയുണ്ട്. മുറിവ് ഉണങ്ങാനും താമസം നേരിടും.
ഒരു നിമിഷത്തെ അശ്രദ്ധ മണിക്കൂറുകള്‍ നീണ്ട ഡോക്ടര്‍മാരുടെ പ്രയത്‌നം നിഷ്ഫലമാക്കുമെന്നതിനാല്‍ അവര്‍ രാവും പകലും കുഞ്ഞിന് കാവലിരുന്നു. രണ്ടുപേരും ഷിഫ്റ്റുകള്‍ മാറി മാറി ചെയ്തു. കുഞ്ഞിനെ പരിചരിക്കുവാന്‍ പരാതിയോ പരിഭവമോ ഉണ്ടായില്ല. അവരുടെ ത്യാഗവും സഹനവും കണ്ട് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ജോലി ഉപേക്ഷിച്ച് കുഞ്ഞിനെ പരിചരിക്കുവാന്‍ തയ്യാറായി. തലച്ചോറിന്റെ ന്യൂനത നിമിത്തം ഇനി ബുദ്ധിവികാസം സംഭവിക്കുകയില്ലായെന്ന് ഡോക്ടര്‍മാര്‍ അക്കാലത്ത് അഭിപ്രായപ്പെട്ടു. മറ്റുകുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലായെന്നായിരുന്നു വിദഗ്ധരായ ഡോക്‌ടേഴ്‌സിന്റെ അഭിപ്രായം. അതിനാല്‍ അവനെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കൊടുക്കുന്ന സ്‌കൂളില്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. അഞ്ചാം വയസില്‍ അവന്‍ നടന്നുതുടങ്ങി.
ചെറിയ കാര്യങ്ങള്‍ ചെയ്യുവാന്‍ പഠിക്കുന്നത് സ്‌പെഷ്യല്‍ സ്‌കൂളിലാണല്ലോ. തുടര്‍ന്ന് സാധാരണ സ്‌കൂളിലേക്കുമാറ്റി, സ്‌പെഷ്യല്‍ എഡ്യുക്കേഷനും അതൊടൊപ്പം തുടര്‍ന്നു. ആ മാറ്റം അവന് കാര്യങ്ങളൊക്കെ ശരിയായി അപഗ്രഥിക്കുവാനും നന്നായി സംസാരിക്കുവാനും മറ്റുള്ളവരോട് ഇടപെടാനും സഹായകരമായി. ആ കുട്ടി 22 ല്‍ അധികം സര്‍ജറികള്‍ക്കു വിധേയനായി. ആ സമയത്തെ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും സഹനത്തിന് വിലയിടാനാവില്ല. പരിശോധനകള്‍ക്കൊടുവില്‍ കുട്ടിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ല’എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. മന്ദബുദ്ധിയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ ആ കുട്ടിയുടെ ബൗദ്ധിക നിലവാരം ഉയര്‍ന്നതെന്ന് തെളിഞ്ഞു.
തന്റെ അനുഭവവും മാതാപിതാക്കളുടെ ധീരമായ തീരുമാനവും പ്രതിസന്ധികളില്‍ ഉരുക്കുകോട്ടപോലെ അവര്‍ കൂടെ നിന്നതും അവന്‍ പൊതുവേദികളിലും, റേഡിയോയിലും, ടി.വിയിലും ഇന്ന് പങ്കുവെക്കുന്നു.
വൈകല്യത്തിന്റെ പേരില്‍ അബോര്‍ഷനെ പിന്തുണയ്ക്കുന്നതിനെതിരെ ജീവിക്കുന്ന സാക്ഷ്യമായി അവന്‍ നിലകൊള്ളുമ്പോള്‍, മെഡിക്കല്‍ സയന്‍സിനു എന്ത് പറയാനുണ്ട്? ഇത്രയധികം ഓപ്പറേഷനുകള്‍ക്കായി തീയേറ്ററിനു മുന്നില്‍ നില്‍ക്കുന്ന ഫിലിപ്പിന്റെ മാതാപിതാക്കളുടെ കരുത്ത് സ്വര്‍ഗത്തിന്റെ സമ്മാനമാണ്. പ്രതികൂലങ്ങളില്‍ ഉരുക്കുകോട്ടപോലെ ദൈവത്തിലാശ്രയിക്കുക, ഫലം വര്‍ണനാതീതം.
Leave a Comment
Your email address will not be published. Required fields are marked with *