ജോസഫ് മൈക്കിള്‍
യുദ്ധഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്ന കന്യാസ്ത്രീയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍, അങ്ങനെയൊരാള്‍ സൗത്ത് സുഡാനിലുണ്ട്. അതും ഒരു മലയാളി. യുദ്ധങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പിടിയിലമര്‍ന്ന സൗത്ത് സുഡാനില്‍ ഗവണ്‍മെന്റിനും റിബലുകള്‍ക്കും ഒരുപോലെ സ്വീകാര്യയാണ് സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍. സ്‌നേഹംകൊണ്ട് ആ രാജ്യത്തെതന്നെ കീഴടക്കാന്‍ സിസ്റ്ററിന് കഴിഞ്ഞിരിക്കുന്നു.
സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെട്ടതായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. വൈകുന്നേരം തിരിച്ചെത്താനായിരുന്നു അവരുടെ പ്ലാന്‍. ഉച്ചകഴിഞ്ഞപ്പോള്‍ ഒരു ഗര്‍ഭിണിയെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കേണ്ടതായി വന്നു. മെഡിക്കല്‍ സംഘം ചെന്ന വാഹനംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആ വാഹനത്തില്‍ അവരെ നഗരത്തിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ സംഘത്തെ തിരികെ കൊണ്ടുവരുന്നതിനായി ഡ്രൈവര്‍ പോയെങ്കിലും ഇടയ്ക്കുവച്ച് പട്ടാളം വാഹനം തടഞ്ഞു. ആഭ്യന്തര സംഘര്‍ഷം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതിനാല്‍ അവിടേക്കു പോകാന്‍ അനുവാദം ഇല്ലെന്ന വിവരം അറിയിച്ചു. ഡ്രൈവര്‍ ഉടനെ സിസ്റ്റര്‍ ഗ്രേസി അടിച്ചിറയിലിന്റെ അടുത്തെത്തി. മെഡിക്കല്‍ സംഘത്തെ അയച്ചത് സിസ്റ്ററായിരുന്നു. സിസ്റ്റര്‍ പട്ടാള ക്യാമ്പില്‍ ചെന്നു കമാന്ററെ കണ്ടു. തന്റെ മെഡിക്കല്‍ സംഘം അവിടെ കുടുങ്ങിയ വിവരം അറിയിച്ചു. പുരുഷന്മാരെ കടത്തിവിടില്ല, സിസ്റ്റര്‍ സ്വയം ഡ്രൈവ് ചെയ്തുപോയി അവരെ കൊണ്ടുവരാമെങ്കില്‍ അനുവദിക്കാമെന്നായി കമാന്റര്‍. അതുമാത്രമല്ല, പട്ടാള വണ്ടിയുടെ പിന്നാലെ അതേ വേഗതയില്‍ വാഹനം ഓടിക്കുകയും വേണം. അതിനുള്ള ധൈര്യം ഉണ്ടോ എന്നായിരുന്നു കമാന്ററുടെ ചോദ്യം. അവിടെ ഒറ്റപ്പെട്ടുപോയ സഹപ്രവര്‍ത്തകരുടെ മുഖങ്ങള്‍ ആ നിമിഷം മനസില്‍ തെളിഞ്ഞു. എവിടെനിന്നോ അസാമാന്യ ധൈര്യം ലഭിച്ചതുപോലെ സിസ്റ്റര്‍ സമ്മതം അറിയിച്ചു. യാത്രക്കിടയില്‍ ഏതു സമയവും എതിരാളികളുടെ വെടിയുണ്ട പതിക്കാമെന്ന കാര്യവും ഓര്‍മപ്പെടുത്താന്‍ കമാന്റര്‍ മറന്നില്ല. ഡ്രൈവിംഗില്‍ അത്ര വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല അക്കാലത്ത്. പട്ടാളവണ്ടിയുടെ പിന്നാലെ അതേ വേഗതയില്‍ ദൈവത്തെ വിളിച്ചുകൊണ്ടു ടാറിടാത്ത വഴികളിലൂടെ പഴയ ലാന്റ് റോവറില്‍ വച്ചുപിടിച്ചു. ഭയന്നുവിറച്ചിരിക്കുന്ന മെഡിക്കല്‍ സംഘത്തെയാണ് അവിടെ ചെന്നപ്പോള്‍ കണ്ടത്. എല്ലാവരുടെയും മുഖങ്ങളില്‍ പരിഭ്രാന്തി നിറഞ്ഞുനിന്നിരുന്നു. പോയതുപോലെ അതേ വേഗത്തില്‍ ഉടനെ മടങ്ങുകയും ചെയ്തു. ഇതിനിടയില്‍ വാഹനത്തിന് മുകളിലൂടെ വെടിയുണ്ടകള്‍ പാഞ്ഞുപോയെങ്കിലും ആര്‍ക്കും ഒന്നും സംഭവിച്ചില്ല.
പ്രത്യേക പ്രിവിലേജുകള്‍
മലയാളിയായ സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍ സുഡാനില്‍ എത്തിയിട്ട് 35 വര്‍ഷങ്ങളായി (ഇപ്പോള്‍ സൗത്ത് സുഡാന്‍. 30 വര്‍ഷത്തോളം നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2011-ല്‍ സുഡാന്‍ സൗത്തും നോര്‍ത്തുമായി വിഭജിക്കപ്പെട്ടു). നഴ്‌സ്, അധ്യാപിക, മിഷനറി … അങ്ങനെ വിവിധ റോളുകളാണ് സിസ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. ഗവണ്‍മെന്റ് ഓഫീസുകളിലേക്കോ പട്ടാള ക്യാമ്പുകളിലേക്കോ ഏതു സമയത്തും സിസ്റ്ററിന് ചെല്ലാം. ആഭ്യന്തര സംഘര്‍ഷം നടക്കുന്ന രാജ്യത്തെ ചില ഭാഗങ്ങള്‍ റിബലുകളുടെ നിയന്ത്രണത്തിലാണ്. അവിടേക്കും സിസ്റ്ററിന് പ്രവേശനമുണ്ട്. എവിടെയും സിസ്റ്ററിന് പ്രത്യേക പ്രിവിലേജുകളുണ്ട്. എന്തെങ്കിലും സെക്യൂരിറ്റി പ്രശ്‌നം ഉണ്ടായാല്‍ ഒരു ഫോണ്‍ കോള്‍ മതി-നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസും പട്ടാളവും എത്തിയിരിക്കും. അത്തരം അനുഭവങ്ങളും നിരവധി.
ഗവണ്‍മെന്റിനും റിബലുകള്‍ക്കും ഒരുപോലെ സ്വീകാര്യയാണ് സിസ്റ്റര്‍. റിബലുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യണമെങ്കില്‍ അവരെ അറിയിച്ചാല്‍ മതി. പൂര്‍ണ സംരക്ഷണം നല്‍കും. റിബലുകളുടെ അടുത്തേക്ക് പോകുന്നതില്‍നിന്ന് ഗവണ്‍മെന്റും തടയുന്നില്ല. ക്രിസ്തുവിന്റെ സ്‌നേഹംകൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ കീഴടക്കാന്‍ ഈ മലയാളി കന്യാസ്ത്രീക്ക് കഴിഞ്ഞിരിക്കുന്നു. മുറിവേറ്റവരുടെ ഗോത്രമോ നിലപാടുകളോ ഒന്നും സിസ്റ്റര്‍ അന്വേഷിക്കുന്നില്ല. ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും അവരെല്ലാം മനുഷ്യരാണ്. സഹായം അര്‍ഹിക്കുന്ന ആരെയും സഹായിക്കുക, അവിടെ ശത്രുവും മിത്രവുമൊന്നുമില്ല. വേദനിക്കുന്ന മുഖങ്ങളിലെല്ലാം തെളിയുന്നത് ക്രിസ്തുവിന്റെ മുഖംമാത്രം. മിഷനറിമാരെ ബഹുമാനിക്കുന്നതാണ് ഇവരുടെ രീതി. പക്ഷേ സിസ്റ്ററിന് ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ മറ്റുള്ളവര്‍ക്കില്ല.
സ്വര്‍ണക്കൂമ്പാരം, പക്ഷേ പട്ടിണി
സ്വര്‍ണത്തിന്റെ മുകളില്‍കിടന്നിട്ടും പട്ടിണികൊണ്ട് മരിക്കുന്നവരാണ് ഈ രാജ്യത്തെ ജനങ്ങള്‍. എണ്ണ നിക്ഷേപവും മിനറല്‍സും ഉണ്ട്. പക്ഷേ, അതൊന്നും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ഇതുവരെയും എത്തിയിട്ടില്ല. യുദ്ധങ്ങളുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും നടുവിലായതിനാല്‍ ഭരണാധികാരികള്‍ക്ക് വികസന കാര്യങ്ങളെപ്പറ്റി ചിന്തിക്കാന്‍ സമയമില്ല. സുഡാന്‍ എന്നും സംഘര്‍ഷഭൂമിയാണ്. 2011-ല്‍ രാജ്യം സൗത്ത് സുഡാനും നോര്‍ത്ത് സുഡാനുമായി വിഭജിക്കപ്പെട്ടതിനുശേഷം ഒരു വര്‍ഷത്തോളം സമാധാന അന്തരീക്ഷമായിരുന്നു. എന്നാല്‍ തുടര്‍ന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി മാറി. 2018-ല്‍ സമാധാന കരാറില്‍ ഒപ്പുവച്ചെങ്കിലും ഏതു നിമിഷവും എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ.
ഇപ്പോള്‍ സിസ്റ്ററിന് ഏറെ ബഹുമാനവും സ്വീകാര്യതയും ഉണ്ടെങ്കിലും സിസ്റ്റര്‍ എത്തിയതിന്റെ പിറ്റേ വര്‍ഷം വിസ പുതുക്കി നല്‍കാന്‍ വിസമ്മതിക്കുകയും യുദ്ധസമയത്ത് ഉണ്ടായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ എത്തിച്ചതിന്റെ പേരില്‍ സുഡാനില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത ഭൂതകാലവും സിസ്റ്ററിനുണ്ട്. സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍ സുഡാനില്‍ എത്തിയത് 1989-ലാണ്. രാജ്യത്തിന്റെ ഭരണം പട്ടാളം പിടിച്ചെടുത്ത ദിവസം രാവിലെയായിരുന്നു സിസ്റ്റര്‍ വിമാനത്താവളത്തില്‍ ചെന്നിറങ്ങിയത്. ദൈവത്തിന്റെ വലിയൊരു പദ്ധതിയുടെ ഭാഗമായിട്ടാണ് അവിടെ എത്തിയതെന്ന തിരിച്ചറിവ് ലഭിച്ച ദിവസങ്ങളായിരുന്നു തുടര്‍ന്നുവന്ന ദിനങ്ങള്‍. മരിക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു വൈദികന്റെ ജീവന്‍ രക്ഷിക്കാന്‍ നേഴ്‌സായ സിസ്റ്ററിനെ ദൈവം ഉപകരണമാക്കി. അതിലേക്ക് പിന്നീട് വരാം.
തോക്കുകള്‍ കാല്പാദത്തില്‍ വച്ചൊരു എതിരേല്പ്
രണ്ടു വര്‍ഷംമുമ്പ് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി സൗത്ത് സുഡാന്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ഫാ. മാത്യു ആശാരിപ്പറമ്പിലും ഉണ്ടായിരുന്നു. ആര്‍ച്ചുബിഷപ് എത്തുന്ന വിവരം സിസ്റ്റര്‍ ഗ്രേസി റിബലുകളുടെ തലവനെ അറിയിച്ചു. കാരണം, മാര്‍ പാംപ്ലാനിയുടെ ചില സന്ദര്‍ശന സ്ഥലങ്ങള്‍ റിബലുകളുടെ നിയന്ത്രണത്തില്‍ ഉള്ളവയായിരുന്നു. അതുകേട്ടപ്പോള്‍ റിബലുകളുടെ തലവന്‍ ആര്‍ച്ചുബിഷപ്പിനെ കാണാനുള്ള അനുവാദമാണ് സിസ്റ്ററിനോട് തിരിച്ചുചോദിച്ചത്. പാംപ്ലാനി പിതാവിനെ സ്വീകരിക്കുവാന്‍ റിബലുകളുടെ തലവനടക്കം എത്തി. തോക്കുകള്‍ ആര്‍ച്ചുബിഷപ്പിന്റെ പാദത്തില്‍ വച്ചായിരുന്നു അവരുടെ എതിരേല്പ്. സന്ദര്‍ശനം തീരുന്നതുവരെ സുരക്ഷാചുമതലയും അവര്‍ ഏറ്റെടുത്തു. രണ്ടു വിഭാഗങ്ങളുടെയും അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ആഭ്യന്തര സംഘര്‍ഷത്തിനു നടുവില്‍ ദുരിതം അനുഭവിക്കുന്ന സാധാരണ മനുഷ്യരെ സഹായിക്കാന്‍ കഴിയൂ. എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം ആരംഭിക്കാമെന്നതാണ് അവിടുത്തെ ഇപ്പോഴത്തെ സാഹചര്യം; സിസ്റ്റര്‍ ഗ്രേസി പറയുന്നു.
നിറതോക്കുകളുടെ മുമ്പില്‍ ധൈര്യപൂര്‍വം
ഒരു വര്‍ഷത്തെ വിസയായിരുന്നു സിസ്റ്ററിന് ലഭിച്ചിരുന്നത്. വിസ പുതുക്കാനുള്ള അപേക്ഷ നല്‍കാന്‍ ചെന്നപ്പോള്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണം അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്ന മുന്നറിയിപ്പില്‍ ഒപ്പിട്ടു നല്‍കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. താന്‍ വന്നത് തിരിച്ചുപോകാനല്ലെന്നും ഇതില്‍ ഒപ്പിടില്ലെന്നും ഉറച്ച മറുപടി നല്‍കി. തോക്കുധാരികളുടെ മധ്യത്തില്‍ ധൈര്യപൂര്‍വം തന്റെ നിലപാടില്‍ ഉറച്ചുനിന്നു. കൂടെ ഉണ്ടായിരുന്ന സിസ്റ്റര്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരുപായം പറഞ്ഞു, ഇപ്പോള്‍ ഇവര്‍ പറയുന്നത് അംഗീകരിക്കുക, അല്ലെങ്കില്‍ പുറത്തുവിടില്ല. വിസ പുതുക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കാം. അങ്ങനെ ആ പേപ്പറില്‍ ഒപ്പിട്ടു.
അടുത്ത ഒരു മാസം പ്രാര്‍ത്ഥനയുടേതായിരുന്നു. നിരവധി പേര്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. നിരവധി ഓഫീസുകള്‍ കയറിയിറങ്ങി. ഒക്‌ടോബര്‍ 31-നായിരുന്നു മടങ്ങേണ്ട ദിവസം. തലേന്ന് ദിവ്യകാരുണ്യ ആരാധന നടത്തി. മടങ്ങേണ്ട അന്നു രാവിലെ ആയപ്പോഴേക്കും വിസ പുതുക്കി കിട്ടുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കും നഷ്ടപ്പെട്ടിരുന്നു. ഒരു മലയാളി വൈദികനാണ് അന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത്. അദ്ദേഹം വിഷമത്തോടെ പറഞ്ഞു. ഇന്ന് ഗ്രേസി സിസ്റ്ററിന് മടങ്ങണം. ദൈവത്തിന്റെ പദ്ധതിയായിരിക്കും. പോയാലും സിസ്റ്റര്‍ തിരികെ എത്തുമെന്നു പറഞ്ഞ് എല്ലാവരെയും ആശ്വസിപ്പിച്ചു. ദിവ്യബലികഴിഞ്ഞ് മറുപടി പറയുന്നതിനായി സിസ്റ്ററിനെ വിളിച്ചു. സിസ്റ്റര്‍ എഴുന്നേറ്റപ്പോഴാണ് രൂപതയില്‍ വിസാ കാര്യങ്ങള്‍ നോക്കിയിരുന്ന വ്യക്തി ഓടിക്കിതച്ച് എത്തിയത്. തന്റെ കയ്യിലിരുന്ന പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയിട്ടു പറഞ്ഞു, സിസ്റ്ററിന് വിസ കിട്ടി. എല്ലാവരും ചേര്‍ന്ന് ദൈവത്തിന് നന്ദി പറഞ്ഞ ആ 10 മിനിറ്റ് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്ന് സിസ്റ്റര്‍ ഗ്രേസി പറയുന്നു.
കാഴ്ചകള്‍ ഹൃദയഭേദകം
1998-ലാണ് സിസ്റ്റര്‍ വാവില്‍ എത്തിയത്. സൗത്ത് സുഡാനിലെ 10 സംസ്ഥാനങ്ങളില്‍ ഒരെണ്ണമാണ് വെസ്റ്റേണ്‍ ബഹര്‍ അല്‍ ബസാര്‍. അതിന്റെ തലസ്ഥാന നഗരമാണ് വാവ്. കടുത്ത ക്ഷാമം നേരിട്ട വര്‍ഷമായിരുന്നത്. മഴ ഇല്ലായിരുന്നതിനാല്‍ കൃഷിയിറക്കാന്‍ കഴിഞ്ഞില്ല. ആഭ്യന്തര സംഘര്‍ഷം അപ്പോഴും തുടര്‍ന്നു. ആഹാരവും മരുന്നും വസ്ത്രവുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടി. പട്ടിണികൊണ്ട് പതിനായിരങ്ങള്‍ മരിച്ചുവീണു. മരണമടഞ്ഞ അമ്മമാരുടെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍, കുഞ്ഞുങ്ങളെ സന്നദ്ധപ്രവര്‍ത്തകരുടെ കരങ്ങളിലേക്ക് നല്‍കിയിട്ട് മരണത്തിലേക്ക് യാത്രയാകുന്ന അമ്മമാര്‍, പകര്‍ച്ചവ്യാധികള്‍… ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍.
30,000 അഭയാര്‍ത്ഥികള്‍ ജീവിച്ചിരുന്ന ഒരു ക്യാമ്പില്‍ എല്ലാ ഞായറാഴ്ചകളിലും സിസ്റ്റര്‍ മരുന്നുമായി പോയിരുന്നു. അവിടെയുള്ള കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നതും പതിവായിരുന്നു. ഓലകൊണ്ട് നിര്‍മിച്ച ഒരു പള്ളി ഉണ്ടായിരുന്നു. ആ ഞായറാഴ്ച പതിവുപോലെ സിസ്റ്റര്‍ ക്യാമ്പിലെത്തി. അധികം കഴിയുന്നതിനുമുമ്പ് ഉയര്‍ത്തിപ്പിടിച്ച മെഷീന്‍ ഗണ്ണുകളുമായി പട്ടാളം ക്യാമ്പ് വളഞ്ഞു. ഇവിടം ഒഴിപ്പിക്കുകയാണെന്ന് പട്ടാളക്കാര്‍ അറിയിച്ചു. എന്നിട്ട് ചപ്പുചവറുകള്‍ എറിയുന്നതുപോലെ കുട്ടികളെ ട്രക്കുകളിലേക്ക് തള്ളിക്കയറ്റി. പ്രതിഷേധിച്ച മാതാപിതാക്കളെ മര്‍ദിക്കുകയും അവരുടെ നേരെ വെടിവയ്ക്കുകയും ചെയ്തു. 25പേര്‍ അവിടെവച്ചുതന്നെ മരിച്ചു.
ടൗണ്‍ മലിനമാക്കുന്നു എന്നാരോപിച്ചായിരുന്നു ഒഴിപ്പിക്കല്‍. വൈകുന്നേരം 6 മണിയായപ്പോള്‍ ക്യാമ്പിന് തീ കൊടുത്തിട്ടാണ് പട്ടാള വാഹനങ്ങള്‍ മടങ്ങിയത്. വണ്ടിയില്‍ കയറ്റിയ കുട്ടികളെ 45 കിലോമീറ്റര്‍ അകലെ ചവര്‍ തള്ളിക്കളയുന്നതുപോലെ ഇറക്കിവിട്ടു. നിസഹായരായ മനുഷ്യരോടു ചെയ്ത കടുത്ത അനീതി ബിബിസിയിലും വത്തിക്കാന്‍ റേഡിയോയിലും വാര്‍ത്തയായി. ഐക്യരാഷ്ട്ര സഭ പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ജനങ്ങളോട് മനുഷ്യത്വപരമായ രീതിയില്‍ ഇടപെടാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതരായി. സിസ്റ്റര്‍ ഗ്രേസിയാണ് വാര്‍ത്തക്ക് പിന്നിലെന്ന് ഗവണ്‍മെന്റിന് മനസിലായി. വിസ ക്യാന്‍സല്‍ ചെയ്തായിരുന്നു അധികാരികള്‍ അതിനു പകരംവീട്ടിയത്. അങ്ങനെ കെനിയക്ക് പോയി. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും സുഡാനിലേക്ക് തിരിച്ചുവന്നു.
ഷില്ലോംഗിലെ ‘ഡോക്ടര്‍’
തലശേരിക്കടുത്തുള്ള ചെറുവാഞ്ചേരി, അടിച്ചിറയില്‍ പരേതനായ ജോസഫ് -മേരി ദമ്പതികളുടെ 11 മക്കളില്‍ ഒരാളാണ് സിസ്റ്റര്‍. പത്താം ക്ലാസിനു ശേഷം ഷില്ലോംഗിലെ (അസം) സലേഷ്യന്‍ സഭയില്‍ ചേര്‍ന്നു. ആദ്യം നഴ്‌സിംഗ് പഠിച്ചു. തുടര്‍ന്ന് എംഎ, ബിഎഡ്, എംഎഡ്, എംഫില്‍. ഒരേ സമയം നഴ്‌സിന്റെയും അധ്യാപികയുടെയും റോളുകള്‍ കൈകാര്യം ചെയ്തു. ഒരുകാലത്ത് ഷില്ലോംഗിലെ തിരക്കുള്ള ഡിസ്‌പെന്‍സറിയിലെ ഡോക്ടറും നഴ്‌സും എല്ലാം സിസ്റ്റര്‍ ഗ്രേസിയായിരുന്നു. വില്ലേജുകളില്‍ സന്ദര്‍ശനം നടത്താനും ഇതിനിടയില്‍ സമയം കണ്ടെത്തി. 8-9 മണിക്കൂര്‍ നടപ്പുദൂരം ഉണ്ടായിരുന്നു അവിടേക്ക്. ആരോഗ്യമേഖലയിലെ സിസ്റ്ററിന്റെ ഇടപെടലുകള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധപിടിച്ചുപറ്റി. പ്രസിഡന്‍ഷ്യല്‍ അവാര്‍ഡിന് സിസ്റ്ററിന്റെ പേരു നല്‍കണമെന്ന് ഗവണ്‍മെന്റുതലത്തില്‍ ആലോചനകള്‍ നടന്നു. ജനീവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ നഴ്‌സസ് മീറ്റിന് പോകാന്‍ സിസ്റ്ററിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു.
അങ്ങനെ സാഹചര്യങ്ങളും ശുശ്രൂഷകളും ഇഷ്ടപ്പെട്ടിരുന്ന സമയത്താണ് സുഡാനില്‍ പോകാന്‍ മദര്‍ ജനറല്‍ ആവശ്യപ്പെടുന്ന കാര്യം സുപ്പീരിയര്‍ അറിയിച്ചത്. ഇവിടുത്തെ ശുശ്രൂഷകള്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനാല്‍ അവിടേക്കു പോകാനുള്ള താല്പര്യക്കുറവ് സിസ്റ്റര്‍ വ്യക്തമാക്കി. രണ്ടു ദിവസം പ്രാര്‍ത്ഥിച്ചിട്ട് തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു സുപ്പീരിയറിന്റെ മറുപടി. ഇഷ്ടമാണെങ്കില്‍ പോകാം, ഇല്ലെങ്കില്‍ മദര്‍ ജനറലിന് എഴുതാമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം പ്രാര്‍ത്ഥനയുടെ ദിനങ്ങളായിരുന്നു. ഇതിനിടയില്‍ ദൈവസ്വരം കാതുകളില്‍ മുഴങ്ങുന്നതായി അനുഭവപ്പെട്ടു. ‘എന്നെയാണ് നീ തിരഞ്ഞെടുക്കുന്നതെങ്കില്‍ ബാക്കിയെല്ലാം വിട്ടുകളയുക.’ അധികാരികളിലൂടെ കേട്ടത് ദൈവികസ്വരമാണെന്ന് തിരിച്ചറിഞ്ഞ് സമ്മതം അറിയിച്ചു. അങ്ങനെ 28-ാമത്തെ വയസില്‍ സുഡാനില്‍ എത്തി.
കുഞ്ഞുങ്ങളെ കിടത്താനെങ്കിലും
കട്ടില്‍ ഉണ്ടായിരുന്നെങ്കില്‍
പ്രസവത്തോടനുബന്ധിച്ചുള്ള മരണനിരക്ക് ഏറ്റവും ഉയര്‍ന്ന രാജ്യമാണ് സുഡാന്‍. കേരളത്തിലെ കുടിയേറ്റ മേഖലകള്‍ 75 വര്‍ഷംമുമ്പ് എങ്ങനെയായിരുന്നോ അതേ അവസ്ഥയിലാണ് ഇപ്പോഴത്തെ സുഡാനിലെ സാഹചര്യങ്ങള്‍. എങ്കില്‍ 35 വര്‍ഷങ്ങള്‍ മുമ്പുള്ള ആ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും. സൗത്ത് സുഡാനിലെ സാക്ഷരതാ നിരക്ക് ഇപ്പോഴും 20 ശതമാനംമാത്രം. പഴയ തലമുറയിലെ സ്ത്രീകളില്‍ വിദ്യാഭ്യാസമുള്ളവര്‍ വളരെ കുറവ്. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോയിത്തുടങ്ങിയിരിക്കുന്നു, അതും ടൗണുകളില്‍ മാത്രം. ഗ്രാമങ്ങളില്‍ ഇപ്പോഴും 13-14 വയസ് ആകുമ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹം കഴിയും. ആണ്‍കുട്ടികളുടെ വിവാഹ പ്രായം 17-18. പുരുഷന്മാര്‍ ആറും ഏഴും വിവാഹം കഴിക്കുന്നത് സാധാരണ സംഭവം.
ടാര്‍പോളിന്‍ വലിച്ചുകെട്ടി നിര്‍മിച്ച താല്ക്കാലിക ഷെഡുകളായിരുന്നു സിസ്റ്റര്‍ ചെല്ലുന്ന കാലത്തുള്ള സുഡാനിലെ ആശുപത്രികള്‍. മരത്തിന്റെ ചെറിയ ശിഖരങ്ങളില്‍ കെട്ടിത്തൂക്കിയായിരുന്നു ട്രിപ്പ് കൊടുത്തിരുന്നത്. രോഗം ബാധിച്ച കുട്ടികളെ കിടത്താനെങ്കിലും കട്ടിലുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു അക്കാലത്തെ പ്രാര്‍ത്ഥന. യാതൊരു സാധ്യതകളും ഉണ്ടായിരുന്നില്ല. എന്നാല്‍, ആഗ്രഹിച്ചതിലും സ്വപ്‌നംകണ്ടിതിന്റെയും അപ്പുറം നല്‍കിയാണ് ആ കരളുരുകിയ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി നല്‍കിയത്. ഒരു കട്ടിലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചിടത്തുനിന്നും 250 കിടക്കകളുള്ള ആശുപത്രിയാണ് ദൈവം നല്‍കിയത്. അതാണ് മേരി ഹെല്‍പ് ഹോസ്പിറ്റല്‍. അതിനുള്ള വഴികള്‍ തെളിഞ്ഞത് അത്ഭുതാവഹകമായ രീതിയിലായിരുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണക്കുറവായിരുന്നു ആദ്യകാലങ്ങളില്‍ നേരിട്ട മറ്റൊരു വലിയ പ്രശ്‌നം. അതിനും ദൈവം വഴികളൊരുക്കി. രാജ്യത്തെ ആദ്യ നഴ്‌സിംഗ് സ്‌കൂള്‍ ആ ആശുപത്രിയോട് ചേര്‍ന്നു രൂപംകൊണ്ടു. ഇപ്പോഴത് ബിഎസ്‌സി നഴ്‌സിംഗ് വരെ ആയിരിക്കുന്നു. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ സൗജന്യമായി നല്‍കുന്ന ആതുരാലയമാണ്. തുച്ഛമായ 10-15 രൂപയാണ് രോഗികളുടെ കയ്യില്‍ നിന്നും വാങ്ങുന്നത്. പാവപ്പെട്ടവര്‍ക്ക് അതും വേണ്ട, എല്ലാം സൗജന്യം. മുറിച്ചുണ്ട് ഉള്ളവരുടെ എണ്ണം സുഡാനില്‍ വളരെ കൂടുതലാണ്. ഈ പ്രശ്‌നംമൂലം വിദ്യാഭ്യാസം പോലും ഉപേക്ഷിച്ച കുട്ടികള്‍ നിരവധി. അവര്‍ക്കായി സൗജന്യമായി ഓപ്പറേഷനുകള്‍ ചെയ്യുന്നു. ഇറ്റലി, ജര്‍മനി, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരാണ് അതു ചെയ്യുന്നത്.
വൈദികരെ കാണാത്ത വിശ്വാസികള്‍
തദ്ദേശീയ ഡോക്ടര്‍മാരും നഴ്‌സുമാരും ഇപ്പോഴുണ്ട്. ഇന്ത്യ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്ന് എത്തിയ അധ്യാപകരാണ് ആദ്യകാലങ്ങളില്‍ പരിശീലനം നല്‍കിയത്. ഇപ്പോള്‍ സൗത്ത് സുഡാനിലെ ആരോഗ്യമേഖല വളര്‍ച്ചയുടെ പാതയിലാണ്. ആശുപത്രികളുടെയും നഴ്‌സിംഗ് സ്‌കൂളുകളുടെയും എണ്ണം വര്‍ധിച്ചിരിക്കുന്നു. ഗവണ്‍മെന്റിനൊപ്പം ധാരാളം പ്രൈവറ്റ് ഏജന്‍സികളും ഈ മേഖലയില്‍ ഉണ്ട്. എങ്കിലും ആരോഗ്യമേഖലയുടെ വളര്‍ച്ചക്ക് അടിസ്ഥാനമിട്ട മേരി ഹെല്‍പ് ആശുപത്രിയോട് ഗവണ്‍മെന്റിന് പ്രത്യേക പരിഗണനകളുണ്ട്. മരുന്നുകള്‍ക്കൊപ്പം ജീവനക്കാരുടെ ശമ്പളത്തിന്റെ 70 ശതമാനം ഗവണ്‍മെന്റ് ഗ്രാന്റായി നല്‍കുന്നു. വിദേശ ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന ഫണ്ടാണ് ഗവണ്‍മെന്റ് നല്‍കുന്നത്.
200 വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നവരാണ് സുഡാനിലെ ജനങ്ങള്‍. പിന്നീട് നടന്ന മുസ്ലീം അധിനിവേശം ആ രാജ്യത്തെ മുസ്ലീം രാജ്യമാക്കി മാറ്റി. സൗത്ത് സുഡാനില്‍ 80 ശതമാനത്തിന് മുകളില്‍ ക്രൈസ്തവരാണ്. വര്‍ഷങ്ങളായി യുദ്ധത്തിന്റെയും സംഘര്‍ഷങ്ങളുടെയും പിടിയിലായതിനാല്‍ വൈദികരും സന്യസ്തരും ഇവിടെ ഇല്ല. അതിനാല്‍ വിശ്വാസത്തിന്റെ അടിസ്ഥാന പാഠങ്ങള്‍പ്പോലും ഇവര്‍ക്കു ലഭിച്ചിട്ടില്ല. മാമ്മോദീസ മുങ്ങാന്‍ അവസരം ലഭിക്കാത്തവരാണ് അനേകര്‍. പലരും വൈദികരെയും സിസ്റ്റേഴ്‌സിനെയും കണ്ടിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും വൈദികര്‍ എത്താത്ത സ്ഥലങ്ങളുണ്ട്. വൈദികര്‍ ഒരു പ്രാവശ്യംപോലും എത്തിപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ പോയിട്ടുണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞു. എങ്കിലും ആളുകള്‍ക്ക് വിശ്വാസമുണ്ട്. പൂര്‍വ്വപിതാക്കന്മാര്‍ ക്രിസ്ത്യാനികളായിരുന്നു. അതുകൊണ്ട് ഞങ്ങളും ക്രിസ്ത്യാനികളാണ് എന്നാണ് ഇവരുടെ വാക്കുകള്‍.
മരണമെന്ന് വൈദ്യശാസ്ത്രം,
വീണ്ടും ജീവിച്ചത് 35 വര്‍ഷം
1989-ല്‍ സുഡാന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ കൊണ്ടുപോകാന്‍ വന്നത് പ്രൊവിന്‍ഷ്യലിന്റെ നേതൃത്വത്തിലായിരുന്നു. ആശുപത്രിയില്‍ ഒരു വൈദികന്‍ സീരിയസ് ആയി കിടപ്പുണ്ട്. ഏതു സമയവും മരണം സംഭവിക്കാം. രാത്രിയും പകലും മാറിമാറി രണ്ട് സിസ്റ്റേഴ്‌സ് അവിടെ ഉണ്ട് (അവര്‍ നഴ്‌സുമാര്‍ ആയിരുന്നില്ല) രാത്രിയില്‍ ഉണ്ടായിരുന്ന സിസ്റ്ററിനെയും കൂട്ടിവേണം മഠത്തിലേക്ക് പോകാനെന്നു പറഞ്ഞു അവര്‍ ഒരുമിച്ച് ആശുപത്രിയില്‍ പോയി. വൈദികന്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. രാത്രിയില്‍ അച്ചന്‍ മരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
സുഡാനില്‍ എത്തിയ അന്നു രാത്രിയില്‍തന്നെ സിസ്റ്റര്‍ ഗ്രേസി ആശുപത്രിയില്‍ ഡ്യൂട്ടിക്കുപോയി. വൈദികന്റെ ചികിത്സാ രേഖകള്‍ നോക്കിയപ്പോള്‍ അദ്ദേഹത്തിന് കടുത്ത മലേറിയ ആണെന്ന് വ്യക്തമായി. പക്ഷേ, നല്‍കുന്ന മരുന്ന് അതിന് യോജിച്ചതായിരുന്നില്ല. മരുന്ന് മാറ്റിയില്ലെങ്കില്‍ അച്ചന്റെ ജീവന്‍ അപകടത്തിലാകുമെന്നും മാറ്റിയാല്‍ പ്രതീക്ഷക്ക് വകയുണ്ടെന്നും സിസ്റ്റര്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞു. ഡോക്ടര്‍ എഴുതിയതാണ് അതു മാറ്റാന്‍ നമുക്ക് അധികാരമില്ലെന്ന കാര്യം അവര്‍ ഓര്‍മിപ്പിച്ചു. രണ്ടു മരുന്നുകളുടെ പേരു പറഞ്ഞിട്ട് അവ തനിക്കു നല്‍കാന്‍ ആവശ്യപ്പെട്ടു. ഡോക്ടറെ ഈ വിവരം അറിയിക്കേണ്ടന്നും വ്യക്തമാക്കി. രാത്രിയില്‍ രഹസ്യമായി ആ മരുന്നുകള്‍ നല്‍കി. പനിയും വിറയലും ശക്തമായിരുന്നു. പിറ്റേന്ന് രാവിലെ രണ്ടാമത്തെ ഡോസും നല്‍കി. ഡോക്‌ടേഴ്‌സ് എഴുതിയിരുന്ന മരുന്നില്‍ ടിക്ക് ഇടുകയും ചെയ്തു. അടുത്ത ദിവസം അച്ചന്‍ കണ്ണ് തുറന്നു. രാത്രിയില്‍ അടുത്ത ഡോസ് നല്‍കി. മൂന്നാമത്തെ ദിവസം അച്ചന്‍ എഴുന്നേറ്റിരുന്നു. ഉടനെ നെയ്‌റോബിലേക്ക് അയച്ചു. വിമാനത്തില്‍ സഞ്ചരിക്കാന്‍ ആരോഗ്യം ഇല്ലാത്തതുകൊണ്ടായിരുന്നു സുഡാനിലെ ആശുപത്രിയില്‍ അഡ്മിറ്റുചെയ്തിരുന്നത്. വീണ്ടും 35 വര്‍ഷം ജീവിച്ച ഇറ്റലിക്കാരനായ ആ വൈദികന്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് 86-ാം വയസിലാണ് മരിച്ചത്. സിസ്റ്ററിനെ ആ രാജ്യത്ത് ദൈവം എത്തിച്ചത് ആ വൈദികന്റെ ജീവന്‍ രക്ഷിക്കാനായിരിക്കാം. സുഡാന്‍ മിഷന്‍ അവിടെ ആരംഭിക്കുകയായിരുന്നു.
ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന മൈനുകള്‍
യുദ്ധത്തിന്റെ കാലത്ത് സുഡാനില്‍ വിരലില്‍ എണ്ണാന്‍ മാത്രം മിഷനറിമാരാണ് അവശേഷിച്ചത്. പുറത്തുനിന്ന് എത്തിയ മിഷനറിമാരെ ഭൂരിഭാഗത്തെയും പുറത്താക്കി. 2005 ലാണ് പിന്നീട് മിഷനറിമാര്‍ എത്താന്‍ തുടങ്ങിയത്. വാവില്‍ 11 കിലോമീറ്റര്‍ ചുറ്റളവില്‍ സിസ്റ്ററിന്റെ മിഷന്‍ അക്കാലത്ത് ഒതുങ്ങിപ്പോയിരുന്നു. ചവിട്ടിയാല്‍ പൊട്ടിത്തെറിക്കുന്ന മൈനുകളായിരുന്നു എവിടെയും. അവര്‍ ജീവിച്ചിരുന്ന സ്ഥലം മുസ്ലീം പട്ടാളത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പട്ടാളക്കാര്‍ അടിയന്തിര വൈദ്യസഹായത്തിനും മരുന്നുകള്‍ക്കുമായി സിസ്റ്ററിന്റെ ഡിസ്പന്‍സറിയെയാണ് ആശ്രയിച്ചിരുന്നത്. അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നതിനാല്‍ അവര്‍ കുറച്ച് സ്വാതന്ത്ര്യം നല്‍കിയിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും മറ്റു സഹായങ്ങള്‍ നല്‍കാനും അനുവാദം ഉണ്ടായിരുന്നു. ഓരോ ഏഴു ദിവസത്തേക്കുമായിരുന്നു പെര്‍മിറ്റ് ലഭിച്ചിരുന്നത്.
സൗത്ത് സുഡാന്‍ രൂപീകൃതമായപ്പോള്‍ ഇപ്പോഴത്തെ പ്രവര്‍ത്തനകേന്ദ്രമായ അലല്‍ചോക്കില്‍ എത്ര സ്ഥലങ്ങള്‍ വേണമെങ്കിലും എടുക്കാമെന്നായിരുന്നു ഗവണ്‍മെന്റിന്റെ വാഗ്ദാനം. അതു വനപ്രദേശമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവിടം ഏറെ പുരോഗമിച്ചിരിക്കുന്നു. ആശുപത്രി, നഴ്‌സിംഗ് കോളജ്, വീടുകള്‍, ഗേള്‍സ് ഹോസ്റ്റല്‍, പ്രൈമറി സ്‌കൂള്‍, സെക്കന്ററി സ്‌കൂള്‍… തുടങ്ങി വികസനത്തിന്റെ പാതയിലാണ് ആ ദേശം. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സന്യാസ സമൂഹങ്ങളുടെ സഹകരണവും ലഭിക്കുന്നുണ്ട്. യുദ്ധമില്ലെങ്കില്‍ ഈ പ്രദേശം വളരെ വേഗം വളരുമെന്നാണ് സിസ്റ്റര്‍ ഗ്രേസി പറയുന്നത്. ഇപ്പോള്‍ ചുറ്റുപാടും വീടുകള്‍ വന്നുതുടങ്ങിയിരിക്കുന്നു. കടുത്ത വിഷപാമ്പുകള്‍ ഉള്ള പ്രദേശമാണിത്. എങ്കിലും ദൈവപരിപാലനയില്‍ ആശ്രയിച്ച് അവര്‍ മുമ്പോട്ടുപോകുന്നു.
ഉച്ചഭക്ഷണം 35,000 വിദ്യാര്‍ത്ഥികള്‍ക്ക്
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി സിസ്റ്റര്‍ ഗ്രേസി അടിച്ചിറയില്‍ സലേഷ്യന്‍ സഭയില്‍നിന്നും എക്‌സപ്ഷന്‍ വാങ്ങി മേരി ഹെല്‍പ് അസോസിയേഷന്‍ സ്ഥാപിച്ചു. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി എന്നീ തലങ്ങളിലുള്ള 20 സ്‌കൂളുകള്‍ മേരി ഹെല്‍പ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ 35,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു. അടുത്ത വര്‍ഷം മുതല്‍ 70,000 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉച്ചഭക്ഷണം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. വാവില്‍ മാത്രമല്ല മറ്റ് വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സ്‌കൂളുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.
വേനല്‍ക്കാലത്ത് വെള്ളത്തിന് വലിയ ക്ഷാമം അനുഭവപ്പെടുന്ന രാജ്യമാണ് സുഡാന്‍. വളരെ കുറച്ച് വെള്ളം ഉപയോഗിച്ചാണ് ഇവര്‍ ജീവിക്കുന്നത്. രണ്ടു മണിക്കൂര്‍ നടന്നാണ് പലരും വീടുകളിലേക്ക് വെള്ളം കൊണ്ടുവരുന്നത്. ഗ്രാമങ്ങളിലേക്ക് പോകുമ്പോള്‍ പ്ലാസ്റ്റിക് ക്യാനുകളില്‍ വെള്ളം കൊണ്ടുപോകും. എന്‍ജിഒകളുടെ സാമ്പത്തിക സഹായത്തോടെ കുഴല്‍ക്കിണറുകള്‍ കുത്തി ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങളിലും സിസ്റ്റര്‍ സജീവമായി ഇടപെടുന്നുണ്ട്. ടൗണുകളില്‍ മാത്രമാണ് മൊബൈലിന് റെയിഞ്ചുള്ളത്. ഗ്രാമങ്ങളിലേക്ക് പോകുമ്പോള്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി സാറ്റ്‌ലൈറ്റ് ഫോണുകള്‍ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട അതിഥികള്‍ എത്തുന്നതുപോലെയാണ് ഗ്രാമവാസികള്‍ മിഷനറിമാരെ സ്വീകരിക്കുന്നത്.
ക്രിസ്മസ് 25 മുതല്‍ 31 വരെ
വലിയ വൃക്ഷങ്ങളുടെ തണലില്‍ ഒരുമിച്ചുകൂടുന്ന ഇടങ്ങളാണ് ഇവിടുത്തെ ദൈവാലയങ്ങള്‍. രണ്ട് പലകകള്‍ അടിച്ച് ഉണ്ടാക്കുന്ന ബഞ്ചുകള്‍ ഉണ്ടെങ്കില്‍ അതുപോലും ഇവരുടെ ദൃഷ്ടിയില്‍ വലിയ സൗകര്യങ്ങളാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയായിരിക്കും വൈദികര്‍ക്ക് ഓടിയെത്താന്‍ കഴിയുക. മരത്തിന്റെ ചുവട്ടില്‍നിന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈദികര്‍ വല്ലപ്പോഴുമാണ് വരുന്നതെങ്കിലും എല്ലാ ഞായറാഴ്ചകളിലും പാട്ടും പ്രാര്‍ത്ഥനകളുമായി ജനങ്ങള്‍ ഒരുമിച്ചുകൂടും.
സൗത്ത് സുഡാനിലെ ക്രിസ്മസ് ഡിസംബര്‍ 25 മുതല്‍ 31 വരെ എന്നുമാകാം. ഏതു ദിവസം വൈദികന്‍ വരുന്നുവോ അന്നാണ് അവരുടെ ക്രിസ്മസ്. വൈദികര്‍ എത്തിയില്ലെങ്കില്‍ ആളുകള്‍ ഒന്നിച്ചുകൂടി ഒരു കാളയെ കൊന്ന് ക്രിസ്മസ് ആഘോഷിക്കും. കൂദാശകളൊന്നും സ്വീകരിക്കുവാന്‍ അവസരം ലഭിക്കാത്തവരാണ് ഇവിടെയുള്ള അനേകര്‍. എങ്കിലും മാതാപിതാക്കളില്‍നിന്നും ലഭിച്ച വിശ്വാസത്തില്‍ അടിയുറച്ചുനില്ക്കുന്നു. കുരിശുവരയ്ക്കാനോ മറ്റു പ്രാര്‍ത്ഥനകളോ അറിയില്ല. ഈശോയേയും മാതാവിനെയും സ്വര്‍ഗസ്ഥനായ പിതാവിനെയും അവര്‍ക്കറിയാം. പിതാവിന് അവരെയും അറിയുമെന്ന് തീര്‍ച്ച.
Leave a Comment
Your email address will not be published. Required fields are marked with *