വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം പരിശുദ്ധ മാതാവിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ആഘോഷിച്ച ജനുവരി ഒന്നിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് 2025 ജൂബിലി വര്‍ഷം പരിശുദ്ധ മറിയത്തിന് പാപ്പ ഭരമേല്‍പ്പിച്ചത്. ക്രിസ്മസ് രാവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതോടെയാണ് ജൂബിലി വര്‍ഷത്തിന് തുടക്കമായത്. ഡിസംബര്‍ 29 ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് പ്രാദേശികമായ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു.
റോമിലെ ഏറ്റവും വലിയ ജയിലായ റെബിബിയില്‍ തടവുകാരും ജയില്‍ ഗാര്‍ഡുകളും ഒരുമിച്ച് ‘സൈലന്റ് നൈറ്റ്’ പാടി പരസ്പരം സമാധാനം ആശംസിച്ചപ്പോള്‍ ഒരു പുതുചരിത്രം പിറക്കുകയായിരുന്നു. റെബിബിയ ജയില്‍ കോംപ്ലക്സില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു ഈ അപൂര്‍വമായ കാഴ്ച. ചരിത്രത്തിലാദ്യമായി ജയിലില്‍ മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറന്നു.
ജയില്‍ ചാപ്പലിന്റെ വെങ്കല വിശുദ്ധ വാതിലില്‍ ആറ് തവണ മുട്ടിക്കൊണ്ടാണ് പാപ്പ ജയിലിലെ വിശുദ്ധ വാതില്‍ തുറന്നത്. മറുവശത്ത് ജയിലധികാരികളും തടവുകാരുമടങ്ങുന്ന സംഘം പാപ്പയെ സ്വീകരിച്ചു. റോമിലെ നാല് പ്രധാന ബസിലിക്കകളില്‍ തുറന്നിരിക്കുന്ന വിശുദ്ധ വാതിലുകളെല്ലാം റോം സന്ദര്‍ശിക്കുന്ന ജൂബിലി തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാമെങ്കിലും ജയിലില്‍ തുറന്നിരിക്കുന്ന ഈ അഞ്ചാമത്തെ വിശുദ്ധ വാതിലില്‍ക്കൂടെ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.
പ്രതീക്ഷ നഷ്ടപ്പെടരുതെന്നും പ്രതീക്ഷയുടെ നങ്കൂരം മുറുകെ പിടിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. കുര്‍ബാനയുടെ അവസാനത്തില്‍, സന്നിഹിതരായിരുന്ന എല്ലാ തടവുകാരെയും പാപ്പ വ്യക്തിപരമായി അഭിവാദ്യം ചെയ്തു. റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, റോമിന്റെ പുറത്തുള്ള സെന്റ് പോള്‍ എന്നീ ദൈവാലയങ്ങളിലും വിശുദ്ധ വാതിലുകള്‍ തുറന്നു. 2026-ലെ പ്രത്യക്ഷീകരണ തിരുനാള്‍ (ജനുവരി 6) ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടയ്ക്കുന്നതോടെയാണ് ജൂബിലി സമാപിക്കുന്നത്. പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ജൂബിലിയുടെ പ്രമേയം.
കേരളത്തിലെ രൂപതകളിലും ജൂബിലി വര്‍ഷം ആരംഭിച്ചു. അതിന്റെ ഭാഗമായി രൂപതാധ്യക്ഷന്മാര്‍ പ്രഖ്യാപിച്ച ദൈവാലയങ്ങള്‍ സന്ദര്‍ശിച്ച് ദണ്ഡവിമോചനം നേടാനും അവസരമൊരുക്കിയിട്ടുണ്ട്.
ജൂബിലി വര്‍ഷത്തിലെ ദണ്ഡവിമോചനങ്ങള്‍
ഈ ജൂബിലിവര്‍ഷത്തില്‍ റോമിലെ നാല് പ്രധാന ബസിലിക്കകളിലേക്കോ പ്രാദേശികമായി ഒരോ രൂപത മെത്രാനും തീരുമാനിക്കുന്ന നിര്‍ദിഷ്ട ദൈവാലയങ്ങളിലേക്കോ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം. കൂടാതെ, തടവുകാരെ സന്ദര്‍ശിക്കുകപോലുള്ള കരുണയുടെ പ്രവൃത്തികള്‍വഴിയും ഉപവാസം, സോഷ്യല്‍ മീഡിയ ഉപവാസം തുടങ്ങിയ പരിഹാരപ്രവൃത്തികള്‍വഴിയും ജൂബിലിവര്‍ഷത്തില്‍ ദണ്ഡവിമോചനം നേടാം. ദിവസത്തില്‍ രണ്ട് തവണ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ അവസരമുണ്ടായാല്‍ മറ്റ് വ്യവസ്ഥകളുംകൂടി നിറവേറ്റിക്കൊണ്ട് ഒരു ദിവസംതന്നെ രണ്ട് ദണ്ഡവിമോചനങ്ങള്‍ നേടാമെന്ന പ്രത്യേകതയും ഈ ജൂബിലിക്ക് ഉണ്ട്. ഇത്തരത്തില്‍ നേടുന്ന രണ്ടാമത്തെ ദണ്ഡവിമോചനം ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി നേടാവുന്ന ദണ്ഡവിമോചനമാണ്. കുമ്പസാരത്തിലൂടെ ലഘുപാപങ്ങളില്‍ നിന്നുപോലും വേര്‍പെട്ട അവസ്ഥ, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ എല്ലാ ദണ്ഡവിമോചനങ്ങള്‍ക്കും വേണ്ട അടിസ്ഥാന ഘടകങ്ങളാണ്.
Leave a Comment
Your email address will not be published. Required fields are marked with *