തോമാപുരം: തലശേരി അതിരൂപത ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് മലബാറിലെ കുടിയേറ്റ ജനതക്ക് ആത്മീയ വിരുന്നായി മാറി. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറില്‍ നാല് ദിവസങ്ങളിലായി നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസ് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
മലബാറിന്റെ മണ്ണിലേക്ക് കുടിയേറിവന്ന പൂര്‍വികര്‍ സ്വന്തം ആലയം കെട്ടിപ്പടുക്കുന്നതിനുമുമ്പ് പരിശുദ്ധ കുര്‍ബാനയ്ക്കായുള്ള ആലയം കെട്ടിപ്പടുത്തവരാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ഈടുവയ്പുകളാണ് ഈ പ്രദേശങ്ങളില്‍ ഇന്ന് നാം കാണുന്ന ഭൗതികവും ആത്മീയവുമായ വളര്‍ച്ചയെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ആദ്യദിനം ദിവ്യബലി അര്‍പ്പിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി മുതുകുന്നേല്‍, മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി, മോണ്‍. മാത്യു ഇളംത്തുരുത്തിപടവില്‍, ചാന്‍സലര്‍ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍, ദിവ്യകാരുണ്യ കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ റവ.ഡോ.മാണി മേല്‍വെട്ടം, റവ.ഡോ. ഫിലിപ്പ് കവിയില്‍, ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം, ഫാ. ജോസഫ് തൈക്കുന്നുംപുറം, ഫാ.ജോസഫ് കാക്കരമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, മാര്‍ അലക്‌സ് താരാമംഗലം, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാം പ്ലാനി എന്നിവര്‍ യഥാക്രമം ദിവ്യബലി അര്‍പ്പിച്ചു. ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നാലുദിനങ്ങളിലായി നയിച്ച ദിവ്യകാരുണ്യ കണ്‍വെന്‍ഷന്‍ ആത്മീയാനുഭവമായി.
ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് എംസിബിഎസ് സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ദിവ്യകാരുണ്യ എക്സിബിഷന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമായി. ഫാ. ക്ലിന്റ് വെട്ടിക്കുഴിയില്‍ എംസിബിഎസ് നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബാനയുടെ കുട്ടുകാര്‍ എന്നറിയപ്പെടുന്ന സംഘടനയാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ സ്റ്റില്‍ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനമൊരുക്കിയത്.
നൂറോളം ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് നിര്‍മിച്ച് 16-ാം വയസില്‍ സ്വര്‍ഗസ്ഥനായി വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫാ. ക്ലിന്റും എംസിബിഎസ് സഭയും പ്രദര്‍ശനം സംഘടിപ്പിച്ചത്. പരിശുദ്ധ കുര്‍ബാനയുടെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന അന്ത്യ അത്താഴം, മിശിഹായുടെ കുരിശുമരണവും ഉത്ഥാനവും, വിശുദ്ധ ഗ്രന്ഥത്തിലെ ദിവ്യകാരുണ്യ പ്രതീകങ്ങള്‍ തുടങ്ങിയവയുടെ ലൈവ് ഷോഎന്നിവയും ശ്രദ്ധേയമായി.
ദിവ്യകാരുണ്യകോണ്‍ഗ്രസിനോടന് അനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി യുവജന സിമ്പോസിയവും വിവിധ വിഷയങ്ങളിലുള്ള ക്ലാസുകളും ക്രമീകരിച്ചിരുന്നു. ആഘോഷകരമായ ദിവ്യകാരുണ്യപ്രദിക്ഷണത്തോടെയാ ണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് സമാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *